2012-01-27 19:17:46

വിശ്വാസത്തിന്‍റെ എണ്ണവറ്റിയ
വിളക്കുപോലെയാണ് ലോകമെന്ന് പാപ്പ


27 ജനുവരി 2012, വത്തിക്കാന്‍
വത്തിക്കാന്‍റെ വിശ്വാസകാര്യങ്ങള്‍ക്കായുള്ള സംഘത്തിലെ അംഗങ്ങളുമായി ജനുവരി 27-ാം തിയതി രാവിലെ വത്തിക്കാനില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ പാപ്പ നല്കിയ പ്രഭാഷണത്തിന്‍റെ പ്രസക്തഭാഗങ്ങള്‍:
പത്രോസിന്‍റെ പിന്‍ഗാമിയെന്ന നിലയില്‍ തന്‍റെ സഹോദരങ്ങളുടെ വിശ്വാസത്തെ ബലപ്പെടുത്തുവാനുള്ള ഉത്തരവാദിത്വത്തോടും സന്തോഷത്തോടുംകൂടിയാണ് (ലൂക്കാ 22, 32) കര്‍ദ്ദിനാള്‍ വില്യം ലവാദയുടെ നേതൃത്വത്തിലുള്ള വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിലെ അംഗങ്ങളെ കൂടിക്കാഴ്ചയില്‍ സ്വീകരിക്കുന്നതെന്ന് മാര്‍പാപ്പ ആമുഖമായി പ്രസ്താവിച്ചു.

വിശ്വാസ വര്‍ഷാചരണവും നവസുവിശേഷവത്ക്കരണ പദ്ധതിയുടെ ആരംഭവും ഒത്തുചേരുന്ന ഈ വര്‍ഷം രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ പഠനങ്ങളുടെയും കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥത്തിന്‍റെയും വെളിച്ചത്തില്‍ ഉത്ഥിതനായ ക്രിസ്തുവിലുള്ള വിശ്വാസം വ്യാഖ്യാനിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്നതിന് ഏറെ പര്യാപ്തമായ സമയമാണ്.
ലോകമിന്ന് വിശ്വാസത്തിന്‍റെ എണ്ണവറ്റിയ വിളക്കുപോലെയാണ്. മതാത്മകമായ ജീവിത്തിന്‍റെ മാനം ഇന്ന് മനുഷ്യന് നഷ്ടമായിക്കൊണ്ടിരിക്കുന്നു. ലോകത്തില്‍ സ്വന്തമായുള്ളവരെ സ്നേഹിക്കുകയും, അവസാനംവരെ സ്നേഹിക്കുകയും ചെയ്ത (യോഹന്നാന്‍ 13, 1), ക്രിസ്തുവിന്‍റെ അന്ത്യത്താഴ വിരുന്നിലെ വാക്കുകള്‍ മാനിച്ചുകൊണ്ട് ഇന്നും ദൈവജനം ഒന്നടങ്കം ലോകത്തിന്‍റെ വിശ്വാസ നവീകരണത്തിനുള്ള പരിശ്രമത്തില്‍ പങ്കുചേരേണ്ടതാണ്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്‍റെ കാഴ്ചപ്പാടില്‍ ക്രൈസ്തവൈക്യ സംരംഭം ‘എല്ലാവരും ഒന്നായിരിക്കുന്നതിന്’ (യോഹ. 17, 21) എന്ന ക്രിസ്തുവിന്‍റെ പ്രാര്‍ത്ഥനയില്‍നിന്നും ഉതിര്‍ക്കൊള്ളുന്ന ജീവിക്കേണ്ട ആത്മീയതയാണ് (എക്യുമെനിസം 8). അതുകൊണ്ടുതന്നെ വിശ്വാസ നവീകരണം സഭയുടെ ഇന്നിന്‍റെ വെല്ലുവിളിയാണ്. വിവിധ സഭകളുമായുള്ള ഐക്യത്തിനായുള്ള പരിശ്രമം വളര്‍ന്നിട്ടുണ്ടെങ്കിലും, കത്തോലിക്കാ ആദര്‍ശങ്ങളോട് പൊതുവെ ഒരു നിസങ്കതയും അകല്‍ച്ചയും കാണുന്നുണ്ട്. തത്ഫലമായി നീണ്ട സഭൈക്യ സംവാദത്തില്‍നിന്നും വളരെക്കുറച്ച് ഫലങ്ങള്‍ മാത്രമേ നേടാനായിട്ടുള്ളൂ എന്നത് സത്യമാണ്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസില്‍നിന്നും ദശകങ്ങള്‍ അകലെയാണെങ്കിലും അതു നല്കിയിട്ടുള്ള സഭകളുടെ കൂട്ടായ്മയ്ക്കും സംവാദത്തിനുമായുള്ള അടിസ്ഥാന തത്വങ്ങളും ദര്‍ശനവും ഇന്നും പ്രസക്തമാകയാല്‍ നാം പഠിക്കുകയും വ്യക്തമായി മനസ്സിലാക്കുകയും ചെയ്യേണ്ടതാണ്.

