2012-01-14 17:56:59

സുവിശേഷപരിചിന്തനം
15 ജനുവരി 2012
മലങ്കര റീത്ത്


ലൂക്കാ 4, 14-22
ദൈവാനുഭവം ഉണ്ടാകുക എന്നതും, ദൈവാനുഗ്രഹം നേടുകയെന്നതും എല്ലാവരുടെയും ആഗ്രഹമാണ്.
ഒരിക്കല്‍ ഒരാള്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “ദൈവമേ, അങ്ങ് ഒന്നെന്നോടു സംസാരിക്കണം.”
അപ്പോള്‍ അകലെ ഒരു വാനമ്പാടി ഉറക്കെ പാടിയെങ്കിലും, ആ മനുഷ്യന്‍ അതിന്‍റെ പാട്ടുകേട്ടില്ല.

മറ്റൊരു ദിവസം അയാള്‍ വീണ്ടും പ്രാര്‍ത്ഥിച്ചു,
“ദൈവമേ, എന്നാണ് അങ്ങയുടെ സാന്നിദ്ധ്യമൊന്ന് എനിക്ക് അനുഭവിക്കുവാന്‍ സാധിക്കുന്നത്?”
അപ്പോള്‍ അടുത്ത് ആകാശത്തില്‍ കര്‍ക്കിടകത്തിന്‍റെ ഇടിനാദം ശക്തമായി മുഴക്കിക്കൊണ്ട് ഒരു മിന്നല്‍പ്പിണര്‍ അയാളുടെ അടുത്തുകൂടെ പാഞ്ഞുപോയി. ധൈര്യശാലിയായ മനുഷ്യന്‍ അതത്ര കാര്യമാക്കിയില്ല.

വീണ്ടും അയാള്‍ ദൈവത്തോട് ഇങ്ങനെ ആവലാതിപ്പെട്ടു,
“ദൈവമേ, എത്രനാളായ് എന്‍റെ ഈ പ്രാര്‍ത്ഥന….
എന്നാണ് അങ്ങ് എനിക്ക് ഒരു ദര്‍ശനം തരാന്‍ പോകുന്നത്?”
പെട്ടന്ന്, തെളിഞ്ഞുനിന്ന ആകാശവീഥയില്‍ വലിയൊരു നക്ഷത്രം കണ്ണുചിമ്മിക്കൊണ്ട് കൊള്ളിമീന്‍ പായിച്ച്, പാഞ്ഞുപോയെങ്കിലും
ആ മനുഷ്യന്‍ അതും ശ്രദ്ധിച്ചില്ല.

മറ്റൊരു ദിവസം അയാള്‍ ദേഷ്യത്തിലാണ് പ്രാര്‍ത്ഥിച്ചത്,
“ദൈവമേ, അങ്ങ് ഉറങ്ങുകയാണോ,
ഒരത്ഭുതം പ്രവര്‍ത്തിച്ച് നിന്‍റെ ശക്തി എനിക്കൊന്നു കാണിച്ചു തന്നുകൂടെ?”
അന്നു രാവിലെ അയാളുടെ ഭാര്യ പ്രസവിച്ചു.
കരഞ്ഞുകൊണ്ട് ആ കുടുംബത്തില്‍ ഒരു പുതുജീവന്‍ പിറന്നുവീണു.
ആ ജീവന്‍റെ സ്പന്ദനവും അയാളെ സ്പര്‍ശിച്ചില്ല.
നിരാശനായി വിലപിച്ചുകൊണ്ട് അയാള്‍ മറ്റൊരു ദിവസം പ്രാര്‍ത്ഥിച്ചു.
“ദൈവമേ, ഞാനങ്ങില്‍ പൂര്‍ണ്ണമായി വിശ്വസിക്കേണ്ടതിനും
അങ്ങയെ കൂടുതല്‍ അറിഞ്ഞു സ്നേഹിക്കുന്നതിനും,
എന്നെ ഒന്നു സ്പര്‍ശിച്ചുകൂടേ....?”
അന്ന് അയാളുടെ തോളില്‍ വര്‍ണ്ണാഭയുള്ള ഒരു വലിയ ചിത്രശലഭം
പറന്നു വന്നിരുന്നു. അയാള്‍ അതിനെ നോക്കുകപോലും ചെയ്യാതെ, കൈകൊണ്ട് തട്ടിക്കളഞ്ഞു.
നിരാശനും ദു:ഖിതനുമായി ആ മനുഷ്യന്‍ തന്‍റെ ജീവിതം തുടര്‍ന്നു.

