2012-02-11 19:27:21

സുവിശേഷപരിചിന്തനം
12 ഫെബ്രുവരി 2012
സീറോ മലബാര്‍ റീത്ത്


വിശുദ്ധ യോഹന്നാന്‍ 3, 22-36.
അവന്‍ വലുതാവണം, ഞാന്‍ ചെറുതാവണം.
RealAudioMP3
ഒരാള്‍ ചൂണ്ടയിടുകയായിരുന്നു. കാത്തിരിപ്പിന്‍റെ വിരസത ഒഴിവാക്കാന്‍ തൊട്ടു മുന്നിലെ കല്‍ക്കൂമ്പാരത്തില്‍നിന്ന് ഓരോ കല്ലെടുത്ത് അലക്ഷൃമായ പുഴയിലേയ്ക്ക് എറിഞ്ഞുകൊണ്ടേയിരുന്നു. പുലരിവെട്ടത്തിലാണ് ആ മനുഷ്യന്‍ തിരിച്ചറിഞ്ഞത്, കൈവെള്ളയിലെ ഒടുവിലത്തെ കല്ലും മുത്തായിരുന്നുവെന്ന്. ആ അറിവില്‍ ഉളര്‍ന്ന നഷ്ടബോധത്തോടെ അയാള്‍ ഉറക്കെ കരഞ്ഞു.
ജീവിതത്തില്‍ അലക്ഷൃമായ എന്തൊക്കെയോ ചെയ്തുകൊണ്ടു മുന്നോട്ടു പോവുകയും എന്നാല്‍ മുത്തുകള്‍ നഷ്ടമാവുകയും ചെയ്ത മനുഷ്യന്‍റെ കഥ ചരിത്രത്തില്‍ ആവര്‍ത്തിക്കപ്പെട്ടുകൊണ്ടേ ഇരിക്കുകയാണ്.

രക്ഷാകരചരിത്രത്തില്‍ ക്രിസ്തുവിനെ സ്വര്‍ഗ്ഗീയ മണിമുത്തായി തിരിച്ചറിഞ്ഞ യോഹന്നാന്‍റെ അവബോധവും അറിവും അനുകരണീയമാണ്. ആ അറിവിലും അവബോധത്തിലുമായിരിക്കണം അയാള്‍ തപസ്സുചെയ്തിരുന്ന മരുപ്രദേശത്തുനിന്നുതന്നെ രക്ഷകന്‍റെ സാന്നിദ്ധ്യം വിളിച്ചറിയിച്ചത്.
നസ്രത്തിലെ തന്‍റെ കൊച്ചുകുടിലില്‍, യേശു ആശാരിപ്പണി ചെയ്തുകൊണ്ട്, മൗനമായി ജീവിച്ച നാളുകളില്‍, യൂദയായിലെ മരുപ്രദേശത്തുനിന്നും യോര്‍ദ്ദാന്‍ തീരങ്ങളിലേയ്ക്ക് യോഹന്നാന്‍റെ കാര്‍ക്കശ്യത്തിന്‍റെ പ്രവാചക ശബ്ദം മാറ്റൊലിക്കൊണ്ടു,

ഇതാ വൃക്ഷങ്ങളുടെ കടയ്ക്കല്‍ കോടാലി വയ്ക്കപ്പെട്ടിരിക്കുന്നു.
ഫലം നല്കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി, തീയില്‍ എറിയപ്പെടും. മത്തായി 3, 10.

ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍. നിങ്ങള്‍ അവനെ അനുഗമിക്കുവിന്‍. യോഹന്നാന്‍ 1, 29.

അവന്‍ വലുതാവണം, ഞാന്‍ ചെറുതാവണം. യോഹന്നാന്‍ 3, 36.

