2012-01-02 19:13:15

യുവജനങ്ങളെ സമാധാനത്തിന്‍റെ പാതയില്‍ വളര്‍ത്തേണ്ടത്
തലമുറകളുടെ ഉത്തരവാദിത്തം


01 ജനുവരി 2012, വത്തിക്കാന്‍
ദൈവം തരുന്ന വലിയ ദാനമാണ് പുതിയൊരുവര്‍ഷം. അത് സ്നേഹത്തിലും സമാധാനത്തിലും നയിക്കുക എന്നതാണ് നമ്മുടെ ഉത്തരവാദിത്തം. “പ്രഭാതത്തിനുവേണ്ടി കാത്തിരിക്കുന്ന കാവല്‍ക്കാരെക്കാള്‍ ആകാംക്ഷയോടെ ഞാന്‍ കര്‍ത്താവിനായി കാത്തിരിക്കുന്നു,” എന്ന സങ്കീര്‍ത്തനത്തെ ആധാരമാക്കിയാണ് മാര്‍പാപ്പ സമാധാന സന്ദേശം ആരംഭിക്കുന്നത്. സങ്കീര്‍. 130, 6.
ജീവിതത്തില്‍ കഷ്ടപ്പാടുകളും വേദനയും ഉണ്ടെങ്കിലും പ്രത്യാശയുടെ കാത്തിരിപ്പ് എപ്പോഴും ജീവിതത്തെ സ്നേഹനിര്‍ഭരമാക്കുന്നു. പ്രത്യാശ ദൈവത്തില്‍ അധിഷ്ഠിതവും, ദൈവം തരുന്നതുമാവട്ടെ.

പ്രതിസന്ധികളാല്‍ പ്രഭമങ്ങിയ കഴിഞ്ഞൊരു വര്‍ഷത്തിന്‍റെ ഓര്‍മ്മകളാണ് മനസ്സില്‍ തങ്ങിനില്ക്കുന്നത്. തൊഴില്‍ മേഖലയിലും സാമ്പത്തിക മേഖലയിലും നാം കണ്ട മാന്ദ്യവും ബന്ധപ്പെട്ട പ്രശ്നങ്ങളും വളരെ മാനവികവും സാമൂഹ്യവുമായ പ്രതിസന്ധികള്‍ തന്നെയാണ്.
മനുഷ്യജീവിതത്തിന്‍റെ പ്രഭ മറച്ചുകളയുന്ന വിധത്തില്‍ പ്രതിസന്ധികളുടെ കരിനിഴല്‍ ഭൂമുഖത്ത് നിപതിച്ചിട്ടുണ്ടെന്നുള്ളത് സത്യമാണ്. എന്നാല്‍ പ്രതിസന്ധികളിലും അതിന്‍റെ വേദനകളിലും മനുഷ്യഹൃദയങ്ങള്‍ പ്രത്യാശ കൈവെടിയാതെ നന്മയുടെ പുലരികാത്ത് കാത്തുതന്നെ മുന്നോട്ടു ചരിക്കണം. അനുദിനം പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യന്‍ പ്രത്യാശയുടെ പ്രതീകമാണ്. ദൈവം നമ്മെയും നമ്മുടെയും ലോകത്തെയും ഇന്നും സ്നേഹിക്കുന്നു, എന്നു വിളിച്ചോദിക്കൊണ്ടാണ് സൂര്യന്‍ ഒരോ ദിവസവും തെളിഞ്ഞുയരുന്നത്.