ക്രിസ്തുവില്‍ അടിയുറച്ച വിശ്വാസമില്ലാതെ സഭൈക്യസംരംഭം പൊതുതാല്പര്യങ്ങളില്‍ ഒത്തുചേരുന്ന സാമൂഹ്യസംരംഭമായി അധഃപതിക്കുമെന്നതില്‍ സംശയമില്ല. രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വ്യക്തമായി പഠിപ്പിക്കുന്നതുപോലെ, സുവിശേഷത്തിന്‍റെ ബലതന്ത്രത്താല്‍ നയിക്കപ്പെടുന്ന ക്രിസ്തുവിലും അവിടുത്തെ സഭയിലും യാഥാര്‍ത്ഥ്യമാകേണ്ട ദൃശ്യമായ ഐക്യമാണ് സഭൈക്യപ്രസ്ഥാനംകൊണ്ട് ലക്ഷൃംവയ്ക്കുന്നത്. സഭകള്‍ തമ്മിലുള്ള സംവാദത്തിന്‍റെ പാതയില്‍ കത്തോലിക്കാ വിശ്വാസം ജീവിക്കുന്നതും പ്രഘോഷിക്കുന്നതുമായ ശൈലിയില്‍ മാറ്റം വരുത്തരുതെന്ന കാര്യം ഓക്കേണ്ടതാണ് (Unitatis Redintregratio, 11). സത്യം അറിഞ്ഞ് അത് പ്രഘോഷിക്കുക, എന്നത് ഏതു സംവാദത്തിന്‍റെയും അടിസ്ഥാനമായിരിക്കണം. സഹോദര്യത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും അരൂപിയില്‍ സഭ പ്രഘോഷിക്കുന്ന സത്യത്തിന്‍റെ വെളിച്ചത്തില്‍ ഉയര്‍ന്നുവരാവുന്ന വിവാദപരമായ പ്രശ്നങ്ങള്‍ വിശ്വസ്തതയോടെ നേരിടുകയും അവയ്ക്ക് ശരിയായ പരിഹാരം കണ്ടെത്തുകയും ചെയ്യേണ്ടതാണ്.