ക്രിസ്തുവിന്‍റെ പരസ്യജീവിതാരംഭത്തിലെ പ്രത്യക്ഷീകരണമാണ് ഈ സുവിശേഷ ഭാഗത്ത് ധ്യാനിക്കുന്നത്. ദനഹ, എപ്പീഫനി എന്നെല്ലാം ഗ്രീക്കുമൂലത്തില്‍ പ്രതിപാദിക്കപ്പെടുന്ന ക്രിസ്തുദര്‍ശനമാണ് നസ്രത്തിലെ സിനഗോഗില്‍ നാം കാണുന്നത്. ക്രിസ്തു ലോകത്തോട് പരസ്യമായി തന്‍റെ ജീവിത്ത്തിന്‍റെ നയപ്രഖ്യാപനം നടത്തുന്നു. തന്‍റെ ആഗമന ലക്ഷൃവും പ്രവര്‍ത്തന രീതിയും അവിടുന്നു ഏശയായ്യുടെ വാക്കുകളില്‍ വെളിപ്പെടുത്തുന്നു.


തന്‍റെ ഗ്രാമത്തിലുള്ള സിനഗോഗില്‍ മറ്റേതു യഹൂദനെയുംപോലെ ഒരുനാള്‍ ക്രിസ്തു തിരുവെഴുത്തികള്‍ വായിക്കുന്നു.
ലൂക്കാ 4, 14..
ക്രിസ്തു ആത്മാവിനാല്‍ നിറഞ്ഞവനായി മരുപ്രദേശത്തെ പ്രാര്‍ത്ഥനയില്‍നിന്ന് ഗലീലിയായിലേയ്ക്കു മടങ്ങി. താന്‍ വളര്‍ന്ന സ്ഥലമായ നസ്രത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തു ദിവസം അവിടുന്ന് സിനഗോഗില്‍ പ്രവേശിച്ച് പ്രാര്‍ത്ഥനാമദ്ധ്യേ തിരുവെഴുത്തു വായിക്കുവാനായി എഴുന്നേറ്റുനിന്നു. ഏശയ്യാ പ്രവാചകന്‍റെ പുസ്തകമാണ് അവിടുത്തേയ്ക്ക് നല്കപ്പെട്ടത്. പുസ്തകം തുറന്ന് അവിടുന്ന് വായിച്ചു.
“കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്കു മോചനവും അന്ധര്‍ക്ക് കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും കര്‍ത്താവിനു സ്വീകാര്യമായ വത്സരവും പ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.”

സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും യേശുവിനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു. അപ്പോള്‍ അവിടുന്ന് അവരോട് പറഞ്ഞു.
നിങ്ങള്‍ കേട്ടിരിക്കെ, ഇന്ന് ഈ തിരുവെഴുത്തു എന്നില്‍ നിറവേറിയിരിക്കുന്നു.



ക്രിസ്തുവിന്‍റെ ഗലീലിയായിലേയ്ക്കുള്ള ആഗമനവും, പരസ്യജീവിതത്തിന്‍റെ തുടക്കവും
ഒരു ‘ഗലീലിയന്‍ വസന്ത’മെന്ന് ഇന്നിന്‍റെ ഭാഷയില്‍ നമുക്ക് വിശേഷിപ്പിക്കാവുന്നതാണ്.
ദൈവിക സാന്നിദ്ധ്യത്തിന്‍റെ കുളിരും തളിരുമാണ് ക്രിസ്തുവിന്‍റെ ആഗമനത്തില്‍ നാം കാണേണ്ടത്. പാപത്തിന്‍റെയും തിന്മയുടെയും ശക്തികളുടെ ബന്ധനം അനുഭവിച്ചിരുന്നവര്‍ക്ക് ഇതാ അവിടുന്ന് ദൈവരാജ്യത്തിന്‍റെ സ്വാതന്ത്ര്യവും സാന്ത്വനവുമായി എത്തുന്നു.
ജനങ്ങള്‍ കാത്തിരുന്ന ആത്മീയ സ്വാതന്ത്ര്യത്തിന്‍റെ വസന്തമായിരുന്നു അത്. കാലം കാതോര്‍ത്തിരുന്ന രക്ഷകന്‍റെ കലൊച്ചയായിരുന്നു അത്.