മാര്‍പാപ്പ നല്കുന്ന സമാധാന ചിന്തകള്‍ യുവജനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ്. യുവജനങ്ങള്‍ ഇന്നത്തെ സമൂഹത്തിന്‍റെയും കാലഘട്ടത്തിന്‍റെയും പ്രയോജകരും പ്രയോക്താക്കളുമാണ് എന്നതുകൊണ്ടു തന്നെയാണ്. അവര്‍ പ്രതാശയുടെ കരുത്തുള്ളവരാണ്. അവരിലുള്ള കരുത്ത് കുടുംബങ്ങളെയും സമൂഹങ്ങളെയും നന്മയില്‍ വളര്‍ത്താന്‍ പര്യാപ്തവുമാണ്.
യുവജനങ്ങളെ മനസ്സിലാക്കി, അവരെ വളര്‍ത്തിയെടുക്കുക, അവരെ ശ്രവിക്കുക എന്നത് ഇന്നത്തെ ലോകഗതിയെ സമാധാന പൂര്‍ണ്ണമാക്കാന്‍ പോരുന്നതാണ്. സമൂഹത്തിന്‍റെ മുഴുവനും വളരെ പ്രാഥമികവുമായ ഉത്തരവാദിത്തമാണ് യുവജനങ്ങളുടെ രൂപീകരണം. സമാധാന പൂര്‍ണ്ണമായ ഒരു ഭാവി-സമൂഹം പടുത്തുയര്‍ത്തുവാനുള്ള കടമയായിട്ടാണ് ഈ ഉത്തരവാദിത്വത്തെ സമൂഹം കാണേണ്ടതാണ്.

യുവജനങ്ങളുടെ ജീവിതത്തിന്‍റെ ഭാവാത്മകമായ മൂല്യം അംഗീകരിച്ചുകൊണ്ട്, നന്മയ്ക്കുവേണ്ടി നിലനില്ക്കുന്നതിനും സമൂഹത്തിന്‍റെ നന്മയ്ക്കായി
പ്രവര്‍ത്തിക്കുന്നതിനുള്ള അഭിവാഞ്ജ അവരില്‍ വളര്‍ത്തിയെടുക്കേണ്ട ഉത്തവാദിത്തം സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും ഉള്ളവരുടേതാണ് – മാതാപിതാക്കള്‍, അദ്ധ്യാപകര്‍, സാമൂഹ്യ രാഷ്ട്രീയ നേതാക്കള്‍ മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ ഇത് അവരുടെ പ്രത്യേക ദൗത്യമായി കാണേണ്ടതാണ്. ഉറപ്പുള്ള ഭാവി ലോകത്തെമ്പാടുമുള്ള യുവജനങ്ങളുടെ ഉത്കണ്ഠയും സ്വപ്നവും. അതുകൊണ്ടാണ് നല്ലൊരു ഭാവിക്കുതകുന്ന നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നത്. കുടുംബം രൂപീകരിക്കാനും സ്ഥിരമായ തൊഴില്‍ ചെയ്ത് അതിനെ പോറ്റുവാനും എത്ര വിഷമകരമാണെന്ന് ഇന്നത്തെ യുവജനങ്ങള്‍ക്ക് നന്നായി അറിയാം. അവര്‍ അത് മുന്‍കൂട്ടിക്കാണുന്നുണ്ട്. മാനുഷികവും സാഹോദര്യ പൂര്‍ണ്ണവുമായ ഒരു സമൂഹം പടുത്തുയര്‍ത്താന്‍ രാഷ്ട്രീയവും സാംസ്കാരികും സാമ്പത്തികവുമായ ഇന്നത്തെ ചുറ്റുപാടില്‍ തങ്ങളുടേതായ പങ്കുവഹിക്കുവാന്‍ സാധിക്കുമോയെന്നും അവര്‍ ആശങ്കപ്പെടുന്നുണ്ട്. അസ്വസ്ഥകള്‍ക്കിടയിലും അവരുടെ ഉള്ളിലുയരുന്ന ആദര്‍ശങ്ങളും മൂല്യങ്ങളും സമൂഹത്തിന്‍റെ ഓരോ തലത്തിലും ജീവിക്കാന്‍ സാധിച്ചാല്‍ സാമൂഹ്യ നന്മ അവരിലൂടെ യാഥാര്‍ത്ഥ്യമാകും. അതുകൊണ്ട് സഭ യുവജനങ്ങളെ ഏറെ പ്രത്യാശയോടും ആത്മവിശ്വാസത്തോടുകൂടെയാണ് കാണുന്നതും സമീപിക്കുന്നതും.
യുവാക്കള്‍ ഭാവിയുടെ വാഗ്ദാനങ്ങള്‍ എന്നതിനെക്കാള്‍ അവര്‍ ഇന്നിന്‍റെ പ്രതീക്ഷകളാണ്.

