2012-01-19 18:20:40

അനൈക്യം സുവിശേഷവത്ക്കരണത്തിന്
വിഘാതമാകുന്ന ഘടകം


19 ജനുവരി 2012, വത്തിക്കാന്‍
ക്രൈസ്തവരുടെ അനൈക്യമാണ് സുവിശേഷവത്ക്കരണത്തെ തച്ചുടയ്കുന്ന മുഖ്യഘടകമെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പ്രസ്താവിച്ചു. ജനുവരി 18-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ നടത്തിയ പൊതുകൂടിക്കാഴ്ചാ പ്രഭാഷണമദ്ധ്യേ, ക്രൈസ്തവൈക്യ വാരത്തിന്‍റെ പ്രാരംഭത്തെക്കുറിച്ച് തന്നെ ശ്രവിക്കുവാനെത്തിയ തീര്‍ത്ഥാടകരെ അനുസ്മരിപ്പിക്കവേയാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ആധുനിക ക്രൈസ്തവൈക്യ പ്രസ്ഥാനത്തിന് ഒരു നൂറ്റാണ്ടു പഴക്കമുണ്ടെങ്കിലും, ഭിന്നിച്ചുനിന്നുകൊണ്ട് ലോകത്തിന് ബോദ്ധ്യമുള്ള സാക്ഷൃമേകാനാവില്ലെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി. വിശ്വാസസത്യങ്ങളുടെ അടിസ്ഥാന മൂല്യങ്ങളില്‍ ക്രൈസ്തവ സഭകള്‍ തമ്മില്‍ വിയോജിപ്പിനെക്കാള്‍ കൂടുതല്‍ യോജിപ്പാണെങ്കിലും; പ്രായോഗികവും ധാര്‍മ്മികവുമായ ചില കാരണങ്ങളാണ് പരസ്പര കലഹത്തിനും ഭിന്നിപ്പിനും വഴിതെളിക്കുന്നതെന്ന് പാപ്പാ പ്രസ്താവിച്ചു. സഭകള്‍ തമ്മിലുള്ള മാനുഷികവും പ്രായോഗികവുമായ ഈ വിയോജിപ്പാണ് ഫലവത്തായ സുവിശേഷവത്ക്കരണത്തിന് വിഘാതമായി നില്കുന്നതെന്നു പ്രസ്താവിച്ച പാപ്പാ, ആര്‍ജ്ജിച്ചെടുക്കാവുന്ന ഒരു മാനുഷിക മൂല്യത്തിനുമപ്പുറം, യാചിച്ചു നേടേണ്ട ദൈവികദാനമാണ് സഭൈക്യമെന്നും, അകയാല്‍ തുടര്‍ന്നും ക്രൈസ്തവൈക്യത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നാമായി പൊതുകൂടിക്കാഴ്ചയ്ക്കായി വത്തിക്കാനിലെത്തിയ ആയിരക്കണക്കിന് വിശ്വാസികളെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.