2012-01-24 16:14:42

നൈജീരിയായിലെ സംഘര്‍ഷാവസ്ഥ


24 ജനുവരി 2012, കാനോ
ഉത്തര നൈജീരിയയിലെ കനോ പട്ടണവാസികള്‍ ബൊക്കൊ ഹറാം ഭീകരവാദികള്‍ നടത്തിയ ആക്രമണത്തിന്‍റെ ആഘാതത്തില്‍ നിന്ന് വിമുക്തരായിട്ടില്ലെന്ന് ബിഷപ്പ് ജോണ്‍ നമാസി നിയിറിങ്ങ്. ജനുവരി 20ാം തിയതി വെള്ളിയാഴ്ച്ച ആക്രമണപരമ്പരയ്ക്കു തുടക്കമിട്ട സായുധ ഭീകരസംഘാംഗങ്ങള്‍ സുരക്ഷാസേനയുടെ വേഷം ധരിച്ചാണ് എത്തിയതെന്ന് ഫീദെസ് വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ ബിഷപ്പ് വെളിപ്പെടുത്തി. ആക്രമണങ്ങളില്‍ ചില ക്രൈസ്തവദേവാലയങ്ങള്‍ക്കു കേടുപാടുകള്‍ പറ്റിയെങ്കിലും വൈദീകരും സന്ന്യസ്തരും സുരക്ഷിതരാണെന്ന് അദ്ദേഹം അറിയിച്ചു.
ഐക്യനൈജീരിയയെന്ന സ്വപ്നവും നൈജീരിയന്‍ ജനതയുടെ ഭാവിപ്രതീക്ഷകളുമാണ് ഭീകരവാദികള്‍ തച്ചുടയ്ക്കുന്നതെന്ന് ജോസ് അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ഇഗ്നാത്തിയോസ് കയിഗ്മ അഭിപ്രായപ്പെട്ടു. ഒരു രാഷ്ട്രമെന്ന നിലയില്‍ നൈജീരിയയുടെ സുസ്ഥിരതയ്ക്കാണ് ആക്രമണങ്ങള്‍ ഭീഷണി ഉയര്‍ത്തുന്നത്. രാജ്യത്തെ വടക്കന്‍ പ്രദേശങ്ങളിലുള്ളവരും തെക്കന്‍ പ്രദേശങ്ങളിലുള്ളവരും തമ്മില്‍ സംഘര്‍ഷങ്ങള്‍ ഉടലെടുക്കുന്നതിന് ഭീകരാക്രമണങ്ങള്‍ കാരണമായിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.








All the contents on this site are copyrighted ©.