ലോകത്ത് ഒരു ഗുരുവും ഒരിക്കലും ചെയ്യാത്തതുപോലെ, യോഹന്നാന്‍ തന്‍റെ ശിഷ്യന്മാരെ ലോകരക്ഷകനായ ക്രിസ്തുവിന്‍റെ, ദൈവിക കുഞ്ഞാടിന്‍റെ പക്കലേയ്ക്ക് പറഞ്ഞയച്ചു.
യോഹന്നാന്‍ രക്ഷാകര ചരിത്രത്തില്‍ ഒരു കിളിക്കൂടുപോലെയായിരുന്നു. ക്രിസ്തുവാകുന്ന ആകാശത്തിന്‍റെ അനന്ത വിശാലതയിലേയ്ക്ക് തന്‍റെ ഹൃദയവാതിലുകള്‍ തുറന്നുവച്ചിട്ട്, അയാല്‍ എല്ലാവരോടും ഉറക്കെപ്പറഞ്ഞു. നിങ്ങളുടെ ചിറകുകള്‍ക്ക് ദൃഢതയുണ്ടാകുവോളം ഞാന്‍ സംരക്ഷിച്ചു. എന്‍റെ ധര്‍മ്മം ഇതാ പൂര്‍ത്തിയാകുന്നു. ഇനി നിങ്ങള്‍ ആകാശത്തേയ്ക്ക് പറക്കുക. പറന്നുയരുക.

തനിക്കു സ്വന്തമായതിനെ ഭൂമിയില്‍ ആരെങ്കിലും ഇത്ര നിസ്സംഗതയോടെ കൈമാറുമോ. തന്‍റെതന്നെ ശരിയായ കര്‍മ്മബോധങ്ങള്‍ തിരിച്ചറിഞ്ഞതുകൊണ്ടായിരിക്കാം സ്നാപകന്‍ അപ്രകാരം ചെയ്തത്. തന്‍റെ ദൗത്യവും ലക്ഷൃവും സ്പഷ്ടമായി മനസ്സിലാക്കിക്കൊണ്ടും, ക്രിസ്തുവിനെ തിരിച്ചറിഞ്ഞും അംഗീകരിച്ചുമാണ് യോഹന്നാന്‍ പറഞ്ഞത്, ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍. നിങ്ങള്‍ അവനെ അനുഗമിക്കുവിന്‍. യോഹന്നാന്‍ 1, 29.

ഇന്നത്തെ സുവിശേഷ ഭാഗം സ്നാപക യോഹന്നാന്‍റെ വ്യക്തിത്വത്തിന്‍റെ സുതാര്യതയും, ഒപ്പം മഹാത്മ്യവും വെളിപ്പെടുത്തുന്നു. എല്ലാ സുവിശേഷങ്ങളും അത് ഏറ്റു പറയുന്നുണ്ട്.

യോഹന്നാന്‍ 3, 27
സ്വര്‍ഗ്ഗത്തില്‍നിന്നും നല്കപ്പെടാതെ ആര്‍ക്കും ഒന്നും സ്വീകരിക്കാനാവില്ല.
ഞാന്‍ മിശിഹായല്ല, എലിയാസല്ല, പ്രവാചകനുമല്ല. എന്‍റെ പിന്നാലെ വരുന്നവന്‍റെ ചെറുപ്പിന്‍റെ വാറ് ആഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല. ഞാന്‍ മണവാളന്‍റെ സ്നേഹിതന്‍ മാത്രമാണ്. അവനുവേണ്ടി എല്ലാം ഒരുക്കുന്നവന്‍. മണവാളനുവേണ്ടി എല്ലാം ചെയ്തതില്‍ ഞാന്‍ അതീവ സംതൃപ്തനാണ്. എന്‍റെ സന്തോഷം പൂര്‍ണ്ണമായിരിക്കുന്നു. അവന്‍ വലുതാവുകയും, ഞാന്‍ ചെറുതാവുകയും വേണം.

