2012-02-04 19:06:46

സുവിശേഷപരിചിന്തനം
5 ഫെബ്രുവരി 2012
മലങ്കര റീത്ത്


വിശുദ്ധ ലൂക്കാ 19 11-27, താലന്തുകളുടെ ഉപമ
“നെറ്റിയിലെ വിയര്‍പ്പുകൊണ്ട് അദ്ധ്വാനി RealAudioMP3 ച്ചു ജീവിക്കുവാനാണ് ദൈവം മനുഷ്യനോടു കല്പിച്ചത്.” ഉല്പത്തി 3, 19. തൊഴിലിന് മനുഷ്യനോളമല്ല, ദൈവത്തോളമാണ് പഴക്കമെന്നു പറയാം.
ഓരോ ദിവസവും ദൈവം സൃഷ്ടിയിലായിരുന്നു. അതിന്‍റെ ഒടുവില്‍ തെല്ലുമാറിന്ന് അത് ആസ്വദിക്കാനും സ്വയം ഒന്നു ചിന്തിക്കാനും ദൈവം മറന്നില്ല. “എല്ലാം നന്നായിരിക്കുന്നു,” ഉല്പത്തി 1, 31 എന്നു ദൈവം പറഞ്ഞു. ഏതൊരു തൊഴിലിലും ഈ ആന്തരികാസ്വാദനം അല്ലെങ്കില്‍ ആന്തരികഹര്‍ഷം ഉണ്ടായിരിക്കണം. ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടുവെന്ന് പറയുമ്പോള്‍, അതില്‍ നിശ്ചയമായും തൊഴിലും അദ്ധ്വാനവും ഉണ്ടെന്നോര്‍ക്കണം. എന്നിട്ടും തൊഴിലിനുമീതെ ശാപത്തിന്‍റെ നിഴല്‍ നിപതിച്ചു. അത് മനുഷ്യന്‍റെ അവിശ്വസ്തത മൂലമാണ്. ആ അവിശ്വസ്തതയുടെ പേരിലാണ് ഏദനില്‍നിന്നും ആദിമാതാപിതാക്കള്‍, ആദവും ഹവ്വായും, പുറത്താക്കപ്പെട്ടത്. അവിശ്വസ്തതയ്ക്കുള്ള ശിക്ഷയായിട്ടുവേണമെങ്കില്‍ അതിനെ കാണാം. ദൈവം ശപിച്ചു, എന്നു പറയുന്നത് മനുഷ്യരുടെ എഴുത്തിന്‍റേയും വായനയുടേയും പരിമിതികളില്‍നിന്നു മാത്രം വ്യാഖ്യാനിക്കപ്പെടുമ്പോഴാണ്.
നീ നൊന്തു പ്രസവിക്കുമെന്ന് സ്ത്രീയോടും, പുരുഷനോട് അദ്ധ്വാനിച്ചു ജീവിക്കുമെന്നും ആദിയിലേതന്നെ ദൈവം ആജ്ഞാപിച്ചു.

സ്ത്രീകളുടെ വ്യക്തിത്വത്തിന്‍റെ ആഗാധങ്ങളില്‍ ദൈവത്തിന്‍റെ വിശ്വശക്തി വേദനയായി നിക്ഷേപിക്കപ്പെട്ടത് അവള്‍ കാംക്ഷിക്കുന്ന പ്രസവവേദനയാണ്. നിന്‍റെ വിയര്‍പ്പില്‍നിന്ന് അപ്പം ഭക്ഷിക്കു, എന്നാണ് മനുഷ്യനോട് ദൈവം കല്പിച്ചത്. അക്ഷരാര്‍ത്ഥത്തില്‍ അതു ശരിയാണ്. അദ്ധ്വാനിക്കുമ്പോള്‍ നെറ്റിയാണ് ആദ്യം വിയര്‍ക്കുന്നത്. അങ്ങനെ ഫലത്തില്‍ അദ്ധ്വാനം പുരുഷന്‍റെ ഈറ്റുനോവാണെന്നും പറയാം. അതുകൊണ്ട് ഉയിരിന്‍റേയും ഉടലിന്‍റേയും ഭാഗങ്ങള്‍ മനുഷ്യന്‍ പ്രപഞചപാദങ്ങളില്‍ വിശ്വസ്തയോടെ സമര്‍പ്പിച്ചെങ്കില്‍ മാത്രമേ, ജീവതം മുന്നോട്ടു നീങ്ങുകയുള്ളൂ, ലോകം വികസിക്കുകയുള്ളൂ, വളരുകയുള്ളൂ. കഞ്ഞിന്‍റെ ജീവന്‍ അമ്മയുടെ ഉദരത്തില്‍നിന്നും പിറന്നു വീഴുന്നതിനും മനുഷന്‍ അദ്ധ്വാനിച്ച് ഈ ഭൂമിയില്‍ ജീവിക്കുന്നതിനും ഇംഗ്ലിഷ് ഭാഷയില്‍ ഒരേവാക്കാണ്, labour എന്ന വാക്കാണ് ഉപയോഗിക്കുന്നത് എന്ന വസ്തുത ഈ സാഹചര്യത്തില്‍ വളരെ വിചിത്രമായി തോന്നുന്നു.
സൃഷ്ടിയില്‍നിന്നും പിന്മാറിയ സ്രഷ്ടാവായ ദൈവം തുടര്‍ന്നുള്ള അവിടുത്തെ സൃഷ്ടികര്‍മ്മം മനുഷ്യരെ ഏല്പിച്ചിരിക്കുന്നു. ഈ ഭൂമിയിലുള്ള മനുഷ്യന്‍റെ തുടര്‍സൃഷ്ടി കര്‍മ്മത്തിന്‍റെ പരിണാമത്തില്‍ വേണ്ട വിശ്വസ്തതയുടെ കഥയാണ് ക്രിസ്തു ഇന്നത്തെ നാണയങ്ങളുടെ സുവിശേഷ കഥയില്‍ പറഞ്ഞു തരുന്നത്.

