2012-01-25 18:16:56

സുവിശേഷവത്ക്കരണ പാതിയിലെ മൊഴിയും മൗനവും
മാര്‍പാപ്പ നല്കുന്ന മാധ്യമദിന സന്ദേശം


25 ജനുവരി 2012, റോം
‘സുവിശേഷവത്ക്കരണ പാതിയിലെ മൊഴിയും മൗനവും,’ എന്ന മാധ്യമദിന സന്ദേശം മാര്‍പാപ്പയുടെ അപാരമായ ചിന്തയും വാഗ്ദ്ധോരണിയും വെളിപ്പെടുത്തുന്നുവെന്ന് ഫാദര്‍ ജേക്കബ് സ്രാംമ്പിക്കല്‍, റോമിലെ ഗ്രിഗോരിയന്‍ യൂണിവേഴ്സിറ്റി മാധ്യമവിഭാഗം പ്രഫസര്‍ അഭിമുഖത്തില്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ മദ്ധ്യസ്ഥന്‍ വിശുദ്ധ ഫ്രാന്‍സിസ് സാലസിന്‍റെ തിരുനാള്‍ ദിനമായ ജനുവരി 24-ാം തിയതി വത്തിക്കാനില്‍ പ്രസിദ്ധീകരിച്ച, 2012-ാമാണ്ടിലെ മാര്‍പാപ്പയുടെ ലോക മാധ്യമദിന സന്ദേശത്തെ വ്യാഖ്യാനിച്ചുകൊണട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ സ്രാമ്പിക്കല്‍ ഇപ്രകാരം പ്രസ്താവിച്ചത്.

സമൂഹത്തിന്‍റെ പ്രവൃത്തിപഥത്തില്‍ വരാത്ത പൊള്ളയായ വാക്മൊഴിയും അതിന്‍റെ മറുപുറമായ മൗനവുമാണ് പാപ്പാ ഈ വര്‍ഷത്തെ മാധ്യമദിനത്തിന്‍റെ പ്രമേയമായി നല്കുന്നതെന്ന് ഫാദര്‍ സ്രാമ്പിക്കല്‍ അഭിമുഖത്തില്‍ വിശദീകരിച്ചു.

വാചാലമായ വചനപ്രഘോഷണത്തിലൂടെ മാത്രമല്ല, ധ്യാനത്തിലൂടെയും മൗനപ്രാര്‍ത്ഥനയിലൂടെയും കൂദാശകളുടെയും ആരാധനക്രിമത്തിന്‍റെ അടയാളങ്ങളിലൂടെയും
സഭ എന്നും നിശ്ശബ്ദമായി ലോകത്തോട് സംവദിക്കുന്നുണ്ടെന്ന്, വത്തിക്കാന്‍റെ സാമൂഹ്യ സമ്പര്‍ക്ക മാധ്യമ കമ്മിഷനില്‍ ദീര്‍ഘപരിചയമുള്ള ഫാദര്‍ സ്രാമ്പിക്കല്‍ വെളിപ്പെടുത്തി.

ആശയവിനിമയത്തെ വെറും പ്രസംഗമായി ചുരുക്കുന്നത് ആശയദാരിദ്ര്യമാണെന്നും, മനുഷ്യന്‍റെ പഞ്ചേന്ദ്രിയങ്ങള്‍ക്ക് വിനിമയശേഷിയുള്ളതിനാല്‍ മൗനാന്തരീക്ഷത്തില്‍നിന്നും ദൃശ്യ-ശ്രാവ്യ ശക്തിയുടെയും, ഗന്ധത്തിന്‍റെയും, സ്പര്‍ശത്തിന്‍റെയും രുചിയുടെയും ഇന്ദ്രിയതലങ്ങളിലും പ്രശാന്തമായി ആശയവിനിമയം ചെയ്യാനാവുമെന്നും പാപ്പാ സന്ദേശത്തില്‍ സമര്‍ത്ഥിക്കുന്നുവെന്ന് ഫാദര്‍ സ്രാമ്പിക്കല്‍ ചൂണ്ടിക്കാട്ടി.









All the contents on this site are copyrighted ©.