2011-12-31 16:00:35

സുവിശേഷപരിചിന്തനം
ദൈവമാതൃത്വം – തിരുക്കുടുംബം
2012 ജനുവരി 1


ലൂക്കാ 2, 16-21
ഏവര്‍ക്കും പ്രാര്‍ത്ഥനനിറഞ്ഞ പുതുവത്സരാശംസകള്‍!
ദൈവത്തിന് എല്ലായിടത്തുമായിരിക്കാന്‍ കഴിയാത്തതു കൊണ്ടാണ് അമ്മമാരെ സൃഷ്ടിച്ചത്, എന്ന് പുരാതന ഹെബ്രായ പഴഞ്ചൊല്ലുണ്ട്. ഒരമ്മയായ മറിയത്തിന്‍റെ കലവറയില്ലാത്ത സമര്‍പ്പണവും ദൈവഹിത്തോടുള്ള വിധേയത്വവുംകൊണ്ട് ദൈവം മനുഷ്യരോടൊത്തു വസിച്ചു. ദൈവം ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. ഇമ്മാനുവേല്‍, ദൈവം നമ്മോടുകൂടെ, എവിടെയും എപ്പോഴും! നാം ദൈവമാതൃത്വവും തിരുക്കുടുംബത്തിന്‍റെ തിരുനാളും ഒരുമിച്ച് കൊണ്ടാടുകയാണല്ലോ, കൂടെ പുതുവര്‍ഷപ്പിറവിയും.

സാധാരണയുള്ള ആഘോഷങ്ങള്‍ പുതുവര്‍ഷത്തെ കേന്ദ്രീകരിച്ചായിരിക്കാം. എന്നാല്‍ ആരാധനക്രമം തിരുക്കുടുംബത്തിരുനാളും അതിന്‍റെ പാലകിയായ പരിശുദ്ധ കന്യകാ നാഥയുടെ ദൈവമാതൃത്വവും ആചരിക്കുന്നു. മനുഷ്യകുലവുമായുള്ള ദൈവത്തിന്‍റെ ഇടചേരലാണ് യേശുവന്‍റെ അമ്മയെ ദൈവമാതാവാക്കുന്നത്. “കന്യകയില്‍നിന്നു പിറന്ന അവിടുന്ന് പാപമൊഴികെ മറ്റെല്ലാറ്റിനും മനുഷ്യര്‍ക്കു സമനായി ജീവിച്ചു,” എന്നാണ് തിരുവെഴുത്തുകള്‍.

ദൈവപുത്രനായ ക്രിസ്തുവിന്‍റെ ഈ ഭൂമിയിലെ ജീവിതം ആരംഭിക്കുന്നത് മറിയത്തിലാണ്. സഭയില്‍ പുതുവത്സരം ആരംഭിക്കുന്നതും ആഘോഷിക്കുന്നതും ദൈവമാതൃത്വം ആചരിച്ചുകൊണ്ട്ണ്. ഇത് ഏറെ പ്രതീകാത്മകമാണ്. ഭൂമിയില്‍ രക്ഷകന്‍റെ അമ്മയായവള്‍, മനുഷ്യകുലത്തിന്‍റെ ആത്മീയ അമ്മയാണെന്ന സത്യം ഈ തിരുനാളില്‍ പ്രഘോഷിക്കപ്പെടുകയാണ്.

ദൈവകുമാരന്‍റെ അമ്മയുടെ അനുസ്മരണം തീര്‍ച്ചയായും ലോകത്തിന് സന്തോഷദായകമാണ്. ദൈവഹിതത്തോടുള്ള വിധേയത്വവും വിശ്വസ്തതയുമാണ് മറിയത്തെ ക്രിസ്തുവിന്‍റെയും സഭയുടെയും അമ്മയാക്കുന്നത്. മറിയത്തിന്‍റെ ദൈവമാതൃത്വം ആഘോഷിക്കുന്നതിലുള്ള സന്തോഷത്തോടും ആത്മീയ നിറവോടുംകൂടി നമ്മുക്ക് ഈ പുതുവര്‍ഷം ആരംഭിക്കാം. വചനപ്രഭയുള്ളവളും കൃപാവരത്തിന്‍റെ നിറവുള്ളവളുമായ പരിശുദ്ധ അമ്മ, നമ്മുടെ ജീവിതങ്ങളെ ക്രിസ്തുവിന്‍റെ ദിവ്യപ്രഭയാല്‍ നിറയ്ക്കട്ടെ. ദൈവം ദാനമായി നമുക്കു തരുന്ന
ഈ പുതുവര്‍ഷം അനുഗ്രഹപ്രദമാകട്ടെ, ഫലസമൃദ്ധമാവട്ടെ!

