2011-12-27 16:51:42

യുവജനങ്ങള്‍ക്കു സത്യത്തിലും നീതിയിലും പരിശീലനം നല്‍കാന്‍ കുടുംബങ്ങളെ പിന്തുണയ്ക്കുക– ആര്‍ച്ചുബിഷപ്പ് മെംമ്പേര്‍ത്തി


27 ഡിസംബര്‍ 2011, റോം
യുവജനങ്ങള്‍ക്കു സത്യത്തിലും നീതിയിലും പരിശീലനം നല്‍കി അവരെ സമാധാനത്തിന്‍റെ വക്താക്കളായി വളര്‍ത്തിക്കൊണ്ടുവരേണ്ടത് സമൂഹത്തിന്‍റെ കടമയാണെന്ന് ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മെംബേര്‍ത്തി. പ്രസ്തുത പരിശീലനത്തിന്‍റെ പ്രഥമവേദികള്‍ കുടുംബങ്ങളാണെന്നും ജനീവയിലെ യു.എന്‍ കാര്യാലയത്തില്‍ വത്തിക്കാന്‍റെ സ്ഥിരം നിരീക്ഷകനായി സേവനമനുഷ്ഠിക്കുന്ന ആര്‍ച്ചുബിഷപ്പ് മെംബേര്‍ത്തി ചൂണ്ടിക്കാട്ടി. റോമില്‍ നടന്ന ഒരു പഠനശിബിരത്തില്‍ മാര്‍പാപ്പയുടെ ലോകസമാധാനദിനസന്ദേശത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു ആര്‍ച്ചുബിഷപ്പ് മെംമ്പേര്‍ത്തി. മക്കള്‍ക്കു മൂല്യാധിഷ്ഠിതമായ വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരന്‍മാരായി അവരെ വളര്‍ത്തിക്കൊണ്ടുവരാന്‍ മാതാപിതാക്കള്‍ക്ക് സമൂഹത്തിന്‍റെ പിന്തുണയും പ്രോത്സാഹനവും അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഓരോ മനുഷ്യനിലും സ്രഷ്ടാവായ ദൈവത്തിന്‍റെ ഛായയും സാദൃശ്യവും തിരിച്ചറിയുന്ന വ്യക്തി അന്യരെ ആദരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള സമാധാനപൂര്‍ണ്ണമായ സഹജീവനത്തിന്‍റെ അടിസ്ഥാനമാണതെന്നും ആര്‍ച്ചുബിഷപ്പ് വിശദീകരിച്ചു.








All the contents on this site are copyrighted ©.