2012-01-28 16:14:07

സുവിശേഷപരിചിന്തനം
29 ജനുവരി 2012
ആണ്ടുവട്ടം 4-ാം ഞായര്‍


RealAudioMP3
വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷം 1, 21-28
ബിംബിസാര രാജാവിന്‍റെ കൊട്ടാരത്തില്‍ തര്‍ക്കുമുണ്ടായി. അന്നോളം എഴുതപ്പെട്ടിട്ടുള്ള ധാര്‍മ്മികോപദേശങ്ങളുടെയും നീതിഗ്രന്ഥങ്ങളുടെയും മൂല്യമെന്താണ്, എന്നായിരുന്നു തര്‍ക്കം. നന്മയുടെയും ധാര്‍മ്മികതയുടെയും സാരാംശമെന്തെന്ന് തെളിയിക്കുവാന്‍ ശ്രീബുദ്ധനോടാണ് രാജാവ് ആവശ്യപ്പെട്ടു.

രാജസന്നിധിയില്‍ വലിയൊരു ത്രാസു സജ്ജമാക്കാന്‍ ബുദ്ധദേവന്‍ കൊട്ടാര സേവകരോട് ആവശ്യപ്പെട്ടു. ത്രാസിന്‍റെ ഒരു തട്ടില്‍ അന്നോളം എഴുതപ്പെട്ടിട്ടുള്ള എല്ലാ നിയമങ്ങളുടെയും ധാര്‍മ്മിക സത്യങ്ങളുടെയും സാരോപദേശങ്ങളുടെയും ശേഖരങ്ങള്‍ വയ്ക്കുവാന്‍ കല്പനയിട്ടു. നീതിബോധനങ്ങളുടെയും നിയമസംഹിതകളുടെയും റാത്തലുകള്‍ തൂങ്ങുന്ന താളിയോലകള്‍ ത്രാസിന്‍റെ ഒരു തട്ടില്‍ അവര്‍ അട്ടിയിട്ടു വയ്ക്കാന്‍ തുടങ്ങി. ത്രാസിന്‍റെ രണ്ടാം തട്ടില്‍,
പാടത്തു പണിചെയ്യുന്ന ഒരു ചെറുബാലനെ കൊണ്ടുവന്ന് ഇരുത്തുവാനാണ് ബുദ്ധദേവന്‍ കൊട്ടാര ഭൃത്യന്മാരോട് ആവശ്യപ്പെട്ടത്. എട്ടു വയസ്സുകാരന്‍ മെലിഞ്ഞു ശോഷിച്ച ഒരു ബാലനെ അവര്‍ എളുപ്പത്തില്‍ അവിടെ എത്തിച്ചു. രാജസദസ്സിലെ ത്രാസിന്‍റെ മറുതട്ടില്‍ ചെറുബാലനെ ഇരുത്തിയ ആ നമിഷം, നിയമച്ചുരുളുകളുടെ തട്ട് പൊടുന്നനേ പൊങ്ങി. വിചിത്രമായ കാഴ്ചകണ്ടുനിന്ന രാജസദസ്സിനോടും ജനങ്ങളോടും ശ്രീബുദ്ധന്‍ പറഞ്ഞു. ഭൂമിയിലെ ഏറ്റവും ചെറിയ മനുഷ്യന്‍പോലും എഴുതപ്പെട്ടിട്ടുള്ളതും, ഇനി എഴുതാനിരിക്കുന്നതുമായ എല്ലാ നിയമങ്ങള്‍ക്കും അതീതമാണ്.

