2012-02-15 12:07:13

സൗഖ്യം നല്‍കുന്ന ദൈവം: മാര്‍പാപ്പയുടെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം


ഒരു കുഷ്ഠരോഗിയെ യേശു സ്പര്‍ശിച്ചു സുഖപ്പെടുത്തുന്ന സംഭവം വി. മാര്‍ക്കോസ് സുവിശേഷകന്‍ വിവരിക്കുന്നു. വ്യക്തിയെ അശുദ്ധനാക്കുന്ന ഒരു മാരക രോഗമായിട്ടാണ് കുഷ്ഠരോഗം അക്കാലഘട്ടത്ത് കണക്കാക്കപ്പെട്ടിരുന്നത്. ഈ രോഗം ബാധിക്കുന്നവരെ ഒരു പ്രത്യേക നിയമപ്രകാരം അശുദ്ധനായി പ്രഖ്യാപിച്ചുകൊണ്ട് സമൂഹത്തില്‍ നിന്ന് പുറത്താക്കുന്നതു അന്നു പതിവായിരുന്നു. പുരോഹിതരായിരുന്നു ആ കര്‍ത്തവ്യം നിറവേറ്റിയിരുന്നത്. അതുപോലെ തന്നെ കുഷ്ഠരോഗി സൗഖ്യം പ്രാപിക്കുമ്പോള്‍ അതു സാക്ഷൃപ്പെടുത്തി ആ വ്യക്തിയെ സമൂഹജീവിതത്തിലേക്കു തിരികെ സ്വീകരിക്കുന്നതും പുരോഹിതന്‍റെ കര്‍ത്തവ്യമായിരുന്നു.

യേശു സുവിശേഷ സന്ദേശവുമായി ഗലീലിയായിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കവേ, ഒരു കുഷ്ഠ രോഗി അവന്‍റെ അടുത്തെത്തി അപേക്ഷിച്ചു: “അങ്ങേക്കു മനസ്സുണ്ടെങ്കില്‍ എന്നെ ശുദ്ധനാക്കാന്‍ കഴിയും”. കുഷ്ഠരോഗിയില്‍ നിന്ന് ഒഴിഞ്ഞു മാറാന്‍ യേശു ശ്രമിച്ചില്ലെന്നു മാത്രമല്ല ആ രോഗിയുടെ സഹനത്തില്‍ ആന്തരികമായി പങ്കുചേര്‍ന്നുകൊണ്ട്, അവിടുന്നു കരങ്ങളുയര്‍ത്തി അവനെ സ്പര്‍ശിച്ചു. നിയമത്തിന്‍റെ അതിര്‍ വരമ്പുകള്‍ മറികടന്നുകൊണ്ടാണ് യേശു അപ്രകാരം പ്രവര്‍ത്തിച്ചത്. ആ രോഗിയോട് അവിടുന്ന് പറഞ്ഞു:“എനിക്കു മനസ്സുണ്ട്, നിനക്കു ശുദ്ധിയുണ്ടാകട്ടെ...” രക്ഷാകരചരിത്രം മുഴുവന്‍റെയും സംക്ഷിപ്തമാണ് യേശുവിന്‍റെ ഈ വാക്കുകളും പ്രവര്‍ത്തിയും. നമ്മെ വിരൂപരാക്കുകയും നമ്മുടെ ബന്ധങ്ങള്‍ നശിപ്പിക്കുകയും ചെയ്യുന്ന തിന്മയില്‍ നിന്നും നമ്മെ രക്ഷിച്ച് സൗഖ്യപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു.

യേശുവിന്‍റെ കരങ്ങള്‍ കുഷ്ഠരോഗിയെ സ്പര്‍ശിക്കുമ്പോള്‍ അശുദ്ധനായ മനുഷ്യനും സംശുദ്ധനായ ദൈവവും തമ്മിലുള്ള അതിര്‍വരമ്പുകള്‍ തകര്‍ക്കപ്പെടുകയാണ്. തിന്മയുടെ ശക്തികള്‍ ഇല്ലെന്നോ അവ ശക്തമല്ലെന്നോ ഇവിടെ അര്‍ത്ഥമാക്കപ്പെടുന്നില്ല. മറിച്ച് ഏറ്റവും ഭീകരമായ പൈശാചിക ശക്തിക്കു പോലും അതീതമാണ് ദൈവികശക്തിയെന്നു വ്യക്തമാക്കപ്പെടുകയാണ്. നമ്മുടെ രോഗങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ക്രിസ്തു നമ്മെ സൗഖ്യപ്പെടുത്തുന്നു.

