2012-01-12 17:01:29

സന്ന്യാസ വൈദികന്‍
കന്നിരാഷ്ട്രീയക്കാരന്‍


12 ജനുവരി 2012, ഗോവ
ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കത്തോലിക്കാ പുരോഹിതന്‍ മത്സരിക്കും.
ഗോവ സമൂഹ്യ സുരക്ഷ – എന്ന പേരില്‍ പുതുതായി ഉയര്‍ന്നവന്ന സംഘടയുടെ പിന്‍തുണയോടെയാണ് സന്യാസി വൈദികനായ ഫാദര്‍ ബിസ്മാര്‍ക്ക് ഡയസ് മാര്‍ച്ച് 3-ാം തിയതി നടക്കുവാന്‍പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതെന്ന് ജനുവരി 10-ന് പനാജിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പുരാതന ഗോവാ പട്ടണമുള്‍പ്പെടെ 160 ഗ്രാമങ്ങള്‍ ഉള്‍ക്കൊള്ളുന്ന വലിയ കുമ്പാര്‍ജ്ജ്വാ നിയോജക മണ്ഡലത്തില്‍നിന്നു മത്സരിക്കുവാന്‍ പോകുന്ന ഫാദര്‍ ഡയസ് പരിസ്ഥിതി സംരക്ഷണം, ശിശുക്ഷേമം, സാമൂഹ്യനീതി എന്നീ മേഖലകളിലുള്ള സേവന പ്രവര്‍ത്തനങ്ങളിലൂടെയാണ് രാഷ്ട്രീയത്തിലേയ്ക്ക് കടന്നുവന്നതെന്ന്, സംഘടനയുടെ വക്താവ് സാവിയോ മൊന്തേരോ വാര്‍ത്താ സമ്മേളനത്തില്‍ വെളിപ്പെടുത്തി.
സഭാധികാരികളുടെ അനുവാദത്തോടും പിന്‍തുണയോടുംകൂടിയാണ്
താന്‍ സാമൂഹ്യരംഗത്തും, ഇപ്പോള്‍ രാഷ്ട്രീയത്തിലും പ്രവര്‍ത്തിക്കുവാന്‍ പോകുന്നതെന്നും.... വൈദികനെന്ന നിലയില്‍ നീതിനിഷ്ഠയോടും അര്‍പ്പണത്തോടുകൂടെ ജനനന്മയ്ക്കായി പ്രവര്‍ത്തിക്കുകയാണ് തന്‍റെ ലക്ഷൃമെന്നും ഫാദര്‍ ഡയസ് മാധ്യമപ്രവര്‍ത്തകരോട് പ്രസ്താവിച്ചു.

ഗോവയുടെ ചരിത്രത്തില്‍ ആദ്യായിട്ടാണ് വൈദികന്‍ രാഷ്ട്രീയ കുപ്പായമണിയുന്നത്.
ഗോവ അതിരൂപതയില്‍ പ്രവര്‍ത്തിക്കുന്ന ദിവ്യകാരുണ്യ സന്യാസസഭാംഗമാണ് കന്നിരാഷ്ട്രീയക്കാരനായ ഫാദര്‍ ബിസ്മാര്‍ക്ക് ഡയസ്.









All the contents on this site are copyrighted ©.