2011-12-22 19:09:52

‘ഇന്ന് നമുക്കായ് രക്ഷകന്‍ പിറന്നു’
ഇന്നലെകളുടെയല്ല ഇന്നിന്‍റെ മഹോത്സവമാണ് ക്രിസ്തുമസ്സ്


22 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
ക്രിസ്തുമസ്സ് ഇന്നലെകളുടെയല്ല, ഇന്നിന്‍റെ മഹോത്സവമാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.
ഡിസംമ്പര്‍ 21-ാം തിയതി ബുധനാഴ്ച വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ സമ്മേളിച്ച പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിലാണ് ക്രിസ്തുമസ്സിനെക്കുറിച്ച് പാപ്പാ ഇപ്രകാരം പ്രസ്താവിച്ചത്. ഇന്ന് നമുക്കായ് രക്ഷകന്‍ പിറന്നു, എന്ന വചനഭാഗം ആരാധനക്രമത്തില്‍ ആവര്‍ത്തിച്ച് ഉരുവിടുമ്പോള്‍, അത് പാരമ്പര്യത്തിന്‍റെ നിര്‍വികാരമായ പ്രയോഗമല്ല, മറിച്ച് ബെത്ലഹേമിലെ ആട്ടിടയന്മാരെപ്പോലെ, ക്രിസ്തുവില്‍ മനുഷ്യാവതാരംചെയ്ത ദൈവത്തെ തിരിച്ചറിയുവാനും, സ്വാഗതംചെയ്യുവാനും അംഗീകരിക്കുവാനുമുള്ള ആഹ്വാനമാണെന്ന് മാര്‍പാപ്പ ഉദ്ബോധിപ്പിച്ചു.ക്രിസ്തു ഈ ഭൂമിയില്‍ പിറന്നതും ജീവിച്ചതും മനുഷ്യജീവിതങ്ങളെ നവീകരിക്കുവാനും പ്രകാശിപ്പിക്കുവാനും രൂപാന്തരപ്പെടുത്തുവാനുമാണെന്ന്,
തന്നെ ശ്രവിക്കുവാനായി സമ്മേളിച്ച ആയിരക്കണക്കിന് തീര്‍ത്ഥാടകരോട് മാര്‍പാപ്പ ആഹ്വാനംചെയ്തു.

ക്രിസ്തുമസ്സ് മഹോത്സവത്തോടെ ആരാധനക്രമം നമ്മെ മനുഷ്യാവതാര മഹാരഹസ്യത്തിലേയ്ക്ക് നയിക്കുന്നു. ക്രിസ്തുവിന്‍റെ പിറവിയുടെ വാര്‍ഷികം മാത്രമല്ല ക്രിസ്തുമസ്സ്, മനുഷ്യചരിത്രത്തില്‍ ഇടചേര്‍ന്നതും ഇന്നും സജീവമാകുന്നതും, ദൈവം മനുഷ്യരോടൊത്തു വസിക്കുകയും (യോഹന്നാന്‍ 1,14) മനുഷ്യരില്‍ ഒരുവനായി തീരുകയുംചെയ്യുന്ന തിരുനാളാണത്. ആരാധനക്രമത്തില്‍ വിശിഷ്യാ പരിശുദ്ധ കര്‍ബ്ബാനയില്‍ പ്രകടമായി പ്രഘോക്കുന്ന ഈ ദിവ്യരഹസ്യം, നമ്മുടെ വിശ്വാസത്തെയും അസ്തിത്വത്തെയും സ്വാധീനിക്കുന്നതാണ്. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുന്‍പു നടന്ന സംഭവത്തില്‍ എങ്ങിനെ നമുക്ക് ഇന്ന് ഫലപ്രദമായി പങ്കെടുക്കാനാവും എന്നത് സ്വാഭാവികമായും ആരുടെയും മനസ്സിലുയരാവുന്ന ചിന്തയാണ്. ‘ഇന്നു നമുക്കായ് രക്ഷകന്‍ പിറന്നു’, എന്നത് ക്രിസ്തുമസ്സ് ജാഗര പൂജയില്‍ പ്രഘോഷിക്കുന്ന വചനവും, ഉരുവിടുന്ന പ്രതിവചനവുമാണ്. ഇന്ന്, എന്ന ക്രിയാവിശേഷണം എന്നുമുമുള്ള ക്രിസ്തുമസ്സ് രാവില്‍ ഉരുവിടുമ്പോള്‍, ക്രിസ്തുവിന്‍റെ മനുഷ്യാവതാരംവഴി നമുക്ക് ഇന്നുമെന്നും ലഭ്യമാകുന്ന രക്ഷ പ്രഘോഷിക്കപ്പെടുകയാണ്. അതിനാല്‍ ആരാധനക്രമം സ്ഥലകാല സീമകളെ അതിലംഘിച്ച്, ദിവസങ്ങളും വര്‍ഷങ്ങളും നൂറ്റാണ്ടുകളും താണ്ടി, ഇന്നിന്‍റേതായിത്തീരുകയും അതിന്‍റെ ഫലം ശാശ്വതമായി തീരുകയും ചെയ്യുന്നു. അങ്ങനെ, നമുക്കായി ഇന്ന് രക്ഷകന്‍ ജനിച്ചിരിക്കുന്നു, എന്ന സുവിശേഷവാക്യത്തിന്‍റെ പ്രഘോഷണം ഇന്നും എപ്പോഴും അര്‍ത്ഥസമ്പുഷ്ടമാവുകയും ക്രിസ്തുവിന്‍റെ പിറവി ഇന്നിന്‍റെ ചരിത്രത്തിലേയ്ക്ക് കിനിഞ്ഞിറങ്ങുകയും നമ്മെ സ്വാധീനിക്കുകയും ചെയ്യുന്നു. ക്രിസ്തുവിലൂടെ ദൈവം സത്യമായും ശാരീരികമായും നമ്മുടെ മദ്ധ്യേ വസിക്കുകയും നമ്മെ സ്വര്‍ഗ്ഗീയ പിതാവുമായി രമ്യപ്പെടുത്തുകയും ചെയ്തുക്കൊണ്ട്, അവിടുത്തെ സ്നേഹ സാന്നിദ്ധ്യത്തിന്‍റെ പ്രഭ മനുഷ്യകുലത്തിനായി ചൊരിയുകയും ചെയ്യുന്നു,

ബെതലഹേമില്‍ ജാതനായ ശിശുവിലൂടെ ദൈവം മനുഷ്യരുടെ കൂടെയുണ്ടെന്നും അവിടുത്തെ സാമീപ്യത്താല്‍ നമ്മുടെ ജീവിതങ്ങളുടെ ഓരോ ഇന്നാളുകളിലും അസ്തമിക്കാത്ത ദൈവികപ്രഭ ലഭ്യമാണെന്നും പാപ്പ ഉദ്ബോധിപ്പിച്ചു.









All the contents on this site are copyrighted ©.