2012-01-16 17:12:50

ഇറാക്കില്‍ തീര്‍ത്ഥാടകര്‍ക്കെതിരേ ആക്രമണം : യു.എന്‍ അപലപിച്ചു


16 ജനുവരി 2012, ഇറാക്ക്
തെക്കന്‍ ഇറാക്കിലെ ഷിയാ തീര്‍ത്ഥാടനകേന്ദ്രത്തിനു സമീപം നടന്ന ഭീകരാക്രമണത്തെ യു.എന്‍ ശക്തമായി അപലപിച്ചു. പതിനാലാം തിയതി ശനിയാഴ്ച തുറമുഖ നഗരം ബസ്രയില്‍ അര്‍ബിയാന്‍ ആചരണത്തിനെത്തിയ ഷിയാ തീര്‍ത്ഥാടകര്‍ക്കുനേരേ നടന്ന ചാവേറാക്രമണത്തില്‍ അന്‍പതിലധികം പേര്‍ മരണമടയുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തെ ഇറാക്കിലുള്ള പ്രത്യേക യു.എന്‍ പ്രതിനിധി മാര്‍ട്ടിന്‍ കൊബ്ലര്‍ രൂക്ഷമായി വിമര്‍ശിച്ചു. നിരായുധരായ ജനങ്ങള്‍ക്കുനേരെ ക്രൂരമായ ആക്രമണങ്ങള്‍ നടത്തുന്നത് ഖേദകരമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. ഇറാക്കിലെ പൗരന്‍മാര്‍ തങ്ങളുടെ പൊതുപാരമ്പര്യത്തില്‍ ഉറച്ചുനിന്നുകൊണ്ട് അക്രമത്തിന്‍റെ ശൃംഘല ഭേദിച്ചു പുറത്തുവരണമെന്ന് യു.എന്നിന്‍റെ ഇറാക്ക് ദൗത്യസംഘത്തിന്‍റെ മേധാവി കോബ്ലര്‍ ഇറാക്ക് ജനതയെ ആഹ്വാനം ചെയ്തു. സമാധാനത്തിലും, സുസ്ഥിരതയിലും ദേശീയ അനുരജ്ഞന ശ്രമങ്ങളിലും തുടരുവാന്‍ അന്നാട്ടിലെ ജനങ്ങള്‍ നടത്തുന്ന പ്രയത്നങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു.








All the contents on this site are copyrighted ©.