കാല്‍വരിയില്‍വച്ച് ക്രിസ്തുനാഥന്‍ തന്‍റെ ശിഷ്യന്‍ യോഹന്നാനെ ചൂണ്ടിക്കാട്ടിക്കൊണ്ട്,
“ഇതാ നിന്‍റെ മകന്‍,” എന്ന് അരുള്‍ചെയ്ത വാക്കുകളില്‍ മറിയത്തെ ഭരമേല്പിക്കുന്നതോടെയാണ് മനുഷ്യകുലം മുഴുവന്‍ മറിയത്തിന്‍റെ മാതൃത്വത്തില്‍ സംരക്ഷിതമാകുന്നത്. അതുകൊണ്ടുതന്നെയാവണം ഇന്ന് ഈ ലോകത്ത് ഏറ്റവും അധികം വണങ്ങപ്പെടുന്ന മനുഷ്യവ്യക്തി പരിശുദ്ധ കന്യകാ മറിയമാണ്.

ജീവന്‍റെ ഉറവയായിത്തീരുന്ന എല്ലാ അമ്മമാരും, ദൈവിക ജീവനിലും പദ്ധതിയിലും സവിശേഷമാംവിധം പങ്കുചേരുന്നു എന്നതില്‍ സംശയമില്ല. ഒരമ്മ തന്‍റെ ഉദരത്തില്‍ മറ്റൊരു ജീവനെ സ്നേഹത്തോടും ആദരവോടുംകൂടെ വഹിക്കുകയും പോറ്റുകയും ചെയ്യുന്നുവെന്നത് വളരെ ശ്രേഷ്ഠമായൊരു കാര്യവും എന്നും അനുസ്മരിക്കപ്പെടുകയും ആദരിക്കപ്പെടുകയും ചെയ്യേണ്ട യാഥാര്‍ത്ഥ്യവുമാണ്. നമ്മുടെ അമ്മമാരെ..., ജീവിച്ചിരിക്കുന്നവരെയും മരണമടഞ്ഞവരെയും സ്നേഹാദരങ്ങളോടെ ഇന്നേദിവസം അനുസ്മരിക്കാം. പരിശുദ്ധ ദൈവമാതാവിന്‍റെ അനുഗ്രവും സംരക്ഷണയും അവര്‍ക്കേവര്‍ക്കും എപ്പോഴും ഉണ്ടാവട്ടെ
എന്നു പ്രാര്‍ത്ഥിക്കുകയും ചെയ്യാം.

പൗലോസ് അപ്പസ്തോലന്‍ ഗലാത്തിയര്‍ക്കെഴുതിയ ലേഖനത്തില്‍ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്ന,
4, 4-7 വരെയുള്ള വാക്യങ്ങള്‍. കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവിടുന്ന് സ്ത്രീയില്‍നിന്നു ജാതനായി. നിയമത്തിന് അധീനനായി ജനിച്ചു.
അങ്ങനെ നമ്മള്‍ പുത്രന്മാരായി ദത്തെടുക്കപ്പെടേണ്ടതിന് അവിടുന്ന് നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ, പിതാവേ, എന്നു വിളിക്കുന്ന തന്‍റെ പുത്രന്‍റ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേയ്ക്ക് അയച്ചിരിക്കുന്നു. ആകയാല്‍, നിങ്ങള്‍ ഇനിമേല്‍ ദാസന്മാരല്ല, പിന്നെയോ പുത്രിമാരും പുത്രന്മാരുമാണ്. അങ്ങനെ നിങ്ങള്‍ ദൈവഹിതമനുസരിച്ച് അവകാശികളുമാണ്.

ദൈവപുതന്‍ കന്യകാ മറിയത്തിലൂടെയാണ് ലോകത്തിന് ലഭ്യമായത് എന്ന സത്യമാണ്
ഈ ദിനത്തില്‍‍ പ്രത്യേകമായി അനുസ്മരിക്കപ്പെടുന്നത്. അങ്ങനെ മറിയംവഴി ക്രിസ്തുവില്‍
നാം ദൈവമക്കാളായിത്തീര്‍ന്നു. അതുപോലെ സുവിശേഷത്തി‍ല്‍ ക്രിസ്തുവിന്‍റെ ജനനത്തെ കേന്ദ്രീകരിച്ചുള്ള സദ്വാര്‍ത്ത ദൈവദൂതന്‍ എല്ലാവരെയും അറിയിക്കുന്ന ഭാഗത്ത്,
“മറിയമാകട്ടെ ഇതെല്ലാം തന്‍റെ ഹൃദയത്തില്‍ സംഗ്രഹിച്ചുവച്ചു,” എന്നാണു നാം വായിക്കുന്നത്. മാംസംധരിച്ച വചനത്തെ ഉദരത്തില്‍ വഹിച്ചവള്‍, ഹൃദയത്തിലും വഹിക്കുന്നു.