ഈ സുവിശേഷഭാഗത്തിന്‍റെ ഒരു സജീവസാക്ഷൃം വിശുദ്ധ ഫ്രാന്‍സീസ്സ് അസ്സീസിയുടെ ജീവിതത്തില്‍ പ്രകടമാണ്. അദ്ദേഹം സ്വാനുഭവം ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: “സഹോദരന്‍ ഫ്രാന്‍സീസ്സ് പ്രായശ്ചിത്ത പ്രവര്‍ത്തികള്‍ ചെയ്യാനാരംഭിച്ചത് ഇപ്രകാരമാണ്. ഞാന്‍ പാപത്തില്‍ ജീവിച്ചിരുന്ന കാലത്ത് കുഷ്ഠരോഗികളെ സ്നേഹിക്കുന്നത് അസാധ്യമാണെന്നു കരുതി. എന്നാല്‍ എന്‍റെ കര്‍ത്താവ് അവരുടെ പക്കലേക്ക് എന്നെ നയിക്കുകയും അവരോടു എനിക്ക് ദയതോന്നുകയും ചെയ്തു. മുന്‍പ് കയ്പേറിയതായി തോന്നിയ കാര്യം ശരീരത്തിനും ആത്മാവിനും മാധുര്യമേകുന്ന അനുഭവമായി മാറുന്നതു ഞാനറിഞ്ഞു”.
പാപത്തില്‍ ജീവിച്ചിരുന്ന കാലത്ത് കുഷ്ഠരോഗികകളെ അവജ്ഞയോടും വെറുപ്പോടുമാണ് വി. ഫ്രാന്‍സ്സീസ് ദര്‍ശിച്ചിരുന്നത്. എന്നാല്‍ അഹങ്കാരമാകുന്ന കുഷ്ഠ രോഗത്തില്‍ നിന്ന് ദൈവസ്നേഹത്തിലേക്കു യേശു അദ്ദേഹത്തെ മാനസാന്തരപ്പെടുത്തി. ക്രിസ്തുവിന്‍റെ വിജയമാണ് നമ്മുടെ പുനരുത്ഥാനവും നവജീവനും .

ലൂര്‍ദു നാഥയുടെ തിരുന്നാള്‍ ദിനം ഫെബ്രുവരി പതിനൊന്നാം തിയതി നാം ആഘോഷിച്ചു. ലൂര്‍ദ്ദില്‍ ബെര്‍ണഡീത്ത എന്ന പെണ്‍കുട്ടിക്ക് പ്രത്യക്ഷയായ പരിശുദ്ധ മറിയം പ്രാര്‍ത്ഥിക്കാനും പ്രായശ്ചിത്തം ചെയ്യാനും നടത്തിയ ക്ഷണത്തിലേക്കു നാമേവരും എന്നും ക്ഷണിക്കപ്പെട്ടിരിക്കുന്നു. പരിശുദ്ധ കന്യകാമറിയത്തിലൂടെ നമ്മെ സമീപിക്കുന്ന യേശു ശരീരത്തിന്‍റേയും ആത്മാവിന്‍റേയും രോഗങ്ങളില്‍ നിന്നും നമുക്കു സൗഖ്യം പ്രദാനം ചെയ്യുന്നു. യേശുവിന്‍റെ സ്പര്‍ശനത്താല്‍ സൗഖ്യം പ്രാപിച്ചുകൊണ്ട് സഹജരോട് കാരുണ്യവായ്പ്പോടെ പെരുമാറാന്‍ അങ്ങനെ നമുക്കും സാധിക്കട്ടെ.....
(ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ ഫെബ്രുവരി പന്ത്രണ്ടാം തിയതി ഞായറാഴ്ച നല്‍കിയ ത്രികാല പ്രാര്‍ത്ഥനാ സന്ദേശം)








All the contents on this site are copyrighted ©.