യഹൂദാചാരത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഹന്നാന്‍ ‘മണവാളന്‍’ പ്രയോഗം നടത്തുന്നത്. ഹെബ്രായ വിവാഹത്തില്‍ മണവാളന്‍റെ സ്നേഹിതന് വളരെ പ്രത്യേക സ്ഥാനമുണ്ട്. അയാളാണ് വിവാഹത്തിനായുള്ള ഒരുക്കങ്ങള്‍ എല്ലാം ചെയ്യുന്നത്. അവസാനം മണവറപോലും ഒരുക്കി, അയാള്‍ മണവാളനും മണവാട്ടിക്കുമായി കാത്തിരിക്കുന്നു. മണവാട്ടിയുടെ വീട്ടില്‍പോയി മണവാളന്‍ അവളെയുംകൂട്ടി വരുന്ന രാത്രിയുടെ നീണ്ട യാമങ്ങളിലും അയാള്‍ കാത്തിരിക്കും. നാലായിരം വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനുശേഷം, ഇതാ മണവാളന്‍, നിത്യമണവാളനായ ക്രിസ്തു, രക്ഷകന്‍ ആഗതനായിരിക്കുന്നു... എന്നാണ് മണവാളന്‍റെ സ്നേഹിതനായ സ്നാപകയോഹന്നാന്‍ സമര്‍ത്ഥിക്കുന്നത്.

അഹന്തയുടെ ലോകത്താണ് നാം ജീവിക്കുന്നത്. ആരെയും തട്ടി മാറ്റി,
തള്ളി നീക്കി, ഞാന്‍ ഞാന്‍; ഞാനാണ് വലിയവന്‍ എന്ന ഇന്നത്തെ ലോകഗതിയില്‍നിന്നും യോഹന്നാന്‍ വ്യത്യസ്തമായൊരു ഫിലോസഫി നൂറ്റാണ്ടു മുന്നേ നമുക്ക് പറഞ്ഞു തന്നിട്ടുണ്ട്. അത് നമ്മുടെ ജീവിത വിജയത്തിനുതകുന്ന വലിയ തത്വശാസ്ത്രമാണ്. സ്വയം അംഗീകരിക്കുക.
. സ്വയം അംഗീകരിച്ച് വളരുക എന്നത്.

സ്വയം അംഗീകരിച്ച യോഹന്നാനാണ് ആകാശമായ ക്രിസ്തുവിന്‍റെ അനന്തവിഹായസ്സിലേയ്ക്ക് ഏവരെയും എത്തിക്കുവാന്‍ സാധിച്ചത്.
നെതീ, നെതീ.. എന്ന അടിസ്ഥാന ഭാരതീയ ദര്‍ശനവും ഇതുതന്നെയാണല്ലോ. ഞാന്‍ ഇതല്ല, ഇതല്ല, ഞാന്‍ രക്ഷകനല്ല, ഏലിയാസല്ല, പ്രവാചകനുമല്ല.
എന്‍റെ പിന്നാലെ വരുന്നവന്‍റെ വഴിയൊരുക്കുന്നവന്‍, അവന്‍റെ വരവിനെക്കുറിച്ച് വിളിച്ചു പറയുന്നവന്‍, അവനെ കാണിച്ചു കൊടുക്കുന്നവന്‍, അവനിലേയ്ക്ക് ഏവരേയും അടുപ്പിക്കുന്നവന്‍.
ഞാനാരല്ല, എന്നു മനസ്സിലാക്കി, സത്യസന്ധമായി ഞാന്‍ ആരാണെന്നും യോഹന്നാന്‍ ഏറ്റുപറയുന്നു. തന്‍റെതന്നെ വ്യക്തിത്വത്തെ തിരിച്ചറിഞ്ഞ യോഹന്നാനാണ് ക്രിസ്തുവിനെ തിരിച്ചറിയാനും അംഗീകരിക്കാനും പ്രഘോഷിക്കാനും സാധിച്ചത്.