ദൈവമാതൃത്വം സഭയുടെ വിശ്വാസസത്യവും പ്രബോധനവുമാണ്. വിശുദ്ധ ലൂക്കായുടെ സുവിശേഷം അതിന് ആധാരമായി നില്കുന്നു. ഗബ്രിയേല്‍ ദൂതന്‍ അറിയിച്ച മംഗലവാര്‍ത്ത ശ്രവിച്ച മാത്രയില്‍ മറിയം, തന്‍റെ ചാര്‍ച്ചക്കാരിയായ എലിസബത്തിനെ സന്ദര്‍ശിക്കുന്നു. പരിശുദ്ധാത്മാവിനാല്‍ പ്രചോദിതയായ എലിസബത്ത് മറിയത്തിന്‍റെ ദൈവമാതൃത്വം തിരിച്ചറിയുകയും വെളിപ്പെടുത്തുകയും ചെയ്യുന്നു. “എന്‍റെ കര്‍ത്താവിന്‍റെ അമ്മ എന്‍റെ അടുക്കല്‍ വരാനുള്ള ഭാഗ്യം എനിക്കെങ്ങനെ ഉണ്ടായി,” എന്നായിരുന്നു എലിസബത്തിന്‍റെ
പ്രതികരണം. ലൂക്കാ 1, 43

ക്രിസ്തുവര്‍ഷം 431-ല്‍ എഫേസൂസ് കൗണ്‍സിലാണ് മറിയത്തിന്‍റെ ദൈവമാതൃത്വം വിശ്വാസസത്യമായി അംഗീകരിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്. മാംസംധരിച്ച വചനമായ ക്രിസ്തുവിനെ ഉദരത്തില്‍ വഹിച്ച മറിയത്തെ ദൈവമാതാവെന്ന് വിളിക്കുന്ന കൗണ്‍സില്‍, അത് സ്ഥിരീകരിക്കുകയും തുടര്‍ന്ന് വിശ്വാസസത്യമായി പഠിപ്പിക്കുകുയും ചെയ്യുന്നു.

“മറിയത്തിന്‍റെ ഉദരത്തില്‍ പരിശുദ്ധാത്മാവിനാല്‍ മനുഷ്യനായി അവതരിച്ചവനും, ശാരീരികമായും യഥാര്‍ത്ഥമായും മറിയത്തിന്‍റെ മകനായി തീര്‍ന്നവനും, പരിശുദ്ധ ത്രിത്വത്തിലെ രണ്ടാമത്തെ വ്യക്തിത്വവും പിതാവിന്‍റെ തിരുസുതനുമാണ്. അതുകൊണ്ട് മറിയം യഥാര്‍ത്ഥത്തില്‍ ദൈവത്തിന്‍റെ അമ്മയാണെന്ന് theotokos എന്ന് തിരുസഭ ഉദ്ഘോഷിക്കുന്നു.”
ഇത് എഫേസൂസ് കൗണ്‍സിലിന്‍റെ പ്രഖ്യാപനമാണ്.

തിരുക്കുടുബത്തിന്‍റെ തിരുനാളും ദേവമാതൃത്വത്തിരുനാളും സംഗമിക്കുന്ന ആരാധനക്രമത്തിന്‍റെ ആപൂര്‍വ്വദിനമാണിന്ന്. ദൈവിക സ്രോതസ്സില്‍നിന്ന് ഉത്ഭവിക്കുന്ന യഥാര്‍ത്ഥമായ സ്നേഹത്തിന്‍റെ കൂട്ടായ്മയാണ് കുടുംബം, എന്ന് വത്തിക്കാന്‍ സൂനഹദോസ്, സഭ ആധുനിക യുഗത്തില്‍, gaudium et spes എന്ന പ്രമാണരേഖയിലൂടെ പഠിപ്പിക്കുന്നു. GS 48.

