2012-02-01 19:11:05

ഡബ്ലിന്‍
ദിവ്യകാരുണ്യ
കോണ്‍ഗ്രസ്സ്


01 ഫെബ്രുവരി 2012, റോം
അപകീര്‍ത്തിയുടെ കൊടുങ്കാറ്റേറ്റ അയര്‍ലണ്ടിന് ദിവ്യകാരുണ്യ കോണ്‍ഗ്രസ്സ് ആത്മീയതയുടെ നവോന്മേഷം പകരുമെന്ന്, ഫാദര്‍ കെവില്‍ ഡോറന്‍, സംഘാടക സമിതിയുടെ പ്രസിഡന്‍റ് പ്രസ്താവിച്ചു. ജനുവരി 30-ാം തിയതി റോമില്‍ വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ കെവിന്‍ ഇപ്രകാരം പ്രസ്താവിച്ചത്. 2012 ജൂണ്‍ 10-മുതല്‍ 17-വരെ ഡബ്ളിനിലെ ക്രോക്ക് പാര്‍ക്കില്‍ നടക്കുവാന്‍ പോകുന്ന അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ സമാപനദിനത്തില്‍ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പങ്കെടുത്ത് ദിവ്യബലിയര്‍പ്പിക്കുമെന്ന്, പാപ്പായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ വത്തിക്കാനിലെത്തിയ ഫാദര്‍ കെവിന്‍ വെളിപ്പെടുത്തി.
രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ 50-ാം വാര്‍ഷികവുമായി സന്ധിക്കുന്ന അയര്‍ലണ്ടിലെ 50-ാമത് അന്തര്‍ദേശിയ ദിവ്യകാരുണ്യ കോണ്‍ഗ്രസ്സിന്‍റെ പ്രമേയമായി സ്വീകരിച്ചിരിക്കുന്നത്,
സൂനഹദോസിന്‍റെ തിരുസഭയെ സംബന്ധിക്കുന്ന സൈദ്ധാന്തിക പ്രബോധനമായ Lumen Gentium ആധാരമാക്കി, “ദിവ്യകാരുണ്യം ക്രിസ്തുവിലുള്ള കൂട്ടായ്മ” എന്ന വിഷയമാണെന്നും ഫാദര്‍ കെവിന്‍ പ്രസ്താവിച്ചു.

തെയ്സ്സെ പ്രസ്ഥാനത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍ ബ്രദര്‍ അലോയ്സ്, വത്തിക്കാന്‍റെ നീതിക്കും സമാധാനത്തിനുംവേണ്ടിയുള്ള കാര്യാലയത്തിന്‍റെ പ്രസിഡന്‍റ് കര്‍ദ്ദിനാള്‍ ടെര്‍ക്സണ്‍, ജരൂസലേമിലെ ലത്തീന്‍ പാത്രിയര്‍ക്കിസ് ഫവദ് ത്വാല്‍, റഷ്യന്‍ ഓര്‍ത്തടോക്സ് സഭയിലെ മെട്രൊപ്പൊളീറ്റന്‍ ഹിലാരിയോണ്‍, പാരീസിലെ കര്‍ദ്ദിനാള്‍ വിങ്സ്റ്റ് ട്രോയ്സ്,
വാന്‍കോവിറിന്‍റെ ആര്‍ച്ചുബിഷ്പ്പ് മില്ലര്‍, മനിലയുടെ ആര്‍ച്ചുബിഷപ്പ് ടാഗിള്‍, എന്നിവര്‍ വിവിധ ദിനങ്ങളില്‍ ദിവ്യകാരുണ്യപ്രഭാഷണം നടത്തുമെന്നും ഫാദര്‍ കെവിന്‍ വ്യക്തമാക്കി.









All the contents on this site are copyrighted ©.