2012-02-17 15:53:54

രാജ്യത്തിന്‍റെ അഭിവൃദ്ധിക്ക് വൈദികരുടെ സേവനം


17 ഫെബ്രുവരി 2012, മുംബൈ
രാജ്യത്തിന്‍റെ അഭിവൃദ്ധിക്കു മികച്ച സംഭാവനകള്‍ നല്‍കാന്‍ വൈദികരുടെ കൂട്ടായ പരിശ്രമങ്ങള്‍ക്കു സാധിക്കുമെന്ന് ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്. ഭാരതത്തിലെ കത്തോലിക്കാ വൈദികരുടെ പത്താമത് ദേശീയ സമ്മേളനത്തെ മുംബൈയില്‍ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന സാമ്പത്തീക അസമത്വത്തിലേക്കു വൈദികരുടെ ശ്രദ്ധ ക്ഷണിച്ച കര്‍ദ്ദിനാള്‍ ധനികരെയും ദരിദ്രരേയും ഒരു കുടക്കീഴില്‍ കൊണ്ടുവരാന്‍ അവര്‍ പരിശ്രമിക്കണമെന്ന് ഉത്ബോധിപ്പിച്ചു. ദരിദ്രരുടെ ഉന്നമനത്തിന് സഭ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യം അഭിമുഖീകരിക്കുന്ന ആക്രമണങ്ങളിലും സംഘര്‍ഷങ്ങളിലും സഭയുടെ ഉത്കണ്ഠ പ്രകടമാക്കിയ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ്, നീതിയും സമാധാനവും സമത്വവും വിളയാടുന്ന ദൈവരാജ്യത്തിന്‍റെ സ്ഥാപനത്തിനുവേണ്ടി കഠിനാദ്ധ്വാനം ചെയ്യാന്‍ വൈദികരെ ക്ഷണിച്ചു. വൈദികരുടെ കൂട്ടായ പരിശ്രമവും പരസ്പര സഹായവും ഈ ദൗത്യനിര്‍വ്വാഹണത്തിനാവശ്യമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഫെബ്രുവരി പതിനാലാം തിയതി ആരംഭിച്ച സമ്മേളനം പതിനാറാം തിയതി വ്യാഴാഴ്ച സമാപിച്ചു.








All the contents on this site are copyrighted ©.