പുണ്യശ്ലോകനായ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയാണ് കുടുംബത്തെ ‘ഗാര്‍ഹിക സഭ’യെന്നു വിശേഷിപ്പിച്ചത്. വിശ്വാസവും ക്രിസ്തീയ മൂല്യങ്ങളും ഒരു തലമുറയില്‍നിന്നും മറ്റൊരു തലമുറയിലേയ്ക്ക് കൈമാറേണ്ടത് കുടുംബങ്ങളിലൂടെണ്. കൂട്ടികളുടെ രൂപീകരണത്തില്‍ മാതാപിതാക്കള്‍ക്ക് എത്ര വലിയ പങ്കാണ് വഹിക്കുന്നത്. വളരുന്ന തലമുറയിലാണ് സഭ സ്ഥിതിചെയ്യുന്നത് എന്ന വസ്തുത മറന്നു പോകരുത്. മതബോധനത്തിന്‍റെ മൗലികമായ പാഠങ്ങള്‍ കുടുംബത്തിലാണ് ആദ്യം നല്കപ്പെടേണ്ടത്. ജ്ഞാനസ്നാനത്തിനും പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിനും കുട്ടികളെ ഒരുക്കേണ്ടത് മാതാപിതാക്കളാണ്. ഇങ്ങനെ ചെറുതും വലുതുമായ നിരവധി കാര്യങ്ങളിലൂടെ മാതാപിതാക്കള്‍ സഭയുടെ ദൗത്യനിര്‍വ്വഹണത്തില്‍ പങ്കുകാരാകുന്നുണ്ട്. കുടുംബ പ്രാര്‍ത്ഥന, ദിവ്യകാരുണ്യം എന്നിവയെ കേന്ദ്രീകരിച്ചുള്ള ആത്മീയ ജീവിതത്തെ പിന്‍തുണയ്ക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതും കുടുംബമാണ്. ക്രിസ്തീയ കുടുബത്തിനു ലഭിക്കേണ്ട ശക്തിയുടെ ഉറവിടവും പ്രസാദവര ജീവനും ക്രിസ്തുനാഥനോടുള്ള ഐക്യമാണ്. കുടുംബപ്രാര്‍ത്ഥനയും ആരാധനക്രമ ജീവിതവും
പ്രസ്തുത ഐക്യത്തെ നിരന്തരം പരിപോഷിപ്പിക്കുന്ന ഘടകങ്ങളുമാണ്.

സഭയുടെ സര്‍വ്വപ്രധാനമായ ദൗത്യം സുവിശേഷ സാക്ഷൃമാണ്. വ്യക്തികളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും സമൂഹത്തിലേയ്ക്കും ഓരോ ക്രൈസ്തവനിലൂടെയുള്ള ദൈവസ്നേഹത്തിന്‍റെ വഴിഞ്ഞൊഴുകലാണ് സാക്ഷൃം. അതുകൊണ്ട് പ്രാര്‍ത്ഥനയിലും ദൈവസ്നേഹത്തിലും ജീവിക്കുന്ന കുടുംബങ്ങള്‍ സമൂഹത്തിലും അയല്‍പക്കങ്ങളിലും
തങ്ങളുടെ സല്‍പ്രവൃത്തികളും ജീവിതമാതൃകയുംകൊണ്ട് ക്രിസ്തുവിന്‍റെ മൗതിക ശരീരത്തെ പരിപോഷിപ്പിക്കുകയും ദൈവരാജ്യത്തിന്‍റെ അനുഭവം ഈ ലോകത്ത് യാഥാര്‍ത്ഥ്യമാക്കുകയും ചെയ്യുന്നു.

ദൈവത്തെ കൂടുതല്‍ സ്നേഹിക്കുകയും അറിയുകയും ചെയ്യുന്ന ദൈവസ്നേഹത്തിന്‍റെ പ്രതീകമാണ് കുടുംബം. ലോകത്തിന്‍റെ ഭാവി കടന്നുപോകുന്നത് കുടംബങ്ങളിലൂടെയാണ്. ആകയാല്‍ സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും കേന്ദ്രങ്ങളായി നമ്മുടെ കുടുംബങ്ങളെ രൂപാന്തരപ്പെടുത്താവാന്‍ നസ്രത്തിലെ തിരുക്കുടുംബത്തിന്‍റെ മാതൃക സ്വീകരിക്കാം, മാദ്ധ്യസ്ഥ്യം പ്രാര്‍ത്ഥിക്കാം. ദൈവമാതാവും തിരുക്കുടുംബ പാലകിയുമായ പരിശുദ്ധ കന്യാകാനാഥ നമ്മുടെ എല്ലാ കുടുംബങ്ങളെയും അനുഗ്രിഹിക്കട്ടെ, കാത്തുപാലിക്കട്ടെ.









All the contents on this site are copyrighted ©.