ഈ കഥ നമുക്ക് സുപരിചിതമാണ്. മത്തായിയും ലൂക്കായും - സുവിശേഷകന്മാരാണ് അതു രേഖപ്പെടുത്തിയിരിക്കുന്നത്. രണ്ടുമായി തുലനംചെയ്യുമ്പോള്‍ ചെറിയ വ്യത്യാസങ്ങള്‍ നമുക്കു കാണാം. മത്തായി താലന്തുകള്‍ എന്ന് ഉപയോഗിക്കുമ്പോള്‍, ലൂക്കാ നാണയമെന്നാണ് ഉപയോഗിക്കുന്നത്. മത്തായിയുടെ സുവിശേഷത്തില്‍ യാത്രയ്ക്കു പോകുന്ന വ്യാപാരി യജമാനനാണെങ്കില്‍, ലൂക്കിന്‍റെ സുവിശേഷത്തില്‍ രാജപദവി സ്വീകരിക്കാന്‍ പോകുന്ന പ്രഭുവാണ് യജമാനന്‍. ആദ്യത്തേതില്‍, വ്യാപാരി ഭൃത്യന്മാരുടെ കഴിവനുസരിച്ച് താലന്തുകള്‍ നല്കുമ്പോള്‍, രണ്ടാമത്തേതില്‍ പ്രഭു എല്ലാവര്‍ക്കും തുല്യമായിട്ട്, പത്തു നാണയങ്ങള്‍ വീതം നല്കുന്നു. ഇനി അവസാനം ഭൃത്യന്മാര്‍ക്ക് പ്രതിഫലം നല്കുന്നതിലും രണ്ടു സുവിശേഷങ്ങളിലും പ്രകടമായ വ്യത്യാസം കാണുന്നുണ്ട്. ലൂക്കായുടെ സുവിശേഷത്തില്‍ പ്രഭു തന്‍റെ ഭൃത്യന്മാര്‍ക്ക് നഗരങ്ങളുടെ അധികാരം അവരുടെ പ്രയത്നത്തിന്‍റെ തോതനുസരിച്ച് പ്രതിഫലമായി നല്കുമ്പോള്‍, മത്തായിയും സുവിശേഷത്തില്‍ വ്യാപാരി, ഭൃത്യന്മാരെ പുകഴ്ത്തുകയും യജമാനന്‍റെ സന്തോഷത്തിലേയ്ക്ക് വിശ്വസ്തനായ ദാസനെ ക്ഷണിക്കുകയും ചെയ്യുന്നു.
കല്പിത കഥാപാത്രങ്ങളിലൂടെയാണ് ക്രിസ്തു സംസാരിക്കുന്നതെങ്കിലും, യഥാര്‍ത്ഥ്യ പ്രതീതി ഉണര്‍ത്തുന്നതും, നമ്മുടെ ജീവിതങ്ങളില്‍ പ്രതിഫലിക്കുന്നതുമാണ് നാണയങ്ങളുടെ ഈ ഉപമയെന്നോര്‍ക്കണം. ഈ ഉപമയില്‍ ഏറ്റവും ശ്രദ്ധേയനായ കഥാപാത്രം, കിട്ടിയ നാണയങ്ങള്‍ പൂഴ്ത്തി വയ്ക്കുന്നവാനാണ്. ലൂക്കാ സുവിശേഷകന്‍ പറയുന്നത് കിട്ടയതെല്ലാം അവന്‍ തുണിയില്‍ പൊതിഞ്ഞ് ഒളിച്ചുവച്ചു എന്നാണ്.