സ്വയം അംഗീകരിക്കുന്നവന്‍, അപരനെയും അംഗീകരിക്കും എന്ന അടിസ്ഥാന മനഃശാസ്ത്ര തത്വം ഇവിടെ വെളിപ്പെടുത്തപ്പെടുന്നു. അപരനെ അംഗീകരിക്കാനാണ് വിഷമം, കാരണം ഞാന്‍ ആരേക്കാളും വലിയവനാണ് എന്ന ചിന്ത ശിരസ്സിലേറ്റി നടക്കുന്നവന്, അപരനെയോ അവന്‍റെ കഴിവിനെയോ അംഗീകരിക്കാനാവില്ല. സ്വയം അംഗീകരിക്കുന്നവനാണ് മറ്റുള്ളവരെയും അംഗീകരിക്കുന്നത്, എന്നു മാത്രമല്ല, സ്വയം അംഗീകരിക്കുന്ന മനോഭാവം വ്യക്തി വളര്‍ച്ചയ്ക്കും അടിസ്ഥാനവും അനിവാര്യവുമാണ്. Self acceptance is a necessary step for personal growth എന്ന് മനഃശാസ്ത്രവും സമര്‍ത്ഥിക്കുന്നുണ്ട്.

അഹഃ എന്ന ഭാവം, ഞാന്‍ വലിയവന‍ എന്ന ഭാവം വ്യക്തി വളര്‍ച്ചയ്ക്ക് വിഘാതമാണ്. ഞാന്‍ എന്ന ചിന്തമാറ്റിയ യോഹന്നാന് ക്രിസ്തുവിനെ അംഗീകരിക്കാനും ക്രിസ്തുവിലെയ്ക്ക് ചരിത്രത്തില്‍ ഏവരെയും അടു്പിക്കാനും, ക്രിസ്തുവിനെ പരിചയപ്പെടുത്തി കൊടുക്കുവാനും സാധിച്ചു.
ആ സമയം പ്രധാനപ്പെട്ടതായിരുന്നു. ക്രിസ്തുവിന്‍റെ വ്യക്തിത്വം സംസ്കാരങ്ങളിലേയ്ക്കും ജനതകളിലേയ്ക്കും കടന്നുവന്ന മുഹൂര്‍ത്തമാണത്. Anno Domini, year of the Lord… ക്രിസ്തുവര്‍ഷം, കര്‍ത്താവിന്‍റെ വത്സരം പ്രഖ്യപിക്കപ്പെടുകയാണ്. ക്രിസ്തുവിനെ മുന്‍നിറുത്തി, ചരിത്രത്തെ AD-യെന്നും BC-യെന്നും തരിച്ചത് യോഹന്നാനാണെന്നു പറയാം.


ഗുരുവിനെ കാണാന്‍ ഞാന്‍ പ്രഭാതത്തില്‍ത്തന്നെ കൈക്കുടന്ന നിറയെ പൂക്കളുമായി പുറപ്പെട്ടു. ഗുരു മന്ദഹസിച്ചുകൊണ്ടു പറഞ്ഞു,
ഉപേക്ഷിക്കുക. Drop it.
ഇടതുകൈയ്യില്‍ പൂക്കുല പിടിക്കുന്നത് അശുഭമാണെന്നു കരുതി
ഞാന്‍ ഇടതുകൈയ്യിലെ പൂക്കുല താഴെയിട്ടു.

ഗുരു അപ്പോള്‍ വീണ്ടും, ഉപേക്ഷിക്കുക. Drop it.

ഞാന്‍ വലതു കൈയ്യിലെ പൂക്കുലയും താഴെയിട്ടു.
വീണ്ടും എന്നത്തന്നെ നോക്കിക്കൊണ്ടു ഗുരു പറഞ്ഞു,

ഉപേക്ഷിക്കുക.

അപ്പോള്‍ ശൂന്യമായ കരങ്ങളുയര്‍ത്തി ഞാന്‍ ഗുരുവിനോടു ചോദിച്ചു.
ഇനി എന്തുപേക്ഷിക്കാനാണ്. എന്‍റെ കൈവശം ഒന്നുമില്ലല്ലോ.
ഗുരു വ്യക്തമാക്കി. പൂക്കളല്ല, നിന്‍റെ ആഹഃമാണ്, നിന്‍റെ അഹംബോധത്തെ,
അഹംഭാവത്തെ ഉപേക്ഷിക്കുക.

ഞാന്‍ ചെറുതാവണം, അവന്‍ വലുതാവണം.








All the contents on this site are copyrighted ©.