2012-01-02 17:02:12

മാര്‍പാപ്പയുടെ ക്യൂബന്‍ പര്യടനത്തിന്‍റെ തിയതി പ്രഖ്യാപിച്ചു


02 ജനുവരി 2012, ഹവാന
ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മാര്‍ച്ചു മാസം ഇരുപത്തിയാറാം തിയതി മുതല്‍ ഇരുപത്തിയെട്ടാം തിയതി വരെ ക്യൂബയില്‍ പര്യടനം നടത്തും. പേപ്പല്‍ പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തുന്ന വാര്‍ത്താക്കുറിപ്പ് അന്നാട്ടിലെ ദേശീയ മെത്രാന്‍ സമിതി പ്രസിദ്ധീകരിച്ചു. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച ക്യൂബയിലെ സാന്തിയാഗോ പട്ടണത്തിലെത്തുന്ന മാര്‍പാപ്പയ്ക്കു പ്രസിഡന്‍റ് റൗള്‍ കാസ്ട്രോ സ്വാഗതമേകും. തിങ്കളാഴ്ച വൈകീട്ട് അന്തോണിയോ മാസെയോ വിപ്ലവ ചത്വരത്തില്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. തുടര്‍ന്ന് എല്‍കോബ്രെ പട്ടണത്തിലേക്കു പാപ്പ യാത്രയാകും.
ഇരുപത്തിയേഴാം തിയതി ചൊവ്വാഴ്ച മാര്‍പാപ്പ കോബ്രെയിലെ ഉപവിയുടെ കന്യകാനാഥയുടെ തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിക്കും. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് സാന്തിയാഗോ പട്ടണത്തില്‍ നിന്നും തലസ്ഥാനഗരമായ ഹവാനയിലേക്കു പാപ്പ യാത്രയാകും. ഹവാനപട്ടണത്തില്‍ വച്ച് പ്രസിഡന്‍റ് റൗള്‍ കാസ്ട്രോയുമായി മാര്‍പാപ്പ കൂടിക്കാഴ്ച്ച നടത്തും.
ഇരുപത്തിയെട്ടാം തിയതി ബുധനാഴ്ച ഹവാനയിലെ ഹോസെ മാര്‍ത്തി വിപ്ലവ ചത്വരത്തില്‍ വച്ച് ആയിരക്കണക്കിനു വിശ്വാസികളുടെ സാന്നിദ്ധ്യത്തില്‍ മാര്‍പാപ്പ സാഘോഷ ദിവ്യബലിയര്‍പ്പിക്കും. ബുധനാഴ്ച വൈകീട്ട് ഔദ്യോഗിക യാത്രയയപ്പു ചടങ്ങുകള്‍ക്കുശേഷം പാപ്പ ക്യൂബയില്‍ നിന്നും വിടവാങ്ങും.








All the contents on this site are copyrighted ©.