2011-12-30 17:44:12

ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്നത് നീതിയിലും സത്യത്തിലും അടിയുറച്ച സ്വാതന്ത്ര്യം


30 ഡിസംബര്‍ 2011, ബെയ്റൂട്ട്
മധ്യപൂര്‍വ്വദേശത്തെ രാജ്യങ്ങളില്‍ ‘അറേബ്യന്‍ വസന്തം’ എന്ന പേരില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ജനാധിപത്യ വിപ്ലവങ്ങളുട ഫലമായി ക്രൈസ്തവര്‍ പ്രതീക്ഷിക്കുന്നത് നീതിയിലും സത്യത്തിലും അടിയുറച്ച സ്വാതന്ത്ര്യമാണെന്ന് ഫാദര്‍ സമീര്‍ ഖലീല്‍ സമീര്‍. അറേബ്യന്‍ ക്രൈസ്തവീകതയെ സംബന്ധിച്ച രേഖകളുടെ ഗവേഷണവും ക്രോഡീകരണവും നടത്തുന്ന സെഡ്റാക്ക് പഠനകേന്ദ്രത്തിന്‍റെ സ്ഥാപകനായ ഫാദര്‍ സമീര്‍ എസ്. ജെ, അറേബ്യന്‍ രാജ്യങ്ങളിലെ വിവിധ സാമൂഹ്യസാഹചര്യങ്ങളില്‍ ക്രൈസ്തവരുടേയും മുസ്ലീമുകളുടേയും സഹകരണം ആവശ്യമാണെന്നും പ്രസ്താവിച്ചു. വിവേചനരഹിതമായ ഒരു സമൂഹത്തിനു വേണ്ടിയാണ് അന്നാടുകളിലെ ജനങ്ങള്‍ സഹകരിച്ചു പ്രവര്‍ത്തിക്കേണ്ടതെന്നും ഫാദര്‍ സമീര്‍ വ്യക്തമാക്കി. രാഷ്ട്രീയകാര്യങ്ങളില്‍ ഇടപെടാതെ സമാധാനപൂര്‍ണ്ണമായ ജീവിതം നയിക്കാനാണ് അന്നാടുകളിലെ ക്രൈസ്തവര്‍ താല്‍പര്യപ്പെടുന്നതെന്നു ചൂണ്ടിക്കാട്ടിയ ഫാദര്‍ സമീര്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നത് ക്രൈസ്തവരുടെ കടമയും അവകാശവുമാണെന്ന് അനുസ്മരിപ്പിച്ചു.

അറബ് ലീഗ് സിറിയയെ സംഘടനയില്‍ നിന്നും പുറത്താക്കിയെങ്കിലും സിറിയന്‍ പ്രക്ഷോഭത്തിന്‍റെ കാര്യത്തില്‍ ലീഗിന്‍റെ നിലപാട് എന്താണെന്ന് വ്യക്തമല്ലെന്ന് ഫാദര്‍ സമീര്‍ അഭിപ്രായപ്പെട്ടു. സിറിയയിലെ വിമതപോരാളികള്‍ക്ക് സമീപ രാജ്യങ്ങളുടെ സാമ്പത്തീക സഹായം ലഭിക്കുന്നുണ്ട്. എന്നാല്‍ അന്നാട്ടിലെ സംഘര്‍ഷാവസ്ഥ പരിഹരിക്കാന്‍ അറേബ്യന്‍ മധ്യസ്ഥരുടെ സഹായം അനിവാര്യമാണെന്നും ഫാദര്‍ സമീര്‍ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.