ക്രിസ്തുവിന്‍റെ രക്ഷാകര പ്രവര്‍ത്തനങ്ങളുടെ സജീവഭാഗം ആരംഭിക്കുന്നത് ഗലീലിയായിലാണ്. അവിടുത്തെ പ്രവര്‍ത്തനങ്ങളുടെ ആദ്യ രംഗമായി ലൂക്കാ അവതരിപ്പിക്കുന്നതും ഗലീലിയാ തന്നെയാണ്. ഗലീലിയാ മുതല്‍ ജരൂസലേംവരെയുള്ള ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണല്ലോ ലൂക്കാ തന്‍റെ സുവിശേഷത്തിലാകമാനം വര്‍ണ്ണിക്കുന്നതും. ക്രിസ്തു ചെയ്ത കാര്യങ്ങളെല്ലാം അവിടുത്തെ ജ്ഞാനസ്നാനത്തിന്‍റെ പശ്ചാത്തലത്തിലാണ് കാണേണ്ടത്. ജ്ഞാനസ്നാനാനന്തരം അവിടുന്ന് പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞവനായിട്ടാണ് തന്‍റെ പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്. പരിശുദ്ധാത്മാവ് അവിടുത്തെ നയിക്കുന്നു.
പുത്രന്‍ പരിശുദ്ധാത്മാവിലൂടെ പ്രവര്‍ത്തിക്കുന്നു. പരിശുദ്ധാത്മാവിലുള്ള ക്രിസ്തുവിന്‍റെ പ്രവര്‍ത്തനങ്ങളെയെല്ലാം ‘ലൂക്കായുടെ ക്രിസ്തുവിജ്ഞാനീയം’ എന്നാണ് ബൈബിള്‍ പണ്ഡിതന്മാര്‍ വ്യാഖ്യാനിക്കുന്നത്.

തന്‍റെ ഗ്രാമത്തിലുള്ള സിനഗോഗില്‍വച്ചു ക്രിസ്തു നടത്തിയ വചന പ്രഘോഷണത്തിന്‍റെയും വ്യാഖ്യാനത്തിന്‍റെയും അന്ത്യത്തില്‍, അതു കേട്ടിരുന്നവരെല്ലാം അവിടുത്തെ പ്രശംസിച്ചുവെന്നും, അവിടുത്തെ അധരങ്ങളില്‍നിന്നു പുറപ്പെട്ട കൃപാവചസ്സുകള്‍ കേട്ട് അത്ഭുതപ്പെട്ടുവെന്നും സുവിശേഷത്തില്‍ വായിക്കുന്നു. ലൂക്കാ 4, 22,

ഇസ്രായേലില്‍ യഹൂദര്‍ക്ക് ഒരു ദേവാലയമേ ഉണ്ടായിരുന്നുള്ളു – ജരൂസലേം. എന്നാല്‍ സിനഗോഗുകള്‍ പലതായിരുന്നു. പത്തു കുടുംബങ്ങള്‍ക്കു വേണമെങ്കില്‍ ഒരു പള്ളി പണിയാന്‍ തോറാ അനുവദിച്ചിരുന്നു. സിനഗോഗുകളില്‍ ബലിയര്‍പ്പിച്ചിരുന്നില്ല, തിരുവെഴുത്തുകളുടെ പാരായണവും വ്യാഖ്യാനവും പ്രാര്‍ത്ഥനയുമായിരുന്നു അവിടെ നടത്തിയിരുന്നത്.

