2012-01-10 16:55:09

ലിബിയയില്‍ വിദ്യാലയങ്ങളുടെ പ്രവര്‍ത്തനം പുനരാരംഭിച്ചു


10 ജനുവരി 2012, ബന്‍ഗാസി – ലിബിയ
ലിബിയയില്‍ പന്ത്രണ്ടു ലക്ഷത്തോളം വരുന്ന വിദ്യാര്‍ത്ഥികള്‍ ഏകദേശം ഒരു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിദ്യാലയങ്ങളിലേക്കു തിരിച്ചെത്തി. മുഹമ്മര്‍ ഗദ്ദാഫിയുടെ ഭരണകൂടത്തിനെതിരായ ജനാധിപത്യ പ്രക്ഷോഭത്തിന്‍റെ ആരംഭഘട്ടത്തില്‍ തന്നെ പ്രവര്‍ത്തനം നിലച്ചിരുന്ന വിദ്യാലയങ്ങള്‍ ജനുവരി ഏഴാം തിയതി ശനിയാഴ്ചയാണ് അദ്ധ്യയനം പുനഃരാരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ക്കായി 27 ദശലക്ഷം പാഠ പുസ്തകങ്ങള്‍ ദേശീയ വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചുകഴിഞ്ഞുവെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ശിശുക്ഷേമവിഭാഗം യുനിസെഫ് (UNICEF) വെളിപ്പെടുത്തി. വിദ്യാലയപരിസരങ്ങളില്‍ നിന്ന് നിര്‍വീര്യമായ സ്ഫോടകവസ്തുക്കളും മറ്റും കണ്ടെത്തി നീക്കം ചെയ്യുന്നതിനും കെട്ടിടങ്ങള്‍ പ്രവര്‍ത്തന സജ്ജമാക്കുന്നതിനും ലിബിയന്‍ ഭരണകൂടത്തിന് യുനിസെഫും ഇതര സംഘടനകളും സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു.
സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് ഊന്നല്‍ നല്‍കുന്നത് സഹിഷ്ണുതയുള്ള സമൂഹത്തെ വാര്‍ത്തെടുക്കുവാനുള്ള പ്രഥമ പടിയാണെന്ന് യുനിസെഫിന്‍റെ മധ്യപൂര്‍വ്വദേശത്തിനും ഉത്തരാഫ്രിക്കയ്ക്കും വേണ്ടിയുള്ള പ്രാദേശിക മേധാവി മരിയ കാലിവിസ് അഭിപ്രായപ്പെട്ടു.








All the contents on this site are copyrighted ©.