2012-01-17 20:06:35

മാതാപിതാക്കളും അദ്ധ്യാപകരും വൈദികരും
ദൈവവിളിയുടെ പ്രായോക്താക്കളെന്ന് മാര്‍പാപ്പ


15 ജനുവരി 2012, വത്തിക്കാന്‍
ദൈവവിളിയുടെ ആഖ്യാനങ്ങള്‍ക്ക് പൊതുവായ ഘടനയുണ്ട്. വിളിക്കുന്ന ദൈവത്തിങ്കലേയ്ക്ക് വ്യക്തികളെ നയിക്കുന്നവര്‍ക്ക് അതില്‍ വലിയ പങ്കുമുണ്ട്. ക്രിസ്തു തന്‍റെ ആദ്യ ശിഷ്യന്മാരെ വിളിക്കുന്നതും സാമുവലിനെ ദൈവം വിളിക്കുന്നതുമായ ആഖ്യാനങ്ങള്‍ പരിശോധിച്ചാല്‍ ദൈവവിളിയുടെ പ്രായോക്താക്കളായ വ്യക്തികളെ തിരിച്ചറിയാനാകും. വിളിക്കുന്ന ദൈവത്തിന്‍റെ ശബ്ദം തിരിച്ചറിയുന്നതിലും വിളിയോടു പ്രത്യുത്തരിക്കുന്നതിലും സഹായിക്കുന്നതില്‍ മദ്ധ്യസ്ഥരായി നല്ക്കുന്ന വ്യക്തികളാണ് ദൈവവിളിയുടെ പ്രായോക്താക്കള്‍.

ഇസ്രായേലിന്‍റെ പഴയ വാഗ്ദത്ത പേടകം ജരൂസലേമിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനു
മുന്‍പ് സൂക്ഷിച്ചിരുന്ന സീലോഹായിലെ ദേവാലയത്തിന്‍റെ ശുശ്രൂഷകനായിരുന്ന പുരോഹിതന്‍ ഏലിയാണ് സാമുവല്‍ പ്രവാചകന്‍റെ ദൈവവിളി തിരിച്ചറിയുന്നതിനും അതിലേയ്ക്ക് യുവാവായ സാമുവലിനെ നയിക്കുന്നതും. ബാലനായിരുന്ന കാലംമുതല്‍ കര്‍ത്താവിന്‍റെ ശുശ്രൂഷയില്‍ സ്വയം സമര്‍പ്പിച്ച സാമുവല്‍, സീലോഹായിലെ ദേവാലയ ശുശ്രൂഷചെയ്തു വളരുകയായിരുന്നു. ഒരു രാത്രിയില്‍ ആരോ തന്നെ വിളിക്കുന്നതായി മൂന്നു പ്രാവശ്യം സാമൂവല്‍ കേട്ടു. ദേവാലയത്തിലെ പുരോഹിതനായ ഏലി തന്നെ വിളിക്കുകയാണെന്നു വിചാരിച്ച് മൂന്നു പ്രാവശ്യവും സാമുവല്‍ ഉണര്‍ന്ന് അദ്ദേഹത്തിന്‍റെ പക്കല്‍ചെന്ന്, “തന്നെ വിളിച്ചുവോ,” എന്ന് അന്വേഷിച്ചിരുന്നു. “വിളിച്ചില്ല,” എന്നു മൂന്നു പ്രാവശ്യവും പറഞ്ഞ പുരോഹിതന്‍ ഏലിയാണ് ദൈവമാണ് വിളിക്കുന്നതെന്ന സൂചന സാമുവലിന് നല്കിയത്.