ക്രിസ്തുവിലെ മനുഷ്യസ്നേഹിയായ ആത്മീയാചാര്യനെയും സൗഖ്യദായകനെയും ഇന്നത്തെ സുവിശേഷം ലോകത്തിനു വെളിപ്പെടുത്തുന്നു. ക്രിസ്തുവിന്‍റെ വചനശക്തിയാല്‍
ഒരു മനുഷ്യനില്‍നിന്നും അശുദ്ധാത്മാവ് പുറംതള്ളപ്പെടുന്നു. അവന്‍ പൂര്‍ണ്ണസൗഖ്യം പ്രാപിക്കുന്നു. ക്രിസ്തു അധികാരത്തോടും ശക്തിയോടുകൂടെ ഈ പ്രവര്‍ത്തി ചെയ്യുന്നതു
കണ്ട് ജനങ്ങള്‍ ആശ്ചര്യപ്പെട്ടു. വിശുദ്ധ മാര്‍ക്കോസിന്‍റെ സുവിശേഷപ്രകാരം ക്രിസ്തുവിന്‍റെ പരസ്യജീവിതത്തിലെ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യദിവസവും,
ആ ദിവസത്തെ ആദ്യ കര്‍മ്മവുമാണ് ഈ സൗഖ്യദാനം - ക്രിസ്തു പിശാചുബാധിതനെ സുഖപ്പെടുത്തുന്ന സംഭവം. പാവപ്പെട്ട മീന്‍പിടുത്തക്കാരുടെ ഗ്രാമമായ കഫര്‍ണാമിലെ സിനഗോഗാണ് സംഭവത്തിന്‍റെ രംഗപശ്ചാത്തലം, തിരുവെഴുത്തുകള്‍ ശ്രവിക്കുന്നതിനും അതിന്‍റെ വ്യാഖ്യാനം പഠിക്കുന്നതിനും അവിടത്തുകാര്‍ സമ്മേളിക്കുന്ന ചെറിയ ദേവാലയമായിരുന്നു അത്. അന്നൊരു സാബത്തു ദിവസമായിരുന്നു. യഹൂദ നിയമപ്രകാരം ജോലിചെയ്യാന്‍ വിലക്കുള്ള ദിവസമാണെന്നോര്‍ക്കണം. ഒരു മനുഷ്യന്‍റെ യാതനയും വേദനയും കണ്ട് ക്രിസ്തുവിന് അവനില്‍ അലിവുതോന്നി. അവന്‍റെ ബന്ധനം അവിടുന്ന് അഴിക്കുന്നു. പിശാചുബാധിതനെ അത്ഭുതകരമായി അവിടുന്ന് സുഖപ്പെടുത്തുന്നു. ആ മനുഷ്യന്‍റെ മോചനത്തെപ്രതി ക്രിസ്തു സാബത്തു നിയമമെല്ലാം മാറ്റി വയ്ക്കുകയാണ്, മാറ്റിമറിക്കുകയാണ്.

അങ്ങനെ ആദ്യമായിട്ടാണ് അവിടത്തെ ജനങ്ങള്‍ ക്രിസ്തുവിന്‍റെ ദൈവികമായ കരുത്തും അധികാരവുമുള്ള വ്യക്തിത്വവും കാണുന്നത്. തിന്മയുടെ ശക്തികള്‍ക്കുമേലെ ദൈവികാധികാരമുള്ള ആചാര്യനെ അല്ലെങ്കില്‍ ഗുരുവിനെയാണ് ക്രിസ്തുവില്‍ അവര്‍
കണ്ടത്. പുതിയ നിയമത്തിലുടനീളം നാം കാണുന്നത് ക്രിസ്തുവിന്‍റെ ഈ ദൈവികാധികാരവും ഭൂമിയിലെ ദൈവരാജ്യ സ്ഥാപനത്തിന്‍റെ അത്ഭുതകരമായ അടയാളങ്ങളുമാണ്.
അധികാരങ്ങള്‍ വിഗ്രഹവത്ക്കരിക്കപ്പെട്ട് ഉയര്‍ത്തിവയ്ക്കുവാനുള്ളതല്ല. മറിച്ച് അതിന്‍റെ അനുഭവം സൗഖ്യമായും സാന്ത്വനമായും സ്നേഹമായും ശുശ്രൂഷയായും സമൂഹത്തില്‍ പങ്കുവയ്ക്കപ്പെടേണ്ടതാണ്. മതപരമായ ചട്ടങ്ങള്‍ പ്രകൃതി നിയമംപോലെ അലംഘനീയമല്ലെന്ന് അവിടുന്നു പഠിപ്പിച്ചു. നിയമം സ്നേഹത്തിന്‍റെ പൂര്‍ത്തീകരണമാണ്, എന്നല്ലേ പൗലോസ് അപ്പസ്തോലന്‍ പഠിപ്പിച്ചത്.

