2011-12-27 16:52:05

സഹജീവനത്തിന്‍റെ അരൂപി ഇല്ലാതാക്കാന്‍ അക്രമികള്‍ക്കു സാധിക്കില്ല – നൈജീരിയായിലെ മെത്രാപ്പോലീത്താ


27 ഡിസംബര്‍ 2011, അബൂജ
ജീവനപഹരിക്കുന്ന അക്രമികള്‍ക്ക് സഹജീവനത്തിന്‍റെ അരൂപി ഇല്ലാതാക്കാന്‍ സാധിക്കുകയില്ലെന്ന് നൈജീരിയായിലെ അബുജാ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ് ജോണ്‍ ഒലോരുന്‍ഫെമി ഒന്യെകന്‍. ഇരുപത്തിയാറാം തിയതി തിങ്കളാഴ്ച വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തിലാണ് ആര്‍ച്ചുബിഷപ്പ് ഇപ്രകാരം പ്രസ്താവിച്ചത്. ക്രിസ്തുമസ് ദിനത്തില്‍ നൈജീരിയായില്‍ ക്രൈസ്തവദേവാലയങ്ങള്‍ക്കു നേരെയുണ്ടായ ബോംബാക്രമണത്തില്‍ സഹോദരങ്ങളും കുടുംബാംഗങ്ങളും നഷ്ടപ്പെട്ട യുവജനങ്ങള്‍ പ്രകോപിതരാണെന്നും അവരെ പ്രതികാരനടപടികളില്‍ നിന്നു പിന്തിരിപ്പിക്കുവാന്‍ താന്‍ യത്നിക്കുകയാണെന്നും ആര്‍ച്ചുബിഷപ്പ് വെളിപ്പെടുത്തി. ഇപ്രകാരമുള്ള ആക്രമണങ്ങള്‍ ക്രൈസ്തവരും മുസ്ലീമുകളും തമ്മില്‍ വിദ്വേഷവും സംഘര്‍ഷവും വളര്‍ത്തുന്നതാണ് കൂടുതല്‍ ഭയാനകമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം അക്രമസംഭവങ്ങള്‍ അന്യമതസ്തരോടൊത്ത് പരസ്പരാദരവോടെ ജീവിക്കുന്നതിന് തടസമാകരുതെന്ന് ആര്‍ച്ചുബിഷപ്പ് ഒന്യെകന്‍ ഉത്ബോധിപ്പിച്ചു.
സ്ഫോടനങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ആര്‍ച്ചുബിഷപ്പ് മരണമടഞ്ഞവരുടെ കുടുംബാംഗങ്ങളോട് അനുശോചനം രേഖപ്പെടുത്തി. ശാന്തത കൈവെടിയരുതെന്നും സംവാദത്തിന്‍റേയും അനുരജ്ഞനത്തിന്‍റേയും പാതയില്‍ തുടരണമെന്നും ആര്‍ച്ചുബിഷപ്പ് ജനങ്ങളോടഭ്യര്‍ത്ഥിച്ചു. പൗരസുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ സര്‍ക്കാന്‍ അടിയന്തരമായി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.








All the contents on this site are copyrighted ©.