2012-02-17 15:52:54

തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം: ഹോണ്ടുറാസിലെ മെത്രാന്‍


17 ഫെബ്രുവരി 2012, ഹോണ്ടുറാസ്
ലാറ്റിനമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിലെ ജയിലില്‍ ഉണ്ടായ അഗ്നിബാധയില്‍ 360 പേരോളം മരണമടഞ്ഞ സംഭവത്തില്‍ ഹോണ്ടുറാസിലെ ബിഷപ്പ് റോബേര്‍ത്തോ കമിലിയേരി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരെ സഹായിക്കാന്‍ കത്തോലിക്കര്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് ജയില്‍ദുരന്തമുണ്ടായ പ്രദേശം ഉള്‍പ്പെടുന്ന കൊമയാഗ്വാ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് റോബേര്‍ത്തോ കമിലിയേരി ആഹ്വാനം ചെയ്തു. മൂന്നാം തവണയാണ് ഹോണ്ടുറാസില്‍ ജയിലില്‍ അഗ്നിബാധയുണ്ടാകുന്നത്. രാജ്യത്തെ ജയിലുകളില്‍ തടവുകാര്‍ തിങ്ങിനിറഞ്ഞ സ്ഥിതിയാണെന്നും ജയിലുകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ അപര്യാപ്തമാണെന്നും ബിഷപ്പ് കമലിയേരി കുറ്റപ്പെടുത്തി. ദുരന്തങ്ങള്‍ ഒഴിവാക്കുന്നതിനും തടവുകാരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും സത്വര നടപടികള്‍ സ്വീകരിക്കാന്‍ ഭരണാധികാരികള്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അഞ്ഞൂറോളം പേര്‍ക്കുവേണ്ടി നിര്‍മ്മിച്ച ജയിലില്‍ അഗ്നിബാധയുണ്ടാകുമ്പോള്‍ 852 തടവുകാരുണ്ടായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.

ദുരന്തത്തില്‍ ഹോണ്ടുറാസിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ചുബിഷപ്പ് ലൂയിജി ബിയാങ്കോയും അഗാധദുഃഖം രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും വേദനയില്‍ പങ്കുചേരുന്ന കത്തോലിക്കാ സഭാംഗങ്ങള്‍ അവരോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയാണെന്ന് വത്തിക്കാന്‍ റേഡിയോയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ദുരന്തബാധിതര്‍ക്ക് ദുരിതാശ്വാസ സഹായമെത്തിക്കുന്ന അന്താരാഷ്ട്ര സംഘടനകള്‍ക്ക് അദ്ദേഹം കൃതജ്ഞത രേഖപ്പെടുത്തി.

സംഭവത്തെക്കുറിച്ച് അന്താരാഷ്ട്ര നിരീക്ഷണത്തില്‍ വ്യക്തവും സുതാര്യമായ അന്വേഷണം നടത്തുമെന്ന് ഹോണ്ടുറാസ് പ്രസിഡന്‍റ് പോര്‍ഫിറിയോ ലോബോ പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.