റോമാക്കാര്‍ 13, 10.
സ്നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ട്, സ്നേഹമാണ് നിയമത്തിന്‍റെ പൂര്‍ത്തീകരണം.

സാബത്തു മനുഷ്യനുവേണ്ടിയാണ്, മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല,
എന്ന അടിമുടി വിപ്ലവത്തിന്‍റെ തുടക്കം കൂടിയാണ് ഇന്നത്തെ സുവിശേഷ സംഭവം. എന്നാല്‍ സാബത്തു ലംഘിച്ച് ഒരു പാവം മനുഷ്യന് സൗഖ്യം പകര്‍ന്ന അതേ ക്രിസ്തുവന്‍റെ നാമത്തില്‍ ഇന്നു നാം തുടങ്ങിവയ്ക്കുന്ന ‘പുതിയ സാബത്തുകള്‍’ നിരവധിയാണല്ലോ എന്നോര്‍ക്കുന്നതുതന്നെ ഖേദകരമാണ്.

ആത്മഹത്യ ചെയ്തവനെ പണ്ട് തെമ്മാടിക്കുഴിയിലാണ് അടക്കിയരുന്നത്. അതായത് സെമിത്തേരിക്കു പുറത്ത്. സെമിത്തേരിയിലെ കാടുകയറിയ തെമ്മാടിക്കുഴി അവഗണനയുടെയും പുറംതളളലിന്‍റെയും പ്രതീകമായ പ്രദേശവുമായിരുന്നു. വത്തിക്കാന്‍ സൂനഹദോസിനുശേഷം അതു നവീകരിക്കപ്പെട്ടു. എന്നാല്‍ പ്രാദേശിക സഭകള്‍ പിടിമുറുക്കം വിടുന്നില്ല. തെമ്മാടിക്കുഴി മാറ്റിയെങ്കിലും ആത്മഹത്യ ചെയ്ത മനുഷ്യന് മരണാനന്തര ചങ്ങുകള്‍ ഇനിയും നിഷേധിക്കപ്പെട്ടിരിക്കുന്നു. അന്തിമോപചാര ശുശ്രൂഷകള്‍ അന്തിമോപചാര ശുശ്രൂഷകള്‍ ഒഴിവാക്കി നടത്തുന്ന ആത്മഹത്യചെയ്ത മനുഷ്യന്‍റെ സംസ്കാരം ഒരു പുതിയ സാബത്തു നിയമമല്ലേ, എന്ന് ഇനിയും നാം വിലയിരുത്തേണ്ടതാണ്. ഈ ലോകത്ത് ആരും ആത്മഹത്യ ചെയ്യയുകയല്ല. ജീവിതത്തിന്‍റെ ഓരോ വാതിലും അവനായി, അവള്‍ക്കായി കൊട്ടിയടക്കപ്പെടുമ്പോള്‍ ഒരാള്‍ ശ്വാസംമുട്ടി, വീര്‍പ്പുമുട്ടി മരിക്കുന്നതല്ലേ, ആത്മഹത്യ.
സാബത്തിന്‍റെ പഴയ തോല്‍ക്കുടങ്ങളിലേയ്ക്ക് ക്രിസ്തുവിന്‍റെ പുതുവീഞ്ഞ് നമുക്കിനിയും സ്വീകരിക്കാനാവുന്നില്ല. തിന്മയില്‍ മുങ്ങിത്തുടങ്ങുന്നവരെ രക്ഷിക്കാന്‍ പൂജാകര്‍മ്മങ്ങളുടെ വൈക്കോള്‍ തുമ്പുകള്‍ക്കോ, സുകൃതങ്ങളുടെ മണിമുത്തുകള്‍ക്കോ, അല്ലേലൂയ്യാ അലമുറകള്‍ക്കോ ആവില്ലെന്ന് ക്രിസ്തുവിനറിയാം. അതുകൊണ്ടുതന്നെയാണ്, സിനഗോഗില്‍വച്ച് ബാധയുണ്ടായവനെ അവിടുത്തെ മൊഴിയാലും ശാസനയാലും സുഖപ്പെടുത്തിയത്, അതും
ഒരു സാബത്തു ദിനത്തില്‍ത്തന്നെ.

