2011-12-20 16:53:31

സ്വാതന്ത്ര്യവും കഠിനാദ്ധ്വാനവും


20 ഡിസംബര്‍ 2011, ദാര്‍ എസ് സലാം - ടാന്‍സാനിയ
പൗരാധികാരികള്‍ രാജ്യത്തിന്‍റെ അഭിവൃദ്ധിക്കായി നടത്തുന്ന കഠിനാധ്വാനമാണ് രാഷ്ട്രത്തിന്‍റെ യഥാര്‍ത്ഥ സ്വാതന്ത്ര്യമെന്ന് ടാന്‍സാനിയായിലെ കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പെന്‍ഗോ. ആഫ്രിക്കന്‍ രാജ്യമായ ടാന്‍സാനിയായുടെ അന്‍പതാം സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് നല്‍കിയ സന്ദേശത്തിലാണ് കര്‍ദ്ദിനാള്‍ പെന്‍ഗോ ഇപ്രകാരം പ്രസ്താവിച്ചത്. രാജ്യത്ത് നിലവിലുള്ള ഭരണഘടനയുടെ അപര്യാപ്തകള്‍ ചൂണ്ടിക്കാണിച്ച കര്‍ദ്ദിനാള്‍ ജനഹിതം മാനിച്ചുകൊണ്ട് പുതിയ ഭരണഘടന എത്രയും വേഗം പ്രാബല്യത്തില്‍ വരുത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും ആവശ്യപ്പെട്ടു. രാജ്യത്തെ ഉന്നതവിദ്യാഭ്യാസരംഗം നേരിടുന്ന പ്രശ്നങ്ങള്‍ സര്‍ക്കാര്‍ ഗൗരവപൂര്‍വ്വം പരിഗണിക്കണമെ‍ന്നും യുവജനങ്ങള്‍ തങ്ങളുടെ അവകാശസംരക്ഷണത്തിനുവേണ്ടി നടത്തുന്ന പ്രതിഷേധ പ്രകടനങ്ങള്‍ നാശനഷ്ടങ്ങള്‍ക്കു വഴിതെളിക്കരുതെന്നും കര്‍ദ്ദിനാള്‍ പോളിക്കാര്‍പ്പ് പെന്‍ഗോ അഭ്യര്‍ത്ഥിച്ചു.







All the contents on this site are copyrighted ©.