2012-01-30 16:40:57

ഇറ്റലിയുട‍െ മുന്‍പ്രസിഡന്‍റ് ഓസ്ക്കാര്‍ സ്കാല്‍ഫറോയ്ക്ക് മാര്‍പാപ്പയുടെ ആദരാജ്ഞലികള്‍


30 ജനുവരി 2012, വത്തിക്കാന്‍
ഇറ്റലിയുടെ മുന്‍പ്രസിഡന്‍റ് ഓസ്ക്കാര്‍ സ്കാല്‍ഫറോയുടെ നിര്യാണത്തില്‍ മാര്‍പാപ്പ അനുശോചനം രേഖപ്പെടുത്തി. ഇറ്റലിയുടെ ചരിത്ര-സാംസ്ക്കാരീക പാരമ്പര്യത്തില്‍ അന്തര്‍ലീനമായിരിക്കുന്ന ക്രൈസ്തവ മൂല്യങ്ങളും ധാര്‍മ്മീകതയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാഷ്ട്രത്തിന്‍റെ പൊതു നന്മയ്ക്കായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു സ്കാല്‍ഫറോയെന്ന് അനുശോചനസന്ദേശത്തില്‍ മാര്‍പാപ്പ രേഖപ്പെടുത്തി. 1992 മുതല്‍ 1999 വരെ ഇറ്റലിയുടെ പ്രസിഡന്‍റായിരുന്ന സ്കാല്‍ഫറോയെ ‘വിഖ്യാതനായ കത്തോലിക്കാ രാഷ്ട്രീയപ്രവര്‍ത്തകന്‍’ എന്നാണ് മാര്‍പാപ്പ അനുശോചനസന്ദേശത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. 1946ല്‍ നിയമസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മന്ത്രിയായും നിയമസഭാ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1992ല്‍ നിയമസഭാ സ്പീക്കറായി സ്ഥാനമേറ്റ അദ്ദേഹം അതേവര്‍ഷം ഇറ്റലിയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. ജനുവരി 29ാം തിയതി ഞായറാഴ്ച തന്‍റെ തൊണ്ണൂറ്റിമൂന്നാമത്തെ വയസ്സിലാണ് സ്കാല്‍ഫറോ അന്തരിച്ചത്.

ഫാസിസ്റ്റ് ഭരണത്തിന്‍റേയും രണ്ടാം ലോകമഹായുദ്ധത്തിന്‍റേയും കെടുതികള്‍ അനുഭവിച്ച ഇറ്റലിയുടെ പുനരുദ്ധാരണത്തിനായി ആത്മാര്‍ത്ഥമായി പരിശ്രമിച്ച ഉന്നത വ്യക്തിത്വങ്ങളില്‍ ഒരാളാണ് മുന്‍പ്രസിഡന്‍റ് ഓസ്ക്കാര്‍ ലൂയിജി സ്കാല്‍ഫറോയെന്ന് വത്തിക്കാന്‍ പ്രസ്സ് ഓഫീസ് മേധാവി ഫാ. ഫെദറിക്കോ ലൊംബാര്‍ദി തന്‍റെ അനുശോചനക്കുറിപ്പില്‍ പ്രസ്താവിച്ചു.









All the contents on this site are copyrighted ©.