ക്രിസ്തുവിന്‍റെ നീണ്ട മൗനത്തില്‍നിന്നും ഉയര്‍ന്ന ശക്തിയുള്ള മൊഴിയായിരുന്നു അത്.
മാര്‍ക്ക് 1, 25.
അശുദ്ധാത്മാവു ബാധിച്ചവനെ ഈശോ ഉറക്കെ ശാസിച്ചു, “അവനെ വിട്ടു പുറത്തുവരിക.” അശുദ്ധാത്മാവ് അവനെ തള്ളി വീഴ്ത്തിയിട്ട് ഉച്ചത്തില്‍ അലറിക്കൊണ്ട് പുറത്തേയ്ക്കുപോയി, എന്നാണ് മാര്‍ക്കോസ് സുവിശേഷകന്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഇതുകണ്ട് എല്ലാവരും ആശ്ചര്യപ്പെട്ടു. പരസ്പരം പറഞ്ഞു. “ഇതെന്ത്?! അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ ഇത്!?
അശുദ്ധാത്മക്കളോടുപോലും അവിടുന്ന് ആജ്ഞാപിക്കുന്നല്ലോ.” അവ അനുസരിക്കുകയും ചെയ്യുന്നു. അങ്ങനെ ക്രിസ്തുവിനെക്കുറിച്ചുള്ള പ്രശസ്തി കഫര്‍ണാമിലും ഗലീലിയുടെ സമീപ പ്രദേശങ്ങളിലുമെല്ലാം പെട്ടെന്നു വ്യാപിച്ചു.

‘മൊഴിയും മൗനവും സുവിശേഷവത്ക്കരണ പാതയില്‍,’ എന്ന ശീര്‍ഷകത്തിലാണ് ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഈ വര്‍ഷത്തെ മാദ്ധ്യമദിന സന്ദേശം നല്കിയിരിക്കുന്നത്.
ആശയവിനമയ ലോകത്ത് മൊഴി അല്ലെങ്കില്‍ വാക്കിനുള്ള പ്രാധാന്യംപോലെ മൗനത്തിനും നിശബ്ദതയ്ക്കും പ്രാധാന്യമുണ്ടെന്ന് മാര്‍പാപ്പ സന്ദേശത്തില്‍ മനോഹരമായി സ്ഥാപിക്കുന്നുണ്ട്.
മൊഴിയും മൗനവും പരസ്പര നിഷേധകമാകുമ്പോള്‍, ആശയവിനിമയം ഇല്ലാതാകുന്നു, അല്ലെങ്കില്‍ മുറിഞ്ഞുപോവുകുന്നു, വ്യക്തി ബന്ധങ്ങളില്‍ വിള്ളല്‍ വീഴുന്നു. എന്നാല്‍ അവ പരസ്പര പൂരകങ്ങളാകുമ്പോള്‍ വിനിമയം ഫലവത്താവുകയും, അതിന് അര്‍ത്ഥവും മൂല്യവും ലഭിക്കുകയും ചെയ്യുന്നു.