എജ്യുക്കേഷന്‍ എന്ന ഇംഗ്ലീഷ് വാക്കാണ് നാം വിദ്യാഭ്യാസത്തിന് പൊതുവെ ഉപയോഗിക്കുന്നത്. അത് എദൂച്ചെരേ, എന്ന ലത്തീന്‍ ഭാഷയിലെ ക്രിയാ മൂലത്തില്‍നിന്നും ഉത്ഭവിക്കുന്നതാണ്. എദൂച്ചെരേ, എന്ന വാക്കിന്‍റെ മൂലാര്‍ത്ഥം, ഉയര്‍ത്തിയെടുക്കുക, വളര്‍ത്തിയെടുക്കുക എന്നാണ്.
യുവജനങ്ങളെ യഥാര്‍ത്ഥമായി അറിവും മൂല്യങ്ങളും നല്കി നന്മയുടെ പൂര്‍ണ്ണതിയിലേയ്ക്ക് ഉയര്‍ത്തിയെടുക്കുക, എന്നാണ് വിദ്യാഭ്യാസംകൊണ്ട് നാം ലക്ഷൃം വയ്ക്കേണ്ടത്.
വിദ്യാഭ്യാസ പ്രവര്‍ത്തകരില്‍നിന്നും നിസ്വര്‍ത്ഥമായ സമര്‍പ്പണവും സ്വയംദാനവും
ഈ മേഖല ആവശ്യപ്പെടുന്നുണ്ട്. അതേസമയം, യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ചുള്ള അറിവിലേയ്ക്കു നയിക്കപ്പെടാനുള്ള മനസ്സിന്‍റെ തുറവും ഉത്തരവാദിത്തവും യുവാക്കളില്‍നിന്നും സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.

മാതാപിതാക്കളാണ് ആദ്യത്തെ വിദ്യാദായകര്‍. കുടുംബം സമൂഹത്തിന്‍റെ അടിസ്ഥാന ഘടകമാണല്ലോ. കുട്ടികള്‍ക്കുവേണ്ട മാനുഷികവും ആത്മീയവുമായ മൂല്യങ്ങള്‍ നല്കി, ക്രിയാത്മകവും സമാധാന പൂര്‍ണ്ണവുമായ സഹജീവനത്തിനുള്ള വേദിയൊരുക്കേണ്ടത് കുടുംബങ്ങളാണ്. തലമുറകളെ ആദരിക്കാനും, നിയമങ്ങള്‍ പാലിക്കാനും, ക്ഷമിക്കാനും
അന്യരെ മാനിക്കാനും സ്വാഗതംചെയ്യാനും യുവാക്കള്‍ പഠിക്കുന്നതും കുടുംബങ്ങളിലാണ്.
നീതിയുടെയും സമാധാന പൂര്‍ണ്ണമായ സഹവര്‍ത്തിത്വത്തിന്‍റെയും ബലപാഠങ്ങള്‍‍ പഠിക്കേണ്ട ആദ്യ വിദ്യാലയവും കുടുംബം തന്നെയാണ്.

മനുഷ്യജീവന്‍ നിരന്തരമായി ഭീഷണിക്കു വിധേയമാകുകയും, കുടുംബങ്ങള്‍ ഛിന്നഭിന്നമാക്കപ്പെടുകയും ചെയ്യുന്ന ലോകത്താണ് നാം ജീവിക്കുന്നത്.
കുട്ടികള്‍ക്ക് ജീവിതത്തിന്‍റെ അമൂല്യ നിധിയാകേണ്ട അവരുടെ മാതാപിതാക്കള്‍ പലപ്പോഴും ലഭ്യമാകുന്നില്ല എന്നതാണ് പ്രഥമവും പ്രധാനവുമായ ഇന്നിന്‍റെ ഭീഷണി.
ഇതിനു പല കാരണങ്ങളുമുണ്ട്. അനുദിന കുടുംബോത്തരവാദിത്വങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാത്ത തരത്തിലുള്ള തൊഴില്‍ സാഹചര്യങ്ങള്‍, ജീവിതത്തിന്‍റെ ഭ്രാന്തമായ ഗതിവേഗത, ജീവസന്ധാരണവും തൊഴിലും ഉറപ്പുവരുത്താനായി അന്യനാടുകളിലേയ്ക്ക് മാതാപിതാക്കള്‍ അല്ലെങ്കില്‍ ഗൃഹനാഥന്‍ കുടിയേറേണ്ടി വരുന്ന അവസ്ഥ, സര്‍വ്വോപരി അതിജീവനം എന്ന അടിസ്ഥാന പ്രശ്നവുമുണ്ടെങ്കില്‍, മറ്റൊന്നും പറയേണ്ടതുമില്ല. കുടുംബത്തില്‍ മാതാപിതാക്കളുടെ സ്നേഹസാന്നിദ്ധ്യം ജീവിതയാത്ര കൂടുതല്‍ ബലപ്പെടുത്താനും, യാഥാര്‍ത്ഥ്യങ്ങള്‍ ആഴമായി പങ്കുവയ്ക്കാനുമുള്ള സാധ്യത നല്കുന്നതാണ്. അവരുടെ ജീവിതാനുഭവങ്ങളും ബോധ്യങ്ങളും കുടുംബത്തിന്‍റെ കൂട്ടായ്മയില്‍ കുട്ടികള്‍ക്കായി സംവേദനം ചെയ്യുവാന്‍ സാധിക്കുന്നതും നന്മയാണ്.

