2011-12-29 18:15:25

തെയ്സ്സെ ബേര്‍ളിന്‍ സമ്മേളനത്തിന്
മാര്‍പാപ്പയുടെ സന്ദേശം


29 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
പ്രാര്‍ത്ഥനയിലൂടെ വിശ്വാസത്തിന്‍റെ ഉറവകള്‍ പൊട്ടിപ്പുറപ്പെടട്ടെയെന്ന്, ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ആശംസിച്ചു. ജര്‍മ്മനിയുടെ തലസ്ഥാന നഗരമായ ബര്‍ളിനില്‍ ഡിസംമ്പര്‍ 28-ാം തിയതി ബുധനാഴ്ച ആരംഭിച്ച 34-ാമത് തെയ്സ്സേ ആഗോള പ്രാര്‍ത്ഥനാ സമ്മേളനത്തിന് അയച്ച സന്ദേശത്തിലാണ് പാപ്പ ഇപ്രകാരം ആശംസിച്ചത്.
വിശ്വാസം അന്ധമായ നീക്കമല്ല, ക്രിസ്തുവിലും അവിടുത്തെ അരൂപിയിലും വിശ്വാസമര്‍പ്പിച്ചുകൊണ്ട്, അനുദിന ജീവിതത്തിന്‍റെ വെല്ലുവിളികള്‍ക്കിടയിലും പ്രത്യാശയോടെ മുന്നോട്ടു ചരിക്കുന്ന ജീവിത സാക്ഷൃമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. ദാരിദ്ര്യത്തിനും അനീതിക്കുമെതിരെ അക്രമത്തിന്‍റെ പാത സ്വീകരിക്കുന്ന യുവജനങ്ങള്‍, വിശ്വാസത്തിന്‍റെയും പ്രാര്‍ത്ഥനയുടെയും പാതയിലൂടെ സമാധാനം ആസ്വദിക്കുവാന്‍ ഇടയാകട്ടെയെന്നും മാര്‍പാപ്പ ആശംസിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുമെത്തിയ, വിശിഷ്യാ യൂറോപ്പില്‍നിന്നും ധാരാളമായെത്തിയ യുവജനങ്ങള്‍ക്ക് മാര്‍പാപ്പ തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദം നല്കുകയും അടുത്ത വര്‍ഷത്തെ പ്രാര്‍ത്ഥനാ സമ്മേളനത്തിന് വേദിയാകുന്ന റോമിലേയ്ക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്തു.
1940-ല്‍ ഫ്രാന്‍സിലെ തെയ്സ്സേ ഗ്രാമത്തില്‍ റോജര്‍ ഷൂല്‍സ് ആരംഭിച്ച ചെറുപ്രാര്‍ത്ഥാനാ സമൂഹമാണ്, ഇന്ന് ക്രൈസ്തവരെ മാത്രമല്ല, ദൈവത്തെ അന്വേഷിക്കുന്ന ആരെയും ആകര്‍ഷിക്കുന്ന വിശ്വസാഹോദര്യത്തിന്‍റെ ആഗോളപ്രസ്താനമായി വളര്‍ന്നു നില്ക്കുന്നത്.

2012-ന്‍റെ പുതുവര്‍ഷപ്പുലരിവരെ നീണ്ടു നില്ക്കുന്ന ജാഗര പ്രാര്‍ത്ഥനയോടെ സമ്മേളനം സമാപിക്കും.

പാപ്പായ്ക്കൊപ്പം യുഎന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണ്‍,
ജര്‍മ്മന്‍ പ്രസിഡന്‍റ് ക്രിസ്ത്യന്‍ വൂള്‍ഫ്, കോണ്‍സ്റ്റാന്‍റി നോപ്പിളിലെ പാത്രിയര്‍ക്കിസ് ബര്‍ത്തലോമിയോ പ്രഥമന്‍, റഷ്യയിലെ ഓര്‍ത്തടോക്സ് പാത്രിയര്‍ക്കിസ് കിരീള്‍, ആഗോള ലൂതറന്‍ സഭയുടെ പ്രസിഡന്‍റ്
മാര്‍ട്ടിന്‍ ജൂങ്, ജര്‍മ്മനിയിലെ പ്രോട്ടസ്റ്റന്‍റ് സഭയുടെ തലവന്‍, ചാള്‍സ് കൂഫര്‍ എന്നിവരും തെയ്സ്സേ സമ്മേളനത്തിന് ആശംസാ സന്ദേശങ്ങള്‍ അയയ്ക്കുകയുണ്ടായി.








All the contents on this site are copyrighted ©.