2012-01-24 16:15:02

ഈജിപ്തില്‍ വിപ്ലവാനന്തര പ്രഥമ പാര്‍ലമെന്‍റ് സമ്മേളനം


24 ജനുവരി 2012, കയ്റോ
ഈജിപ്തിലെ ഏകാധിപതി ഹുസ്നി മുബാറക്കിന്‍റെ പതനത്തിനുശേഷം പൊതുതിരഞ്ഞെടുപ്പിലൂടെ നിലവില്‍ വന്ന പാര്‍ലമെന്‍റിന്‍റെ പ്രഥമ സമ്മേളനം ജനുവരി 23ാം തിയതി തിങ്കളാഴ്ച നടന്നു. നിയമസഭയിലെ 73% സീറ്റുകള്‍ മുസ്ലീം ബ്രദര്‍ഹുഡും സലഫിയും ചേര്‍ന്ന് നേടി. മുസ്ലീം ബ്രദര്‍ഹുഡിന്‍റെ രാഷ്ട്രീയരൂപമായ ഫ്രീഡം ആന്‍ഡ് ജസ്റ്റിസ് പാര്‍ട്ടി (എഫ്.ജെ.പി.)യാണ് ഏറ്റവും വലിയ ഒറ്റകക്ഷി. 47 ശതമാനം വോട്ടുകളോടെ എഫ്.ജെ.പി 235 സീറ്റുകള്‍ നേടി. യഥാസ്ഥിക സ്വഭാവമുള്ള സലഫി അല്‍ നൂര്‍ പാര്‍ട്ടി 25% വോട്ടുകളോടെ 121 സീറ്റുമായി രണ്ടാമത്തെ വലിയ കക്ഷിയായി. ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തമാസം പൂര്‍ത്തിയാകും.

ഇസ്ലാമിക കക്ഷികളുടെ വിജയത്തെ ആശങ്കയോടെയാണ് വീക്ഷിക്കുന്നതെങ്കിലും ഈജിപ്ഷ്യന്‍ ജനഹിതമായാണ് തിരഞ്ഞെടുപ്പു വിജയത്തെ വിലയിരുത്തുന്നതെന്ന് അന്നാട്ടിലെ കത്തോലിക്കാസഭയുടെ വക്താവ് ഫാദര്‍ റാഫിക്ക് ഗ്രെയിക്കേ പ്രസ്താവിച്ചു. ക്രൈസ്തവര്‍ക്കും ഇതര ന്യൂനപക്ഷങ്ങള്‍ക്കും മുസ്ലീം പൗരന്‍മാരേപ്പോലെ തുല്യ അവകാശങ്ങളാണ് എഫ്.ജെ.പി. വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ഫാദര്‍ ഗ്രയിക്കെ ഏഷ്യാവാര്‍ത്താ ഏജന്‍സിക്ക് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ഈജിപ്തിന്‍റെ ജനാധിപത്യഭാവിയുടെ ഗതിനിര്‍ണ്ണയിക്കുന്ന പുതിയ ഭരണഘടനയ്ക്കു രൂപം നല്‍കുകയാണ് സര്‍ക്കാരിന്‍റെ പ്രഥമ വെല്ലുവിളിയെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.