2011-12-28 19:53:45

വത്തിക്കാനിലെ
‘മേരിയന്‍’
പുല്‍ക്കൂട്


28 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
വത്തിക്കാനിലെ പുല്‍ക്കൂടിനു പ്രചോദനം വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായെന്ന്, ആര്‍ച്ചുബിഷപ്പ് ജോസഫ് ബര്‍ത്തേല്ലോ, വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ് അറിയിച്ചു.
ഡിസംമ്പര്‍ 24-ാം തിയതി വൈകുന്നേരം ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ ഉദ്ഘാടനംചെയ്ത വിശുദ്ധ പത്രോസിന്‍റെ ചത്വരത്തിലെ പുല്‍ക്കൂട് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമാന്‍ പാപ്പായുടെ മരിയ ഭക്തിയെ കേന്ദ്രീകരിച്ചാണ് (പാപ്പായുടെ സ്ഥാനിക ചിഹ്നത്തില്‍ ഉല്ലേഖനംചെയ്തിരിക്കുന്ന വലിയ കുരിശും എം എന്ന അക്ഷരവും, എല്ലാം അങ്ങേയ്ക്ക് ഓ മറിയമേ, എന്ന ആപ്തവാക്യത്തെയും) വിഭാവനംചെയ്തിരിക്കുന്നതെന്ന്, ക്രിബ്ബിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ പ്രസിഡന്‍റ് അഭിമുഖത്തില്‍ വെളിപ്പെടുത്തി.

പലസ്തീനായുടെ ഗ്രാമീണ പശ്ചാത്തലത്തിലുള്ള വീടുകളും സിനഗോഗും ഗുഹയും പാറക്കെട്ടും പനമരങ്ങളും ചേര്‍ത്ത് മനോഹരമായി ദൃശ്യാവിഷ്ക്കരണം ചെയ്തിരിക്കുന്ന വത്തിക്കാനിലെ ബൃഹത്തായ തിരുപ്പിറവിയുടെ രംഗസംവിധാത്തില്‍, മാംസംധരിച്ച വചനത്തെ ഹൃദയത്തില്‍ ഉള്‍ക്കൊള്ളുകയും ഉദരത്തില്‍ വഹിക്കുകയും ചെയ്ത കന്യകാമറിയത്തിന്‍റെ ലാളിത്യമാര്‍ന്ന സാന്നിദ്ധ്യം നിറഞ്ഞു നല്ക്കുന്നുവെന്ന് ആര്‍ച്ചുബിഷപ്പ് ബര്‍ത്തേല്ലോ വ്യക്തമാക്കി.
പുല്‍ക്കൂടിന്‍റെ മൊത്തമായ ദൃശ്യസംവിധാനത്തിന്‍റെ മദ്ധ്യത്തില്‍ ബെതലഹേം ഗുഹയാണ്. പുല്‍ത്തോട്ടിയില്‍ കിടക്കുന്ന ഉണ്ണിയുടെ ചാരത്ത് നമ്രശിരസ്കയായി ഇരുകരങ്ങളും വിരിച്ച് ഇരിക്കുന്ന മറിയം, മൈക്കളാഞ്ചചലോയുടെ ‘പിയത്താ’യിലെ മറിയത്തിന്‍റെ ശോകാത്മകമായ ഭക്തിസാന്ദ്രത വളിച്ചോതുന്നു. പുല്‍ത്തൊട്ടിയിലെ മരത്തില്‍നിന്നും കാല്‍വരിയിലെ മരക്കിരിശുവരെ നീളുന്ന രക്ഷാകര ചരിത്രത്തിന്‍റെ ധ്യാനം പുല്‍ക്കൂടു സന്ദര്‍ശിക്കുന്ന ആരുടെയും മനസ്സിലേയ്ക്ക് ഓടിയെത്തുമെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഗുഹയുടെ ഇടതു ഭാഗത്തുള്ള നസ്രത്തിലെ സിനഗോഗിനോടു ചേര്‍ന്നുള്ള കൊച്ചുവീട്ടില്‍ മംഗലവാര്‍ത്തയുടെ രംഗചിത്രീകരമാണ്. ഗബ്രിയേല്‍ദൂതന്‍ അരുള്‍ചെയ്ത, “കൃപനിറഞ്ഞവളേ, ദൈവം നിന്നില്‍ പ്രസാദിച്ചിരിക്കുന്നു” (ലൂക്കാ 1, 26-28) എന്ന അഭിവാദ്യത്തോടെ മറിയത്തില്‍ വചനം പൂവണിയുന്നു.

തിരുപ്പിറവി രംഗത്തിന്‍റെ വലതു ഭാഗത്ത് വീണ്ടും മറ്റൊരു പലസ്തീനിയന്‍ ഭവനമാണ്. രണ്ടു സ്ത്രീകള്‍ സ്നേഹസംഭാഷണത്തില്‍ മുഴുകിനില്ക്കുന്നു. മറിയത്തെയും ചാര്‍ച്ചക്കാരി എലിസബത്തിനെയും (ലൂക്കാ 1, 41-45) പ്രതിനിധാനം ചെയ്യുന്നവര്‍, വചനപ്രഭ നിറഞ്ഞവര്‍ ജീവിതത്തില്‍ ദൈവത്തെ പ്രകീര്‍ത്തിക്കുമെന്നും വ്യക്തമാക്കുന്നു.

ക്രിബ്ബിന്‍റെ വലതു വശത്തു ഉയര്‍ന്നുനില്ക്കുന്ന 300 അടിയോളം (100 മീറ്റര്‍) ഉയരമുള്ള ‘നോര്‍വേ സ്പ്രൂസ്’ ഇനത്തില്‍പ്പെട്ട ക്രിസ്തുമസ്മരം ഉക്രേനിയയിലെ കാര്‍പ്പാത്തിയ പ്രവിശ്യയിലെ ജനങ്ങള്‍ മാര്‍പാപ്പയ്ക്ക് സമ്മാനമായി എത്തിച്ചുകൊടുത്തതാണ്. ദീപാലംകൃതമായി കാറ്റില്‍ ആടിയും പാടിയും നില്ക്കുന്ന ദേവദാരു വര്‍ഗ്ഗത്തില്‍പ്പെട്ട മരം വത്തിക്കാന്‍റെ തിരുപ്പിറവിയുടെ രംഗസംവിധാനങ്ങളുടെ ദൃശ്യഭംഗി വര്‍ദ്ധിപ്പിക്കുകയും സഭയുടെ സാര്‍വ്വത്രിക സ്വഭാവം വെളിപ്പെടുത്തുകയും ചെയ്യുന്നുവെന്നും, ആര്‍ച്ചുബിഷപ്പ് ബെര്‍ത്തേല്ലോ വിവരിച്ചു.

യാഥാര്‍ത്ഥ്യ പ്രതീതി ഉണര്‍ത്തുന്ന വിധത്തിലും വലുപ്പത്തിലും വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നിര്‍മ്മിക്കപ്പെട്ട 13-ാമത്തെ തിരുപ്പിറവി ചിത്രീകരണത്തിന്‍റെ പ്രായോജകര്‍ വത്തിക്കാന്‍ ഗവര്‍ണ്ണറേറ്റിന്‍റെ സാങ്കേതിക വിഭാഗമാണെന്നും ആര്‍ച്ചുബിഷപ്പ് ബര്‍ത്തേല്ലി വ്യക്തമാക്കി.








All the contents on this site are copyrighted ©.