2012-01-30 16:41:29

രാഷ്ട്രവികസനത്തില്‍ കത്തോലിക്കാസഭയുടെ പങ്ക്: സി.ബി.സി.ഐ സമ്മേളനം


30 ജനുവരി 2012, ബാഗ്ലൂര്‍
ഇന്ത്യയുടെ വികസനത്തില്‍ കത്തോലിക്കാസഭയുടെ പങ്ക് എന്ന പ്രമേയത്തോടെ ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍മാരുടെ മുപ്പതാമത് പൊതുസമ്മേളനം ഫെബ്രുവരി ഒന്നാം തിയതി ആരംഭിക്കും. ലത്തീന്‍, സീറോ മലങ്കര, സീറോ മലബാര്‍ റീത്തുകളില്‍ നിന്നുള്ള നൂറ്റിയറുപതോളം മെത്രാന്‍മാര്‍ ‍ പങ്കെടുക്കുന്ന സമ്മേളനം ഫെബ്രുവരി എട്ടാം തിയതി സമാപിക്കും. വത്തിക്കാനില്‍ നിന്നും നീതി സമാധാന കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ അദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ പീറ്റര്‍ കെ. ടര്‍ക്കസണ്‍ മെത്രാന്‍സമിതിയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
ദാരിദ്ര്യം, തൊഴിലില്ലായ്മ, അഴിമതി, വിദ്യാഭ്യാസത്തിന്‍റെ അഭാവം, വര്‍ഗീയത, അക്രമം എന്നിവയ്ക്കെതിരേ ശബ്ദമുയര്‍ത്തുന്ന കത്തോലിക്കാ സഭ ഏവര്‍ക്കും സുരക്ഷിതത്വവും നീതിയും സമാധാനവും വിദ്യാഭ്യാസവും ഉറപ്പുനല്‍കുന്ന ഒരു രാഷ്ട്രത്തിന്‍റെ നിര്‍മ്മാണത്തിനായി തനതായ സംഭാവനകള്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ബാഗ്ലൂര്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ബെര്‍നാര്‍ഡ് മോറാസ് പ്രസ്താവിച്ചു. മെത്രാന്‍സമിതിയുടെ പൊതുസമ്മേളനത്തിന്‍റെ പ്രമേയത്തെക്കുറിച്ച് ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്. രാഷ്ട്രത്തെ സ്നേഹിക്കുന്ന ഭാരതസഭ രാഷ്ട്രം നേരിടുന്ന വെല്ലുവിളികളില്‍ ഉത്കണ്ഠാകുലയാണ്. ഭാരതസമൂഹത്തിന്‍റെ വളര്‍ച്ചയില്‍ ക്രിയാത്മക സംഭാവനകള്‍ നല്‍കിയിട്ടുള്ള കത്തോലിക്കാസഭ ഈ ദൗത്യത്തില്‍ തുടരുമെന്നും അദ്ദേഹം പ്രസ്താവിച്ചു. ജനസംഖ്യാവര്‍ദ്ധനവ്, സാമ്പത്തീക മാന്ദ്യം, വിദ്യാഭ്യാസം, അഴിമതി, വര്‍ദ്ധിച്ചുവരുന്ന വര്‍ഗീയത തുടങ്ങി സാമൂഹ്യപ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ സമ്മേളനത്തില്‍ വിശകലനവിധേയമാകുമെന്ന് അദ്ദേഹം വെളിപ്പെടുത്തി. സുവിശേഷവല്‍ക്കരണത്തിനും യുവജനങ്ങളുടെ രൂപീകരണത്തിനുമാണ് മെത്രാന്‍മാര്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നത്. സുവിശേഷത്തിന് സമകാലിക പ്രശ്നങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ സാധിക്കും. രാഷ്ട്രത്തിന്‍റെ ഭാവി യുവജനങ്ങളെ ആശ്രയിച്ചിരിക്കുന്നു – ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.









All the contents on this site are copyrighted ©.