2012-02-03 18:05:25

ദൈവത്തോടുള്ള ഗാഢബന്ധം സമര്‍പ്പിത ജീവിതത്തിന്‍റെ ചാലകശക്തി – മാര്‍പാപ്പ


03 ജനുവരി 2012, വത്തിക്കാന്‍
ദൈവത്തോടുള്ള ഗാഢബന്ധത്തില്‍ വളരാനാണ് സമര്‍പ്പിതര്‍ ഏറ്റവുമധികം ശ്രദ്ധിക്കേണ്ടതെന്ന് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. സമര്‍പ്പണത്തിരുന്നാള്‍ ദിനത്തില്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ നടന്ന സായാഹ്നപ്രാര്‍ത്ഥനാമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. സമര്‍പ്പിതര്‍ക്കായുള്ള ആഗോളദിനമായി ആചരിക്കുന്ന ഫെബ്രുവരി രണ്ടാം തിയതി വ്യാഴാഴ്ച നടന്ന പ്രാര്‍ത്ഥനാശുശ്രൂഷയില്‍ നിരവധി സമര്‍പ്പിതര്‍ പങ്കുകൊണ്ടു.
സമര്‍പ്പിതരുടെ ആഗോള ദിനാചരണം ലോകമെമ്പാടുമുള്ള സമര്‍പ്പിത സ്ത്രീ പുരുഷന്‍മാര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനുള്ള സാര്‍വ്വത്രീക ക്ഷണമാണ്. സമര്‍പ്പിതര്‍ക്ക് ദൈവത്തിനു സ്വയംസമര്‍പ്പിക്കാനുള്ള തീവ്രാഭിലാഷം നവീകരിക്കാനുള്ള ഒരവസരം കൂടിയാണതെന്ന് മാര്‍പാപ്പ പറഞ്ഞു. സുവിശേഷോപദേശങ്ങളായ ദാരിദ്ര്യം, ബ്രഹ്മചര്യം - കന്യകാത്വം, അനുസരണം എന്നിവയുടെ വ്രതാനുഷ്ഠാനത്തിലൂടെ വിശ്വാസത്തിലും, പ്രത്യാശയിലും പരസ്നേഹത്തിലും വളര്‍ന്നുകൊണ്ട് വ്യക്തികള്‍ ദൈവത്തിലേക്കു കൂടുതല്‍ അടുക്കുന്നുവെന്ന് മാര്‍പാപ്പ വിശദീകരിച്ചു.
ഒക്ടോബര്‍ മാസത്തില്‍ ആരംഭിക്കുന്ന വിശ്വാസവത്സരം സമര്‍പ്പിതര്‍ക്ക് ആന്തരീകനവീകരണത്തിനായുള്ള ഫലപ്രദമായ അവസരമായിരിക്കട്ടെയെന്ന് മാര്‍പാപ്പ ആശംസിച്ചു. സമര്‍പ്പിതര്‍ ഉത്സാഹത്തോടെ നവസുവിശേഷവല്‍ക്കരണത്തില്‍ പങ്കുചേരുന്നതിന് സഹായകമായ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ സമര്‍പ്പിത അപ്പസ്തോലിക ജീവിത സമൂഹങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘം മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുമെന്നും മാര്‍പാപ്പ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.