നവമായ ശ്രദ്ധയും വിചിന്തനവും ആവശ്യമായിരിക്കുന്ന രണ്ടു മേഖലകള്‍ ഏവരുടെയും ശ്രദ്ധയില്‍ കൊണ്ടുവരുകയാണ്. ഒന്നാമത്തേത് സഭാ പാരമ്പര്യത്തെക്കുറിച്ചുള്ളതാണ്.
കത്തോലിക്കാ സഭാ പാരമ്പര്യങ്ങളെ ഇതര സഭാ വിഭാഗങ്ങളില്‍ വളര്‍ന്നുവന്നിട്ടുള്ള പാരമ്പര്യങ്ങളുമായി കൂട്ടിക്കലര്‍ത്തുകയോ മാറ്റിമറിക്കുകയോ ചെയ്യരുത്. വിശുദ്ധ ഗ്രന്ഥവും, പാരമ്പര്യവും പ്രബോധനാധികാരവും തമ്മിലുള്ള അന്യൂനമായ ബന്ധം കത്തോലിക്കാ സഭാ എന്നും പഠിപ്പിക്കുന്ന മൗലികതത്വമാണ്. ഇതു സംബന്ധിച്ച് വളരെ വ്യക്തമായ ദര്‍ശനമാണ് സഭയുടെ Anglicanorum Coetibus എന്ന അപ്പസ്തോലിക പ്രബോധനം വളരെ അടുത്ത കാലത്ത് നല്കിയിട്ടുള്ളത്. സഭകളിലുള്ള ആത്മീയ സമ്പത്താകുന്ന ക്രിസ്തുവിലുള്ള വിശ്വാസത്തെ പങ്കുവയ്ക്കാവുന്ന ദൈവികദാനമായി കാണുമ്പോള്‍, അവയിലെ ആരാധനക്രമപരവും അജപാലനപരവുമായ വൈവിധ്യങ്ങളെ എപ്പോഴും അംഗീകരിക്കാവുന്നതാണ്. സഭൈക്യസംവാദത്തില്‍ വെല്ലുവിളികളുയര്‍ത്തുന്ന മറ്റൊരു മേഖലയാണ് ധാര്‍മ്മിക മൂല്യങ്ങള്‍. ജീവന്‍, കുടുംബം, ലൈംഗികത, സ്വാതന്ത്ര്യം, നീതി, സമാധാനം എന്നിവയുടെ ധാര്‍മ്മികതയില്‍ സഭൈക്യത്തിന്‍റെയോ സംവാദത്തിന്‍റെയോ പേരില്‍ ഇന്നത്തെ ലോകഗതിയുടെ കുത്തൊഴുക്കില്‍പ്പെട്ട് വിട്ടുവീഴ്ചകള്‍ വരുത്താനുവുന്നതല്ല. പ്രകൃതി നിയമത്തിന്‍റെയും മാനുഷിക നിയമങ്ങളുടെയും സത്യസന്ധമായ വെളിച്ചം ക്രിസ്തുവിന്‍റെ സുവിശേഷ ചൈതന്യത്തില്‍ ഇന്നത്തെ ലോകത്തിന് പകര്‍ന്നുകൊടുക്കേണ്ട വലിയ ഉത്തരവാദിത്തം അടിസ്ഥാനപരമായി ഇന്ന് ഓരോ ക്രൈസ്തവനിലും നിക്ഷിപ്തമാണ്. ഐക്യത്തിനായുള്ള പ്രസാദവരത്തിന്‍റെ കരുത്താര്‍ന്ന പ്രചോദനം ലോകത്തില്‍ അങ്ങോളമിങ്ങോളം അനേകായിരങ്ങളില്‍ അലതല്ലുകയാണ്. പരിശുദ്ധാത്മാവിന്‍റെ വരദാനത്താല്‍ പുനരൈക്യത്തിനായുള്ള നവോന്മേഷം നമ്മുടെ വേര്‍പെട്ടു നില്ക്കുന്ന സഹോദരങ്ങളില്‍ അനുദിനം വളരുന്നുണ്ട്. ത്രിത്വൈക ദൈവത്തെ വിളിച്ചപേക്ഷിക്കുകയും ക്രിസ്തുവിനെ നാഥനും രക്ഷകനുമായി ഏറ്റു പറയുകയും ചെയ്യുന്നരെല്ലാം ഐക്യത്തിന്‍റെ പാതയില്‍ വളരട്ടെ.

“അവരെല്ലാവരും ഒന്നായിരിക്കാന്‍വേണ്ടി, പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങിലും ആയിരിക്കുന്നതുപോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും, അങ്ങനെ അവിടുന്ന് എന്നെ അയച്ചതെന്ന് ലോകം അറിയുന്നതിനുംവേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.” യോഹന്നാന്‍ 17, 21

.








All the contents on this site are copyrighted ©.