ജീവിത പ്രതിസന്ധികളില്‍ മാതാപിതാക്കള്‍ നിരാശരാവാതിരിക്കട്ടെ.
ദൈവത്തില്‍ പ്രത്യാശവച്ചു നീങ്ങുകയും മക്കളെ മുന്നോട്ടു നയിക്കുകയും വേണം, കാരണം, കുടുംബമാണ് യഥാര്‍ത്ഥമായ നീതിയുടെയും സമാധാനത്തിന്‍റെയും ഏക ഉറവിടം.

മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളോടുള്ള കടപ്പാടുകള്‍ നിര്‍വ്വഹിക്കാന്‍ തക്കവിധത്തിലുള്ള സഹായങ്ങളും സൗകര്യങ്ങളും ചെയ്തുകൊടുക്കുവാന്‍ സര്‍ക്കാരിനും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വലിയ കടപ്പാടുണ്ട്. ജീവിത സാഹചര്യങ്ങള്‍കൊണ്ടും ജീവസന്ധാരണത്തിന്‍റെ‍ ബദ്ധപ്പാടുകൊണ്ടും, വെല്ലുവിളികള്‍കൊണ്ടും തങ്ങളുടെ മക്കളില്‍നിന്നും അകന്നിരിക്കുവാന്‍ നിര്‍ബന്ധിതരായിരിക്കുന്ന മാതാപിതാക്കളുടെ കുറവു നികത്താന്‍ വിദ്യാഭ്യാസ പ്രവര്‍ത്തകര്‍ക്ക് ഉത്തരവാദിത്വമുണ്ട്. അതുപോലെ ഏറെ സംവേദന ശക്തിയുള്ള ആധുനിക മാധ്യമങ്ങള്‍ യുവജനങ്ങളുടെ രൂപീകരണത്തിനും വളര്‍ച്ചയ്ക്കും ഉതകുന്ന വിധത്തില്‍ മൂല്യാധിഷ്ഠിതമായ പരിപാടികള്‍ ഒരുക്കുവാന്‍, മാധ്യമ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

വിദ്യാഭ്യാസം വ്യക്തിയുടെ സമഗ്ര രൂപീകരണത്തെ ശ്രദ്ധിക്കേണ്ടതാകയാല്‍, ആദ്ധ്യാത്മികവും ധാര്‍മ്മികവുമായ മാനങ്ങള്‍കൂടി അതില്‍ ഉള്‍ക്കൊള്ളേണ്ടതാണ്. മനുഷ്യജീവിതത്തിന്‍റെ ആത്യന്തിക ലക്ഷൃത്തിലും സാമൂഹ്യ നന്മയിലും വിദ്യാഭ്യാസ മേഖല ഏറെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതാണ്. അനന്തസത്യമായ ദൈവത്തിനുംവേണ്ടിയുള്ള നിലയ്ക്കാത്ത ദാഹമുള്ളവനാണ് മനുഷ്യന്‍. അവന്‍ ദൈവത്തിന്‍റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവനാണ്. അതുകൊണ്ടുതന്നെ മനുഷ്യവളര്‍ച്ചയുടെ ആദ്യപടി അവനില്‍ അടങ്ങിയിരിക്കുന്ന ദൈവഛായ അംഗീകരിക്കാന്‍ പഠിക്കുകയാണ്. വിദ്യാഭ്യാസത്തില്‍ ഈ ദൈവികത പരിപോഷിപ്പിക്കാന്‍ ഉത്തരവാദപ്പെട്ടവര്‍ ശ്രദ്ധിക്കേണ്ടതാണ്.
അതുവഴി മാത്രമേ മനുഷ്യജീവനോട് ആദരവും സ്നേഹവും വ്യക്തികളില്‍ വളര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. ദൈവികബോധമുള്ള വ്യക്തിക്കു മാത്രമേ, യാഥാര്‍ത്ഥമായ സ്വാതന്ത്രൃത്തിന്‍റെ വിലയും മതിപ്പും ഉണ്ടാവുകയുള്ളു. ദൈവവുമായുള്ള ബന്ധത്തില്‍ മാത്രമേ യഥാര്‍ത്ഥ സ്വാതന്ത്ര്യത്തിന്‍റെ മൂല്യവും മനുഷ്യന് മനസ്സിലാക്കാനാവൂ.

