2012-02-17 10:21:03

ഇംഗ്ലണ്ടിന്‍റെ പ്രതിനിധികള്‍
വത്തിക്കാനില്‍


16 ഫെബ്രുവരി 2012, വത്തിക്കാന്‍
മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുവേണം സുസ്ഥിര വികസനത്തിനായി പരിശ്രമിക്കുവാനെന്ന് വത്തിക്കാന്‍റേയും ഇംഗ്ലണ്ടിന്‍റേയും സംയുക്ത പ്രസ്താവന പ്രഖ്യാപിച്ചു.
ഇംഗ്ലണ്ടില്‍നിന്നും വത്തിക്കാനിലെത്തിയ ഭരണകൂടത്തിന്‍റെ പ്രതിനിധിസംഘം വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ കാര്യദര്‍ശികളുമായി ചേര്‍ന്ന് ഫെബ്രുവരി 15-ാം തിയതി ബുധനാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് മതസ്വാതന്ത്ര്യവും മനുഷ്യാന്തസ്സും മാനവവികസനത്തിന് അനിവാര്യമാണെന്ന് പ്രഖ്യാപിച്ചത്.
ഇംഗ്ലണ്ടിലെ ഭരണകൂടത്തെ പ്രതിനിധീകരിച്ച് ക്യാബിനറ്റ് മന്ത്രി, ബാരൊണെസ്സ് വാഴ്സിയും, വത്തിക്കാന്‍റെ സംസ്ഥാന സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസിയോ ബര്‍ത്തോണെയും ഒപ്പുവച്ച സംയുക്ത പ്രസ്താവന, മാനവകുലത്തിന്‍റെ സമഗ്രവും സുസ്ഥിരവുമായ വകസനത്തിന് മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള വികസന പദ്ധതികളില്‍ ഇരുരാഷ്ട്രങ്ങളും സഹകരിക്കുകയും നേതൃത്വംനല്കുകയും ചെയ്യണമെന്നും വെളിപ്പെടുത്തി. നിരായുധീകരണം, അഴിമതിനിവാരണം ജീവന്‍റെ പരിരക്ഷ, രാഷ്ട്രങ്ങളിലെ അഭ്യന്തരകലാപങ്ങളുടെ നിയന്ത്രണം എന്നീ മേഖലകളിലേയ്ക്ക് അന്തര്‍ദേശിയ ശ്രദ്ധ തിരിച്ചുകൊണ്ട്, നന്മയുടെ ലോകം വളര്‍ത്താന്‍ ഐക്യരാഷ്ട്ര സംഘടനയോടു സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും പ്രസ്താവന വ്യക്തമാക്കി.

വടക്കെ അയര്‍ലണ്ടിന്‍റെ അനുരഞ്ജനം, വടക്കെ ആഫ്രിക്കയുടെയും മദ്ധ്യപൂര്‍വ്വദേശത്തിലെയും ജനങ്ങളുടെ സമാധാനത്തിനായുള്ള മാര്‍ഗ്ഗങ്ങള്‍, സൊമാലിയായിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, മാനവകൂട്ടായ്മയുടെ പ്രതീകമായി ആസന്നമാകുന്ന ലണ്ടണ്‍ ഒളിംപ്കിസ് കളികള്‍ എന്നിവയും പ്രസ്താവന പ്രതിപാദ്യവിഷയമാക്കി.









All the contents on this site are copyrighted ©.