മൊഴിപോലെതന്നെ ആശയവിനിമയത്തിന്‍റെ സമഗ്രഭാഗമാണ് മൗനം. മൗനമില്ലാതെ ഉയര്‍ത്തപ്പെടുന്ന ശക്തമായ വാഗ്ദ്ധോരണികള്‍ അര്‍ത്ഥശൂന്യമായിത്തീരാം, പൊള്ളയായിപ്പോകാം. മൗനത്തിലാണ് ഒരാള്‍ക്ക് തന്നെത്തന്നെ മനസ്സിലാക്കുവാനും മറ്റുള്ളരെ ശ്രവിക്കുവാനും സാധിക്കുന്നത്. മൗനമായ പ്രാര്‍ത്ഥനയിലും ധ്യാനത്തിലും ജീവിക്കുന്നവന്‍റെ മൊഴിക്ക് കരുത്തുണ്ടായിരിക്കും. മാത്രമല്ല, അവന്‍റെ മൊഴി അപരന് സ്നേഹത്തിന്‍റെ സാന്ത്വന ലേപനമായി മാറുന്നു. പിതാവുമായുള്ള ഐക്യത്തിന്‍റെയും, മൗനമായ പ്രാര്‍ത്ഥനയുടെയും ധ്യാനത്തിന്‍റെയും പിന്‍ബലത്തോടെയാണ് ക്രിസ്തു തന്‍റെ പരസ്യജീവിതം ആരംഭിക്കുന്നത്. ദൈവരാജ്യത്തിന്‍റെ സാമീപ്യവും സാന്നിദ്ധ്യവും തന്‍റെ വാക്കിലൂടെയും പ്രവൃത്തിയിലൂടെയും അവിടുന്ന് ലോകത്തെ അറിയിക്കുകയും, ലോകമവുമായി പങ്കുവയ്ക്കുകയും ചെയ്യുന്നു.

ലൂക്കാ 2, 10.
“ഭയപ്പെടേണ്ടാ, ഇതാ നിങ്ങള്‍ക്കായി രക്ഷകന്‍ പിറന്നിരിക്കുന്നു,” എന്നാണ് ക്രിസ്തു ലോകത്ത് പിറന്നപ്പോള്‍ മാലാഖമാര്‍ ഇടയന്മാരെ അറിയിച്ചത്. കാരണം തിന്മയുടെ ബന്ധനങ്ങളില്‍ നിപതിച്ചവര്‍ക്ക് മോചനവും സൗഖ്യവും പകരുവാന്‍ വന്നവനാണ് അവിടുന്ന്.
വീണ്ടും ലൂക്കാ 4, 18-19
“കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരോട് സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകംചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യവുമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.” ദൈവരാജ്യവും ക്രിസ്തുവും ഒരു പുതിയ സംസ്കൃതിയാണ്. ഇടുങ്ങിയ വഴിയും വാതിലുമാണ് അവിടുത്തേത്. അതിഷ്ടപ്പെടുന്നവര്‍ കുറച്ചുപേരായിരിക്കാം. ക്രിസ്തുവിന്‍റെതന്നെ ഭാഷയില്‍ പറയുകയാണെങ്കില്‍ - ‘ചെറിയ അജഗണം’!

നമുക്കു വിളിച്ചു പ്രാര്‍ത്ഥിക്കാം, പ്രതിസന്ധികളുടെയും ബന്ധനങ്ങളുടെയും ജീവിതത്തില്‍ ക്രിസ്തുവേ, കരളലിഞ്ഞ് ഞങ്ങളെ സുഖപ്പെടുത്താന്‍ വരണമേ. ഞങ്ങളെ ശക്തിപ്പെടുത്തണമേ, നവീകരിക്കണമേ, നയിക്കണമേ.










All the contents on this site are copyrighted ©.