2012-02-07 16:34:30

“സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും”: അന്താരാഷ്ട്ര പഠനശിബിരത്തിനു തിരിതെളിഞ്ഞു.


07 ഫെബ്രുവരി 2012, വത്തിക്കാന്‍
“സൗഖ്യത്തിലേക്കും നവീകരണത്തിലേക്കും” എന്ന പ്രമേയവുമായി, വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയാനും കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനുമായുള്ള ആഗോള പ്രവര്‍ത്തന പദ്ധതിക്കു രൂപം നല്‍കാന്‍ വേണ്ടിയുള്ള അന്താരാഷ്ട്ര പഠനശിബിരം ഫെബ്രുവരി ആറാം തിയതി തിങ്കളാഴ്ച റോമിലെ ഗ്രിഗോറിയന്‍ സര്‍വ്വകലാശാലയില്‍ ആരംഭിച്ചു. വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിന് കത്തോലിക്കാസഭ സ്വീകരിച്ചിട്ടുള്ള ബഹുതല നടപടികളെക്കുറിച്ച് വ്യക്തമായി മനസിലാക്കാന്‍ പഠനശിബിരം സഹായകമാകുമെന്ന് വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ വില്ലൃം ജോസഫ് ലെവാദ പ്രാരംഭ പ്രഭാഷണത്തില്‍ പ്രസ്താവിച്ചു. ആരോപണ വിധേയരാകുന്ന വൈദികര്‍ക്കെതിരേ സ്വീകരിക്കേണ്ട പെരുമാറ്റച്ചട്ടങ്ങള്‍ ദേശീയ തലത്തില്‍ രൂപീകരിക്കുന്നതിനായി വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം പുറത്തിറക്കിയ വിജ്ഞാപനത്തെക്കുറിച്ച് കര്‍ദ്ദിനാള്‍ ലെവാദ തന്‍റെ പ്രഭാഷണത്തില്‍ വിശദീകരിച്ചു.
കര്‍ദ്ദിനാള്‍ റാറ്റ്സിംങ്ങര്‍ (ഇപ്പോള്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ)
വിശ്വാസകാര്യങ്ങള്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ അദ്ധ്യക്ഷനായി സേവനമനുഷ്ഠിക്കുമ്പോള്‍ വൈദികരുടെ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനായി കര്‍ക്കശമായ പെരുമാറ്റച്ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നടത്തിയ പ്രയത്നങ്ങള്‍ കര്‍ദ്ദിനാള്‍ ലെവാദ പ്രഭാഷണത്തില്‍ അനുസ്മരിച്ചു. മാര്‍പാപ്പയുടെ പ്രയത്നങ്ങള്‍ ആദരിക്കുന്നതിനു പകരം മാധ്യമങ്ങള്‍ പാപ്പായ്ക്കെതിരെ വിമര്‍ശന ശരങ്ങളാണ് ഉതിര്‍ക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വൈദീകരുടെ പീഡനങ്ങള്‍ക്ക് വിധേയരാകുന്നവരെ ശ്രവിക്കാനും അവരുടെ ദുരവസ്ഥയുടെ ഗൗരവം മനസിലാക്കി അവരെ സൗഖ്യത്തിന്‍റെ പാതയിലേക്കു നയിക്കാനും കത്തോലിക്കാ സഭ ആഗ്രഹിക്കുന്നു. പീഡനങ്ങള്‍ തടയുന്നതിനും സഭാ പ്രവര്‍ത്തനങ്ങളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും വേണ്ടി വൈദികരുടേയും അല്‍മായരുടേയും സഹകരണത്തോടെയുള്ള പരിശീലന പരിപാടികള്‍ സഭ ആസൂത്രണം ചെയ്യുന്നുണ്ട്. വൈദികാര്‍ത്ഥികള്‍ക്ക് ഉത്തമമായ രൂപീകരണം ലഭിക്കുന്നുണ്ടെന്ന് മെത്രാന്‍സമിതികള്‍ ഉറപ്പുവരുത്തേണ്ടതാണെന്ന് ഉത്ബോധിപ്പിച്ച കര്‍ദ്ദിനാള്‍, പിതൃ സഹജമായ വാല്‍സല്യത്തോടെ വൈദികരുടെ പ്രത്യേകിച്ച് നവ വൈദികരുടെ പരിശീലനത്തിന് മെത്രാന്‍മാര്‍ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതാണെന്നും പ്രസ്താവിച്ചു. കാനോനിക നിയമത്തിലെന്നപോലെ രാഷ്ട്ര നിയമപ്രകാരവും ലൈംഗിക പീഡനം ഗുരുതരമായ കുറ്റകൃത്യമായതിനാല്‍ ഇക്കാര്യത്തില്‍ സഭാമേലധികാരികള്‍ സാമൂഹ്യാധികാരികളോട് സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതാണെന്നും കര്‍ദ്ദിനാള്‍ വ്യക്തമാക്കി.








All the contents on this site are copyrighted ©.