2012-02-03 18:06:09

ഫെബ്രുവരി 5 – നാഗാലാന്‍ഡില്‍ പ്രാര്‍ത്ഥനാദിനം


03 ജനുവരി 2012, വത്തിക്കാന്‍
വടക്കു കിഴക്കന്‍ ഇന്ത്യന്‍ സംസ്ഥാനമായ നാഗാലാന്‍ഡിലെ ഗറില്ലാ പോരാട്ടങ്ങള്‍ക്ക് അറുതിവരുത്താനായി സംസ്ഥാനത്തെ ക്രൈസ്തവ സമൂഹം ഉപവാസപ്രാര്‍ത്ഥനാ ദിനം ആചരിക്കുന്നു. മൂന്നു പതിറ്റാണ്ടുകളായി നാഗാലാന്‍ഡില്‍ ഗറില്ലാ പോരാളികള്‍ നടത്തുന്ന സായുധ സംഘര്‍ഷങ്ങളില്‍ ഇരുപതിനായിരത്തോളം പേര്‍ മരണമടഞ്ഞതായാണ് കണക്കാക്കപ്പെടുന്നത്.
“മനസ്തപിച്ച്, പാപങ്ങള്‍ക്കു പരിഹാരം ചെയ്തുകൊണ്ട്, സമാധാനമെന്ന ദാനത്തിനായി ദൈവത്തോടപേക്ഷിക്കുക” എന്ന പ്രമേയത്തോടെ നാഗാലാന്‍ഡ് സംയുക്ത ക്രൈസ്തവ സമിതി ഫ്രെബ്രുവരി അഞ്ചാം തിയതി ഞായറാഴ്ചയാണ് പ്രാര്‍ത്ഥനാ ദിനമായി ആചരിക്കുന്നത്. ആയുധങ്ങള്‍ ഉപേക്ഷിച്ച് പ്രാര്‍ത്ഥനയില്‍ പങ്കുചേരാന്‍ ഗറില്ലാപോരാളികളെയും ക്ഷണിച്ചിട്ടുണ്ടെന്ന് ക്രൈസ്തവ സമിതി ഫീദെസ് വാര്‍ത്താ ഏജന്‍സിക്ക് അയച്ച വാര്‍ത്താക്കുറിപ്പില്‍ വെളിപ്പെടുത്തി. സര്‍ക്കാരും റിബലുകളും നടത്തിയ സമാധാന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമിതി പ്രാര്‍ത്ഥനാ യജ്ഞത്തിനായി ആഹ്വാനം ചെയ്തിരിക്കുന്നത്. ഗറില്ലാ പോരാളികളും സൈന്യവും വെടിനിര്‍ത്തല്‍ കരാര്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ട ക്രൈസ്തവസമിതി നാഗാജനതയെ ബാധിക്കുന്ന വിവിധ പ്രശ്നങ്ങള്‍ രാഷ്ട്രീയ തലത്തില്‍ ചര്‍ച്ച ചെയ്തു പരിഹരിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.








All the contents on this site are copyrighted ©.