ക്രിസ്തു പറയുന്ന കഥയുടെ സാമൂഹ്യചുറ്റുപാടും ഈ പ്രക്രിയയ്ക്ക് കാരണമായിട്ടുണ്ട്. ഇസ്രായേല്‍ രാജ്യം പലപ്പോഴും അയല്‍ രാജ്യങ്ങളുടെ ആക്രമണത്തിന് വിധേയമായിരുന്നു. അപ്പോഴെല്ലാം ജനങ്ങള്‍ സുരക്ഷാര്‍ത്ഥം അയല്‍ ഗ്രാമങ്ങളിലേയ്ക്കും നാടുകളിലേയ്ക്കും പലായനംചെയ്യുന്ന പതിവുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ തങ്ങളുടെ സ്വത്തം പണവും ശത്രുക്കള്‍ കണ്ടെത്താതിരിക്കാന്‍ അവര്‍ അവ പൂഴ്ത്തിവയ്ക്കുകയും ഉടുതുണിയില്‍ ഒളിച്ചുവയ്ക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.

യുഗാന്ത്യ ദര്‍ശനമാണ് ഉപമയിലെ അടിസ്ഥാന ദൈവശാസ്ത്രം. വിധിദിവസത്തില്‍ മനുഷ്യപുത്രന്‍ പ്രാഭവത്തോടുകൂടെ വിധിയാളനായി തിരിച്ചുവരും. മനുഷ്യരെല്ലാം അവരവരുടെ പ്രവൃത്തികള്‍ക്കനുസൃതമായി വിധിക്കപ്പെടും, എന്നാണ് അടിസ്ഥാനപരമായി ഈ ഉപമ നമ്മെ പഠിപ്പിക്കുന്നത്. സദ്പ്രവൃത്തികള്‍ ചെയ്തവരെ ദൈവം നിത്യസമ്മാനത്തില്‍ സ്വീകരിക്കുകയും അവിശ്വസ്തരായി ജീവിച്ചവരോടും ഉത്തരവാദിത്വമില്ലാതെ ജീവിതത്തില്‍ പെരുമാറിയവരോടും ദൈവം കണക്കു ചോദിക്കുകയും, അവരെ ശിക്ഷിക്കുകയും ചെയ്യുമെന്ന് ക്രിസ്തുനാഥന്‍ ഈ ഉപമയിലൂടെ പഠിപ്പിക്കുന്നു. ഇനി ദൈവിക തേജസ്സ്, അല്ലെങ്കില്‍ ദൈവം തന്ന കഴിവുകള്‍ വിശ്വസ്തതയോടും ക്രിയാത്മകമായും ഉപയോഗപ്പെടുത്തിയ രണ്ടു ഭൃത്യന്മാരെയും ക്രിസ്തുവിന്‍റെ കഥയില്‍ കാണുന്നുണ്ട്. അനുദിനമുള്ള ജാഗ്രതയോടെ ദൈവം തന്ന കഴിവുകള്‍ ഉപയോഗിക്കുകയും യജമാനന്‍റെ പ്രത്യാഗമനത്തിനായി പ്രത്യാശയോടെ കാത്തിരിക്കുകയും ചെയ്തവരാണ് അവര്‍. ദാനമായി കിട്ടിയ ദൈവാനുഗ്രഹങ്ങളുടെ അനര്‍ഘമായ നിധി കഠിനാദ്ധ്വാനത്തിലൂടെയും പങ്കുവയ്പ്പിലൂടെയും ഉപയോഗപ്പെടുത്തുകയും വര്‍ദ്ധിപ്പിച്ചെടുക്കുകയും ചെയ്യുന്നവരാണവര്‍. മറുഭാഗത്ത് ദൈവസ്നേഹത്തോട് നിഷേധാത്മകമായി പ്രതികരിച്ചവനാണ് മൂന്നാമത്തെ ഭൃത്യന്‍. അവന്‍ അവിശ്വസ്തനും ഉത്തരവാദിത്വമില്ലാത്തവുമായിരുന്നു. അവനെ ഭരിച്ചിരുന്ന വികാരങ്ങള്‍, ഭയവും വെറുപ്പുമായിരുന്നു. യജമാനനെയും തന്നെത്തന്നെയും സ്നേഹിക്കുവാന്‍ അവനായില്ല. സ്നേഹമുള്ള യജമാനനെക്കാള്‍, ഭയപ്പെടുന്ന, ശാസിക്കുന്ന യജമാനന്‍റെ ചിത്രമാണ് അയാള്‍ മനസ്സില്‍ മെനഞ്ഞെടുത്തത്. അതുകൊണ്ടുതന്നെയാണ്, യജമാനന്‍ അയാളിലര്‍പ്പിച്ച വിശ്വാസത്തോട് പ്രത്യുത്തരിക്കാന്‍ അയാള്‍ക്കു കഴിയാതെ പോയത്.
തന്നെത്തന്നെ അംഗീകരിക്കാനും സ്നേഹിക്കാനും കഴിയാത്തവനാണയാള്‍. കിട്ടിയ താലന്തുകൊണ്ട് അദ്ധ്വാനിക്കുവാനുള്ള ആത്മവിശ്വാസം നഷ്ടപ്പെട്ടവന്‍.
ചെറുതെങ്കിലും ദൈവം നല്കിയ താലന്ത് വിശ്വസ്തതയോടും ക്രിയാത്മകമായും ഉപയോഗിക്കുന്നതാണ് ജീവിത വിജയം.