“ഇപ്പോള്‍ നീ പോയി കിടന്നുകൊള്ളുക. എന്നാല്‍ ഇനിയും നീ ആ വിളികേട്ടാല്‍, ഉണര്‍ന്നിരുന്ന് ഇങ്ങനെ പറയുക, കര്‍ത്താവേ, അരുളിച്ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു,” ഇങ്ങനെ നിര്‍ദ്ദേശിച്ചിട്ട് ഏലി സാമുവലിനെ പറഞ്ഞയച്ചു. 1 സാമുവല്‍ 3, 9.
സാമുവല്‍ പോയിക്കിടന്നു. അപ്പോള്‍ കര്‍ത്താവ് മുന്‍പിലത്തേതുപ്പോലെതന്നെ, “സാമുവല്‍, സാമുവല്‍,” എന്നു വിളിച്ചു. സാമുവല്‍ പ്രതിവചിച്ചു. “കര്‍ത്താവേ, അരുള്‍ചെയ്താലും, അങ്ങയുടെ ദാസന്‍ ഇതാ ശ്രവിക്കുന്നു.” അങ്ങനെയാണ് സാമുവല്‍ കര്‍ത്താവിന്‍റെ സ്വരം തിരിച്ചറിഞ്ഞത്. പിന്നീട് പുരോഹിതനായ ഏലിയുടെ പ്രേരണയില്‍ പ്രവാചക ദൗത്യം കര്‍ത്താവില്‍നിന്നും സാമുവല്‍ ഏറ്റെടുക്കുന്നത്.

ക്രിസ്തുവിന്‍റെ ശിഷ്യന്മാരുടെ വിളിയെക്കുറിച്ചു പഠിക്കുമ്പോള്‍, അതില്‍ പ്രായോക്താവായി വരുന്നത് സ്നാപകയോഹന്നാനാണ്. വളരെ വിപുലമായൊരു സുഹൃദ് വലയം യോഹന്നാനുണ്ടായിരുന്നു. അവരില്‍ ഗലീലിയായില്‍നിന്നുമുള്ള മുക്കുവന്മാരായ സഹോദരങ്ങളാണ് ക്രിസ്തുവിന്‍റെ ആദ്യ ശിഷ്യന്മാര്‍ - സിമയോണ്‍ പത്രോസും അയാളുടെ സഹോദരന്‍ അന്ത്രയോസും, പിന്നെ സെബദീപുത്രന്മാരായ യോഹന്നാനും യാക്കോബും. യോര്‍ദ്ദാനില്‍ ജ്ഞാനസ്നാനം സ്വീകരിച്ച് നടന്നു നീങ്ങവേയാണ്, സ്നാപകയോഹന്നാന്‍ ആദ്യമായി ക്രിസ്തുവിനെ കൃത്യമായി ചൂണ്ടിക്കാണിച്ചുകൊടുന്നത് ഈ സഹോദര ജോഡികളില്‍ രണ്ടുപേര്‍ക്കാണ്- അന്ത്രയോസിനും യോഹന്നാനും. “ഇതാ ദൈവത്തിന്‍റെ കുഞ്ഞാട്, ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്നവന്‍. നിങ്ങള്‍ ഇവനെ അനുഗമിക്കുവിന്‍.”
“ഇതാ, ക്രിസ്തു, ഇതാ രക്ഷകന്‍,” എന്നു പറയുന്നതിനു തുല്യമായിരുന്നു യോഹന്നാന്‍റെ ഈ പ്രസ്താവം. അങ്ങനെ സ്നാപകയോഹന്നാന്‍ നല്കിയ മാര്‍ഗ്ഗദര്‍ശനത്താല്‍ ക്രിസ്തുവിനെ അനുഗമിച്ചവരില്‍ എല്ലാവരുംതന്നെ അവിടുന്ന് രക്ഷകനാണെന്ന ഉറച്ചബോധ്യത്തില്‍ അവസാനംവരെ വിശ്വസ്തരായി ജീവിച്ചു. അങ്ങനെ രക്ഷകനെ കാണുകയും അവിടുത്തെ സ്വീകരിക്കുകയും ചെയ്തവര്‍ ആ സദ്വാര്‍ത്ത ഉടനെ തന്നെ മറ്റുള്ളവരുമായും പങ്കുവയ്ക്കുന്നു. “ഞങ്ങള്‍ രക്ഷകനെ കണ്ടു”വെന്ന് അവര്‍ മറ്റുള്ളവരോട് പ്രഘോഷിക്കുകയും, അവരെയും അവിടുത്തെ പക്കലേയ്ക്ക് ആനയിക്കുകയും ചെയ്തു. ഇപ്രകാരമാണ് ക്രിസ്തുവിനുചുറ്റം
ഒരു വലിയ ശിഷ്യവൃന്ദം അതിവേഗം രൂപീകൃതമായത്.









All the contents on this site are copyrighted ©.