2012-02-16 20:33:14

ക്രിസ്തുവിലുള്ള രൂപാന്തരീകരണം
നവീകരണമാണെന്ന് മാര്‍പാപ്പ


16 ഫെബ്രുവരി 2012, റോം
ദൈവഹിതം തിരിച്ചറിയാന്‍ ‘നല്ലതും പ്രീതിജനകവും പരിപൂര്‍ണ്ണമായതും വിവേചിച്ചറിയണമെന്ന്’ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ റോമിലെ വൈദികാര്‍ത്ഥികളെ ഉദ്ബോധിപ്പിച്ചു. ഫെബ്രുവരി 15-ാം തിയതി ബുധനാഴ്ച വൈകുന്നേരം, വിശ്വാസ നാഥയുടെ തിരുനാള്‍ ദിനത്തില്‍ റോമാ രൂപതാ സെമിനാരിയിലെ വൈദിക വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടത്തിയ യാമപ്രാര്‍ത്ഥനയിലെ പ്രഭാഷണത്തിലാണ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
വിശുദ്ധ പൗലോസ് അപ്പോസ്തലന്‍ റോമാക്കാര്‍ക്കെഴുതിയ ലേഖനത്തെ അധികരിച്ചു സംസാരിക്കുകയായിരുന്നു മാര്‍പാപ്പ. (റോമാ. 12, 2..).
ക്രൈസ്തവര്‍ ലോകത്തിന് അനുരൂപരാകാതെ, മനസ്സിന്‍റെ നവീകരണവും ക്രിസ്തുവിലുള്ള രൂപാന്തീകരണവുംവഴി പൂര്‍ണ്ണതപ്രാപിക്കേണ്ടവരാണെന്ന് പൗലോസ്ലീഹായുടെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ട് പാപ്പ ഉദ്ബോധിപ്പിച്ചു.

ക്രിസ്തുവിലുള്ള രൂപാന്തരീകരണം നവീകരണമാണെന്നും, അത് സത്യത്തിലേയ്ക്കും യാഥാര്‍ത്ഥ്യത്തിലേയ്ക്കും മനുഷ്യനെ അടുപ്പിക്കുമെന്നും മാര്‍പാപ്പ വൈദിക വിദ്യാര്‍ത്ഥികളോട് ആഹ്വാനംചെയ്തു. ദൈവത്തിന്‍റെ സൃഷ്ടിയായ ലോകവും ലോകത്തിലുള്ളതൊക്കെയും നല്ലതാണ്, അതേ ലോകത്ത് തിന്മ അധിവസിക്കുമ്പോള്‍ ലോകവും തിന്മയായി പരിണമിക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. പണവും മാധ്യമ സംവിധാനങ്ങളും ആധുനിക മനുഷ്യന് ഉപകാരപ്രദമായ നന്മയുടെ ശക്തികളാണെങ്കിലും, അവയില്‍ തിന്മ ആവസിക്കുമ്പോള്‍ നന്മയുടെ ചാലകശക്തിയാകേണ്ടവ തിന്മയുടെ മൂര്‍ത്തീഭാവങ്ങളായി തീരുന്നുവെന്നും, അവ ലോകത്തെ കീഴ്പ്പെടുത്തുകയും മനുഷ്യനെ അടിമപ്പെടുത്തുന്നുവെന്നും മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.