2012-02-07 16:34:09

ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ സമാധാനശില്പി


07 ഫെബ്രുവരി 2012, വത്തിക്കാന്‍
സമാധാനത്തിനായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര യുവജന പ്രേഷിത സംഘടന സെര്‍മിംഗ് ഏര്‍പ്പെടുത്തിയിരിക്കുന്ന സാമാധാന ശില്പി പുരസ്ക്കാരം ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക്. സമാധാനത്തിന്‍റെ സഹോദരിയായ സത്യത്തിലേക്ക് നയിക്കുന്ന ശബ്ദമായി നിലകൊണ്ടതാണ് മാര്‍പാപ്പയെ പുരസ്ക്കാരത്തിന് അര്‍ഹനാക്കിയതെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഇറ്റലിയിലെ ടൂറിന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രതിനിധികള്‍ ഫെബ്രുവരി അഞ്ചാം തിയതി ഞായറാഴ്ച വത്തിക്കാനിലെത്തി മാര്‍പാപ്പയ്ക്കു പുരസ്ക്കാരം സമര്‍പ്പിച്ചു. സമാധാനസ്ഥാപനത്തിനും പൊതു നന്മയ്ക്കും വേണ്ടി മികച്ച സംഭാവകള്‍ നല്‍കുന്ന വ്യക്തിക്കാണ് സമാധാനശില്പി പുരസ്ക്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സെര്‍മിംഗ് സംഘടനയുടെ ആഭിമുഖ്യത്തില്‍ നടന്ന നാലാമത് ലോക യുവജന സമാധാന സമ്മേളനത്തില്‍ പങ്കെടുത്ത ഏഴായിരത്തോളം വരുന്ന യുവജനങ്ങള്‍ക്ക് നാലാം തിയതി ശനിയാഴ്ച മാര്‍പാപ്പ അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ച പ്രതികൂല കാലാവസ്ഥ കാരണം റദ്ദാക്കിയിരുന്നു. മഞ്ഞുവീഴ്ച്ചയും ശൈത്യവും കാരണം വെള്ളി, ശനി ദിവസങ്ങളില്‍ റോമിലേക്കുള്ള ഗതാഗതം തടസപ്പെട്ടതിനെ തുടര്‍ന്നാണ് കൂടിക്കാഴ്ച്ച റദ്ദാക്കിയത്.









All the contents on this site are copyrighted ©.