2011-12-29 18:31:24

പാപ്പായുടെ 2011
അവലോകനം


29 ഡിസംമ്പര്‍ 2011, റോം
സഭയുടെ സാര്‍വ്വത്രിക സാന്നിദ്ധ്യം തെളിയിക്കുന്നതായിരുന്നു ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2011-ാമാണ്ടെന്ന് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി പ്രസ്താവിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ മാര്‍പാപ്പയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിക്കൊണ്ട് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി ഇപ്രകാരം പ്രസ്താവിച്ചത്.
ജര്‍മ്മനി, സ്പെയിന്‍, ആഫ്രിക്കയിലെ ബെനീന്‍ എന്നീ രാജ്യങ്ങളിലേയ്ക്ക് പാപ്പ നടത്തിയ അപ്പസ്തോലിക സന്ദര്‍ശനങ്ങളാണ്, കഴിഞ്ഞ വര്‍ഷത്തെ പ്രേഷിത പ്രവര്‍ത്തനങ്ങളിലെ ‘നാഴികക്കല്ലുകളെ’ന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിലയിരുത്തി. മതനിരപേക്ഷമായ ലോകത്തിന് ദൈവിക ജീവന്‍റെ പ്രസക്തിയും പ്രാധാന്യവും തന്‍റെ പ്രേഷിതയാത്രകളിലൂടെ മാര്‍പാപ്പ നല്കിയെന്ന് ഫാദര്‍ ലൊമ്പാര്‍ഡി ചൂണ്ടിക്കാട്ടി. മനുഷ്യാന്തസ്സു മാനിച്ചുകൊണ്ടുള്ള നന്മയുടെ സാമൂഹ്യ വളര്‍ച്ചയ്ക്ക് ദൈവമാണ് അടിസ്ഥാനമെന്നു പ്രസ്താവിച്ച ജര്‍മ്മന്‍ പാര്‍ളിമെന്‍റിലെ പ്രഭാഷണത്തെ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ ഭരണകാലത്തെ ‘ഏറ്റവും ഉദാത്തമായ’ പ്രബോധനമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വിശേഷിപ്പിച്ചു. മുന്‍പൊരിക്കലും കാണാത്ത വിധത്തില്‍ മാഡ്രിഡില്‍ മാര്‍പാപ്പായ്ക്കൊപ്പമെത്തിയ യുവജനങ്ങളുടെ സജീവ സാന്നിദ്ധ്യത്തെയും, പ്രതിസന്ധികള്‍ക്കിടയിലും ആഫ്രിക്കാ ഭൂഖണ്ഡത്തില്‍ ശ്രദ്ധേയമായ പ്രസരിപ്പുള്ള ക്രൈസ്തവ സമൂഹങ്ങളെയും ‘പ്രത്യാശയുടെ പ്രതീകങ്ങളെ’ന്ന് മാര്‍പാപ്പയുടെ വാക്കുകളില്‍ത്തന്നെ വത്തിക്കാന്‍റെ വക്താവ് എടുത്തുപറഞ്ഞു.

ലോകമത നേതാക്കളുമായി അസ്സീസ്സിയില്‍ ചേര്‍ന്ന സമ്മേളനം സത്യത്തിന്‍റെ പാതയിലെ മുന്നോട്ടുള്ള മറ്റൊരു കാല്‍വയ്പ്പായിരുന്നുവെന്നും, മതങ്ങളുമായുള്ള സംവാദത്തിന്‍റെയും സഹോദര്യത്തിന്‍റെയും സംഗമമായിരുന്നു അതെന്നും ഫാദര്‍ ലൊമ്പാര്‍ഡി അനുസ്മരിച്ചു.
ദൈവശാസ്ത്ര പണ്ഡിതനും ദാര്‍ശനികനും അദ്ധ്യാപകനുമായ മാര്‍പാപ്പയുടെ നസ്രായനായ യേശു, ക്രിസ്തുവിന്‍റെ അമ്മ എന്നീ ഗ്രന്ഥങ്ങളും, അഫ്രിക്കേ മൂനൂസ്, പേര്‍ത്താ ഫിദേയീ എന്നീ അപ്പസ്തോലിക പ്രബോധനങ്ങളും, ബുധനാഴ്ചകളിലെ വിശ്വാസപ്രബോധനങ്ങളും, ഞായാറാഴ്ചകളിലെ ത്രികാല പ്രാര്‍ത്ഥനാ സന്ദേശങ്ങളും ലോകത്തിന് ധാര്‍മ്മികതയുടെ നിലയ്ക്കാത്ത ശബ്ദമായി ഉയര്‍ന്നു നില്ക്കുന്നുവെന്നും ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി.

ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനം, റോമിലെ കേന്ദ്രജയില്‍ സന്ദര്‍ശനം, ബഹിരാകാശ ചാരികളുമായി നടത്തിയ സംവാദം എന്നിവയും ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ 2011-ലെ സ്മരണാര്‍ഹവും ഹൃദ്യവുമായ സംഭവങ്ങളാണെന്ന് വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി ഫാദര്‍ ലൊമ്പാര്‍ഡി വിലയിരുത്തി.








All the contents on this site are copyrighted ©.