2012-01-17 17:11:09

തടവില്‍ക്കഴിയുന്ന മെത്രാന്‍മാരുടേയും വൈദീകരുടേയും മോചനം ചൈനയ്ക്കും നല്ലത്: ആര്‍ച്ചുബിഷപ്പ് തായ് - ഫായ്


17 ജനുവരി 2012, വത്തിക്കാന്‍
ചൈനയില്‍ തടവില്‍ കഴിയുന്ന മെത്രാന്‍മാരേയും വൈദീകരേയും മോചിപ്പിക്കുന്നത് അന്താരാഷ്ട്ര തലത്തില്‍ ചൈനയുടെ പ്രതിച്ഛായ മെച്ചപ്പെടുത്താന്‍ സഹായകമാകുമെന്ന് ജനതകളുടെ സുവിശേഷവല്‍ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് സാവിയോ ഹോന്‍ തായ് – ഫായ്. പൊലീസ് കസ്റ്റഡിയില്‍ ‘അപ്രത്യക്ഷരാകുകയോ’ നിര്‍ബ്ബന്ധിത തൊഴില്‍ കേന്ദ്രങ്ങളില്‍ തടവില്‍ കഴിയുകയോ ചെയ്യുന്ന മെത്രാന്‍മാരുടേയും വൈദീകരുടേയും മോചനത്തിനുവേണ്ടി ഏഷ്യാ വാര്‍ത്താ ഏജന്‍സി നടത്തുന്ന പ്രചരണപരിപാടിയെക്കുറിച്ചുള്ള ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. തടവില്‍ കഴിയുന്നവരെക്കുറിച്ച് പരിശുദ്ധ സിംഹാസനത്തിനോ നയതന്ത്രജ്ഞര്‍ക്കോ ചൈനീസ് ഭരണകൂടം ഒരു വിവരവും നല്‍കുന്നില്ലെങ്കിലും ആരും അവരെ വിസ്മരിച്ചിട്ടില്ലെന്ന് ആര്‍ച്ചുബിഷപ്പ് എടുത്തു പറഞ്ഞു. ചൈനീസ് സ്വദേശിയായ താന്‍ അവരുടെ ജീവിത സാക്ഷൃത്തില്‍ അഭിമാനിക്കുന്നുവെന്നും ആര്‍ച്ചുബിഷപ്പ് ഹോന്‍ തായ്-ഫായ് പ്രസ്താവിച്ചു. തടവില്‍ കഴിയുന്ന മെത്രാന്‍മാരേയും വൈദീകരേയും ‘സുവിശേഷവല്‍ക്കരണം ഫലദായകമാക്കുന്ന രക്തസാക്ഷികള്‍’ എന്ന് വിശേഷിപ്പിച്ച ആര്‍ച്ചുബിഷപ്പ് ലോകമെങ്ങുമുള്ള വിശ്വാസികള്‍ക്ക് ധീരതയുടെ മാതൃകയാണ് അവര്‍ നല്‍കുന്നതെന്നും അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.