2012-01-04 19:33:25

കരുത്തുറ്റ
യുവകരങ്ങള്‍


4 ജനുവരി 2012, ലണ്ടന്‍
യുവജനങ്ങളോട് ശത്രുതാഭാവം പുലര്‍ത്തരുതെന്ന്, ആര്‍ച്ചുബിഷപ്പ് റോവന്‍ വില്യംസ്, ആംഗ്ലിക്കന്‍ സഭയുടെ പരമാദ്ധ്യക്ഷന്‍ അഭ്യര്‍ത്ഥിച്ചു. നാടിന്‍റെ കരുത്തായ യുവജനങ്ങളെ സംശയാസ്പദമായും ശത്രുതാമനോഭാവത്തോടുംകൂടെ കാണരുതെന്ന്, ജനുവരി 1-ാം തിയതി പുറപ്പെടുവിച്ച പുതുവത്സര സന്ദേശത്തില്‍ കാന്‍റെര്‍ബറി ആര്‍ച്ചുബിഷപ്പ് അഭ്യര്‍ത്ഥിച്ചത്. തെക്കെ ലണ്ടനിലുള്ള Kids Company എന്ന അനാഥമന്ദിരത്തിലെ യുവാക്കള്‍ക്കൊപ്പം നിന്നുകൊണ്ടാണ് ആര്‍ച്ചുബിഷപ്പ് വില്യംസ് തന്‍റെ പുതവത്സരാശംസയും സന്ദേശവും മാധ്യമങ്ങള്‍ക്കു നല്കിയത്.

ലണ്ടന്‍ നഗരത്തില്‍ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ യുവജനങ്ങള്‍ സൃഷ്ടിച്ച
ഭീകരാന്തരീക്ഷത്തെയും അക്രമങ്ങളെയും ആര്‍ച്ചുബിഷ്പ്പ് വില്യംസ് വേദനയോടെ അനുസ്മരിച്ചു. ജീവിതത്തില്‍ യുവാക്കള്‍ അനുഭവിക്കുന്ന നിരാശയുടെയും സംഘര്‍ഷങ്ങളുടെയും വിസ്ഫോടനമാണ് ഉത്തരവാദിത്വമില്ലാത്ത നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് അവരെ പ്രേരിപ്പിക്കുന്നതെന്നും, എന്നാല്‍ അവരെ വെറിക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനും പകരം, മനസ്സിലാക്കുവാനും സഹായിക്കുവാനുമാണ് സമൂഹം ശ്രമിക്കേണ്ടതെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് ഉദ്ബോധിപ്പിച്ചു.

യുവജനങ്ങളുടെ ക്രിയാത്മകമായ കരുത്തും കഴിവും അംഗീകരിച്ചുകൊണ്ട് സമൂഹത്തിന്‍റെ നന്മയ്ക്കായി ജീവിക്കുവാനുള്ള അഭിവാഞ്ഛ അവരില്‍ വളര്‍ത്തിയെടുക്കാന്‍ മാതാപിതാക്കളും അദ്ധ്യപകരും, പൊതുവെ എല്ലാ മുതിര്‍ന്നവരും പരിശ്രമിക്കണമെന്നും ആര്‍ച്ചുബിഷപ്പ് വില്യംസ് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.