ജീവിത പ്രതിസന്ധികളും പ്രയാസങ്ങളും തനിയെ മറികടക്കാനാവില്ലെന്ന തിരിച്ചറിവും ലഭിച്ചിട്ടുള്ള എല്ലാ കാലഘട്ടങ്ങളിലുമുള്ള ജനങ്ങളുടെ രോദനമാണ് പ്രാര്‍ത്ഥന. ഭൂമിയില്‍നിന്നും നാം ഉയര്‍ത്തുന്ന ബലഹീനമായ കരങ്ങള്‍ ഉന്നതങ്ങളില്‍നിന്നും നീട്ടിയ വലുതും കരുത്താര്‍ന്നതുമായ ദൈവിക കരങ്ങളില്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. പ്രിയ സഹോദരങ്ങളേ, സ്വര്‍ഗ്ഗത്തില്‍നിന്നും നീട്ടിയ ശക്തമായ കരം കന്യകാ നാഥയില്‍നിന്നും ബെതലഹേമില്‍ പറന്ന യേശുവിന്‍റേതാണ്. ഘീകരമായ പാപഗര്‍ത്തത്തിതന്‍റെ കുഴഞ്ഞ ചേറ്റില്‍നിന്നും നമ്മെ കരകയറ്റി, സ്നേഹത്തിന്റെയും സത്യത്തിതന്‍റേയും സുരക്ഷിതമായ തന്‍റെ പാറയില്‍ ഉറപ്പിക്കുവാനും മനുഷ്യകുലത്തെ തുണയ്ക്കുവാനും ദൈവം ഭൂമിയിലേയ്ക്ക് നീട്ട കരുത്താര്‍ന്ന കരം ക്രിസ്തുവാണ്. നമ്മുടെ മാനുഷികതയില്‍ പങ്കചേരാനും നമ്മുടെമദ്ധ്യേ ആയിരിക്കുവാനും അവിടുന്നു തന്‍റെ ദൈവിക കൈവെടിഞ്ഞ് ഭൂമിയിലേയ്ക്ക് ഇറങ്ങി വന്നു. മനുഷ്യന്‍റെ നിലവിളിക്കു മറുപിടയായി ക്രിസ്ുവില്‍ ദൈവം നല്കിയ പ്രത്യതുത്ത്രം നമ്മുടെ പ്രതീക്ഷഖലെയെല്ലാം അപാരമായി വെല്ലുന്ന ദൈവികമായ സഹാനുഭാവവും കാരുണ്യവുമാണ്. അനുരജ്ഞനത്തിതന്‍റെയും സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും ഈ മാര്‍ഗ്ഗം, ക്രിസ്തുമാര്‍ഗ്ഗം ഏറെ ക്ലെശകരമാണെങ്കിലും ദൈവിക സത്യത്തിന്‍റെ വെളിച്ചത്തില്‍ മാനുഷിക യാഥാര്‍ത്ഥ്യങ്ങള്‍ ആദരിക്കുകയും മാനിക്കുകയും ചെയ്യേണ്ടതാണ്.

ബന്ധനങ്ങളില്‍ കഴിയുന്ന മനുഷ്യസമൂഹത്തിന് മോചനം ലഭിക്കുമെന്ന വലിയ സദ്വാര്‍ത്ത ക്രിസ്തു വിളിച്ചോതി. ഇത് ദൈവരാജ്യത്തിന്‍റെ സന്ദേശമാണ്. രോഗശാന്തി നല്കുമ്പോഴും അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുമ്പോഴും ക്രിസ്തു അടിസ്ഥാനമായി ഉന്നംവയ്ക്കുന്നത് മനുഷ്യകുലത്തിന്‍റെ ആത്മീയ മോചനമാണ്, രക്ഷയാണ്.

ജീവിതത്തില്‍ ഭൗമികമായ സമൃദ്ധിയും നേട്ടവും തേടുന്ന മനുഷ്യമനസ്സുകളില്‍ ഊറിനില്ക്കുന്ന ദൈവത്തിനായുള്ള തീരാദാഹം തീര്‍ക്കുവാനായി ക്രിസ്തു മന്നില്‍ ആഗതനായി. രോഗികള്‍ക്കു സൗഖ്യവും, ബന്ധിതര്‍ക്കു മോചനവും, ദൈവരാജ്യത്തിന്‍റെ സ്വീകാര്യമായ സമയവും പ്രഖ്യാപിക്കാന്‍ ക്രിസ്തു ഇന്നും നമ്മിലേയ്ക്കു വരുന്നുണ്ട്. എനിക്കെന്തു കിട്ടും എന്നുമാത്രം ചിന്തിക്കുന്ന നമ്മുടെ ലോകത്തിന്‍റെ വിപണിജീവിത വ്യവസ്ഥയിലും, തന്‍റെ പ്രാണന്‍പോലും നല്കുമാറ് ലോകത്തെ അത്രയേറെ ക്രിസ്തു സ്നേഹിച്ചു.

കൃപാസ്പര്‍ശത്തിന്‍റെ പുതിയ രക്ഷാമാര്‍ഗ്ഗം തുറന്നുതന്ന ക്രിസ്തു അനുദിനം നമ്മെ നയിക്കട്ടെ. നമ്മെ സ്പര്‍ശിക്കട്ടെ.







All the contents on this site are copyrighted ©.