ക്രൈസ്തവ ദര്‍ശനത്തിന്‍റെ അന്തഃസത്ത ക്രിയാത്മകതയാണ്. വിശുദ്ധ ഗ്രന്ഥത്തിന്‍റെ താളുകളില്‍ ഇതള്‍വിരിയുന്ന സത്യവും ഇതുതന്നെയാണ്. ഈജിപ്തിലെ ഇറച്ചിച്ചട്ടികളുടെ മണം ആസ്വദിച്ചുകൊണ്ട് അവിടെത്തന്നെ ഒതുങ്ങിക്കൂടാനും കഴിയാനും പരിശ്രമിച്ച ഇസ്രായേലിനെ പുറപ്പാടിന്‍റെ ചലനാത്മകതയിലേയ്ക്ക് മൂശ കൊണ്ടുവരുന്ന ചിത്രം പഴയനിയമം, പുറപ്പാടുഗ്രന്ഥം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്.

നിയമത്തിന്‍റെ നൂലാമാലകളിലും കര്‍മ്മാനുഷ്ഠാനങ്ങളിലും കുരുക്കിയിട്ട മനുഷ്യജീവിതങ്ങളുടെ കെട്ടഴിക്കനാണ് പ്രവാചകന്മാര്‍ ഇസ്രായേലില്‍ ഗര്‍ജ്ജിച്ചത്. ഇന്നും ആ പ്രവാചക ഗര്‍ജ്ജനം ലോകത്ത് പ്രതിധ്വനിക്കുന്നുണ്ട്. ജീവിതങ്ങളെ ദൈവസ്നേഹത്തിന്‍റെ പാതയില്‍ നിന്നകറ്റി, ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും സാമൂഹ്യ ചട്ടക്കൂട്ടിലാക്കിയ ലോകത്ത്, പുത്തന്‍ സ്വാതന്ത്യത്തിന്‍റെ സുവിശേഷവുമായിട്ടാണ് ക്രിസ്തു കടന്നുവന്നത്. കുത്തഴിഞ്ഞ ധാര്‍മ്മികതിയിലും ഉപരിപ്ലവമായ ആത്മീയതയിലും ജീവിതങ്ങള്‍ കുരുങ്ങിപ്പോകാതിരിക്കാനുള്ള കാഹളനാദമാണ്, രക്ഷാനാദമാണ് ക്രിസതുവിന്‍റെ സുവിശേഷ കഥയില്‍ ഇന്നു നാം കേള്‍ക്കുന്നത്.

ശാസ്ത്രീയമായി പറഞ്ഞാലും അല്ലെങ്കിലും, ശരീരത്തിന്‍റെ ശുദ്ധീകരണമാണ് വിയര്‍പ്പ്. ശാരീരികമായി ചെയ്യേണ്ട തൊഴിലിനോട് വിശ്വസ്തതയും ആതമാര്‍ത്ഥതയും, പിന്നെ കുറച്ച് ധ്യാനവുമുണ്ടെങ്കില്‍, ശരീരത്തെ എന്നപോലെ ആത്മാവിനെയും തൊഴില്‍ ശുദ്ധമാക്കും.
എണ്ണിയാല്‍ തീരാത്ത നന്മാകളാണ് നാം ദൈവത്തില്‍നിന്നും അനുദിനം സ്വീകരിക്കുന്നത്. അവബോധത്തിന്‍റെ ത്രാസില്‍ തൂക്കിനോക്കിയാല്‍ തിന്മകളെക്കാള്‍ കൂടുതല്‍ നന്മകളാണ് ജീവിതത്തില്‍, പിന്നെങ്ങനെ സര്‍വ്വനന്മയായ ദൈവത്തെ മറക്കാനാവും... പിന്നെങ്ങനെ അലസമായും ആത്മാര്‍ത്ഥതയില്ലാതെയും അലംഭാവംകാണിച്ചും ജീവിതം ചെലവൊഴിക്കാനാവും.

RealAudioMP3







All the contents on this site are copyrighted ©.