സമാധാനത്തിനുള്ള മാര്‍ഗ്ഗം ഒരിക്കലും അക്രമമോ അധിക്രമമോ അല്ല. സ്വാതന്ത്രൃവും ജനാധിപത്യനന്മയും ലക്ഷൃംവച്ചുകൊണ്ട് യുവജനങ്ങള്‍ വിപ്ളവത്തിനിറങ്ങുന്നതും ആയുധമെടുക്കുന്നതും ഇന്ന് നിര്‍ഭാഗ്യവശാല്‍ പതിവായിരിക്കുകയാണ്. സംവാദത്തിന്‍റെയും സംയമനത്തിന്‍റെയും പാതയില്‍ മാത്രമേ ശാശ്വതമായ ശാന്തി നേടുവാന്‍ സാധിക്കുകയുള്ളൂ. അക്രമം ഒരിക്കലും സമാധാനത്തിനുള്ള മാര്‍ഗ്ഗമല്ല. വളെടുക്കുന്നവന്‍റെ മരണകാരണം വാളുതന്നെയെന്ന സത്യം ഓര്‍ക്കേണ്ടതാണ്. ആകയാല്‍ അക്രമത്തിന്‍റെ പാതവെടിഞ്ഞ് യുവചേതനയെ ക്രിയാത്മകമായ നന്മയുടെ ചാലകശക്തിയാക്കേണ്ടത് മുതിര്‍ന്ന തലമുറയുടെ കടമയാണ്. സ്വീകരിക്കാനുള്ള ദാനം മാത്രമല്ല സമാധാനം. അത് എല്ലാവരും ഏറ്റെടുക്കേണ്ട ദൗത്യവും ഉത്തരവാദിത്തവുമാണ്. സമാധാന സ്ഥാപകരായിത്തീരുവാന്‍ നാം താഴെപ്പറയുന്ന കാര്യങ്ങളില്‍ സ്വയം പരിശീലിക്കണം,.... ദീനാനുകമ്പ, കാരുണ്യം, ഐക്യദാര്‍ഢ്യം, കൂട്ടായ പരിശ്രമം, സാഹോദര്യം, സഹജീവനം, ദേശീയവും അന്തര്‍ദേശീയവുമായ പ്രശ്നങ്ങളെക്കുറിച്ചും സമ്പത്തിന്‍റെ പുനര്‍വിതരണത്തിനു പര്യാപ്തമായ മാര്‍ഗ്ഗങ്ങളെക്കുറിച്ചുള്ള അവബോധം, വികസനത്തിലുള്ള സഹകരണം, സംഘര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്താനുള്ള മനോഭാവം എന്നിവ സമാധാനത്തിന്‍റെ പാതയില്‍ ഏവരുടേയും ഭാഗധേയമാകേണ്ടതാണ്.
സമാധാന സ്ഥാപകര്‍ അനുഗൃഹീതരാണ്, അവര്‍ ദൈവപുത്രരെന്ന് വിളിക്കപ്പെടും, എന്ന ക്രിസ്തുവിന്‍റെ ഗിരിപ്രഭാഷണ ശബ്ദം എന്നും നമ്മുടെ ജീവിത വീഥികളില്‍ മുഴങ്ങട്ടെ.








All the contents on this site are copyrighted ©.