2012-01-12 17:15:57

മണിപ്രാവും
മുതലക്കുഞ്ഞും
മാര്‍പാപ്പയ്ക്കു സമ്മാനം


12 ജനുവരി 2012, വത്തിക്കാന്‍
മാര്‍പാപ്പയുടെ പേരില്‍ റോമിലെ ബയോ പാര്‍ക്ക് ക്യൂബാ രാജ്യത്തിന് ഒരപൂര്‍വ്വ സമ്മാനം നല്കി. ശതാബ്ദി ആഘോഷിക്കുന്ന റോമിലെ വന്യമൃഗ സംരക്ഷണ കേന്ദ്രമാണ് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നതും ക്യൂബാ ദ്വീപിലെ ജലാശയങ്ങളില്‍ മാത്രം കാണപ്പെടുന്നതുമായ അപൂര്‍വ്വ ഇനം മുതലക്കുഞ്ഞിനെ മാര്‍പാപ്പായുടെ പേരില്‍ ക്യൂബയ്ക്കു സമ്മാനിക്കുവാന്‍ പോകുന്നത്. ജനുവരി 11-ാം തിയതി വത്തിക്കാനില്‍ മാര്‍പാപ്പയുമായി നടത്തിയ ഹ്രസ്വകൂടിക്കാഴ്ചയിലാണ് റോമിലെ വന്യമൃഗസംരക്ഷണ കേന്ദ്രത്തിന്‍റെ പ്രസിഡന്‍റ്,
പോള്‍ ഗ്വിന്തരേല്ലി മുതലക്കുഞ്ഞിനെ മാര്‍പാപ്പയുടെ മുന്നില്‍ സമ്മാനമായി പ്രദര്‍ശിപ്പിച്ചതെന്ന് വത്തിക്കാന്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മുതലക്കുഞ്ഞിനെ മാര്‍പാപ്പയുടെ അപ്പസ്തോലിക സന്ദര്‍ശന വേളയില്‍, മാര്‍ച്ച് 26-28 തിയതികളില്‍ ക്യൂബയിലെത്തിക്കുവാന്‍ പോകുന്ന ബയോപാര്‍ക്ക് അധികൃതര്‍, പ്രതീകാത്മകമായി മുട്ടയിടുന്ന ഒരു മണിപ്രാവിനെ ജൂബിലി സ്മാരകമായി പാപ്പായ്ക്ക് സമ്മാനിക്കുകയും ചെയ്തു.

‘സത്യത്തില്‍ സ്നേഹം’ caritas in veritate എന്ന തന്‍റെ ചാക്രിക ലേഖനത്തിലൂടെ ലോകത്തോട് എന്നും പാപ്പ ഉദ്ബോധിപ്പിക്കുന്ന പരിസ്ഥിതി സംരക്ഷണത്തിന്‍റെ ചുവടുപിടിച്ചാണ്
ഈ അപൂര്‍വ്വ സമ്മാനം മാര്‍പാപ്പയുടെ പേരില്‍ ക്യൂബയ്ക്ക് നല്കുവാന്‍ പോകുന്നതെന്നും ഗ്വിന്തരേല്ലി പ്രസ്താവിച്ചു. 1911-ല്‍ സ്ഥാപിതമായ റോലിലെ ബയോപാര്‍ക്ക്, യൂറോപ്പിലെ ഏറ്റവും പുരാതനവും വലുപ്പമുള്ളതുമായ വന്യമൃഗസംരക്ഷണ കേന്ദ്രമാണ്. 2000-ത്തോളം അപൂര്‍വ്വ ഇനങ്ങളില്‍പ്പെട്ട ഉരഗങ്ങളും, സസ്തന ജീവികളും, പക്ഷികളും, കരയിലും വെള്ളത്തിലും ജീവിക്കുന്ന ഉഭയ ജന്തുക്കളും റോമാ ബയോ പാര്‍ക്കിന്‍റെ പ്രത്യേകതയാണ്. വളരെ വിപുലവും പ്രകൃതി രമണീയവുമായ അന്തരീക്ഷത്തില്‍ വളര്‍ത്തിയെടുത്തിട്ടുള്ള ബയോപാര്‍ക്ക് റോമിലെത്തുന്ന സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന ദൃശ്യകൗതുകങ്ങളില്‍ ഏറെ പ്രധാനപ്പെട്ടതുമാണ്.








All the contents on this site are copyrighted ©.