2011-12-16 17:03:54

യുവജനങ്ങള്‍ക്കു നീതിയിലും സമാധാനത്തിലും പരിശീലനം നല്‍കുക – മാര്‍പാപ്പ


16 ഡിസംബര്‍ 2011, വത്തിക്കാന്‍
യുവജനങ്ങളെ നീതിയുടേയും സാമാധാനത്തിന്‍റേയും വക്താക്കളായി വളര്‍ത്തേണ്ടത് വ്യക്തിയുടേയും സമൂഹത്തിന്‍റേയും നന്മയ്ക്ക് അനിവാര്യമാണെന്നു ബെ‍നഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ. ഡിസംബര്‍ പതിനാറാം തിയതി പ്രസിദ്ധീകരിച്ച നാല്‍പ്പത്തിയഞ്ചാം ലോകസമാധാന ദിനസന്ദേശത്തിലാണ് മാര്‍പാപ്പ ഇപ്രകാരം ആഹ്വാനം ചെയ്തിരിക്കുന്നത്. ദൈവമാതാവായ പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുന്നാള്‍ ദിനമായ ജനുവരി ഒന്നാം തിയതിയാണ് കത്തോലിക്കാ സഭ ലോകസമാധാനദിനമായി ആചരിക്കുന്നത്.
സത്യത്തിലും നീതിയിലുമുള്ള വിദ്യാഭ്യാസമാണ് യുവജനങ്ങള്‍ക്കു ലഭിക്കേണ്ടത്. അത് കുടുംബങ്ങളില്‍ നിന്നാരംഭിക്കണം. കുട്ടികളുടെ പ്രഥമ ഗുരുഭൂതരായ മാതാപിതാക്കള്‍ നല്‍കുന്ന ഉത്തമമായ പരിശീലനത്തിനു യോജിച്ച രീതിയിലുള്ള വിദ്യാഭ്യാസം വിദ്യാലയങ്ങളിലും അവര്‍ക്കു ലഭിക്കുന്നുണ്ടെന്നു ഉറപ്പുവരുത്താന്‍ ഭരണാധികാരികളും പ്രത്യേകം ശ്രദ്ധിക്കണം. തങ്ങള്‍ സ്വീകരിക്കുന്ന വിദ്യാഭ്യാസത്തെക്കുറിച്ചു യുവജനങ്ങളും ഉത്തരവാദിത്വമുള്ളവരായിരിക്കണമെന്നും മാര്‍പാപ്പ പ്രസ്താവിച്ചു. സ്വന്തം സ്വാതന്ത്ര്യം വിവേകപൂര്‍വ്വം വിനിയോഗിച്ചുകൊണ്ട് ഉത്തരവാദിത്വപൂര്‍ണ്ണമായ ജീവിതം നയിക്കാന്‍ യുവജനങ്ങള്‍ക്കു സാധിക്കട്ടേയെന്നും പാപ്പ ആശംസിച്ചു.
സമാധാന സ്ഥാപനത്തില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും മാര്‍പാപ്പ സന്ദേശത്തില്‍ പരാമര്‍ശിച്ചു. വിവരങ്ങള്‍ പങ്കുവയ്ക്കുകന്ന മാധ്യമങ്ങള്‍ക്ക് അനുവാചകരുടെ മനസുകളെ സ്വാധീക്കുവാനുള്ള കഴിവുണ്ട്. ആശയവിനിമയവും വിദ്യാഭ്യാസവും പരസ്പരബന്ധിതമാണെന്ന കാര്യം വിസ്മരിക്കരുത്. വ്യക്തിയുടെ രൂപീകരണം ഉന്നതമോ മോശപ്പെട്ടതോ ആക്കിതീര്‍ക്കുന്ന വിദ്യഭ്യാസപ്രക്രിയ നടക്കുന്നത് ആശയവിനിമയത്തിലൂടെയാണ‍െന്നും പാപ്പ ചൂണ്ടിക്കാട്ടി.
ദൈവികദാനമായ സമാധാനം സ്വായത്തമാക്കുന്നതിനു മാനുഷീക പ്രയത്നം കൂടിയേത്തീരുവെന്നും മാര്‍പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി. സമാധാനസ്ഥാപകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ സാഹോദര്യത്തിലും ഐക്യദാര്‍ഡ്യത്തിലും സഹപ്രവര്‍ത്തനത്തിലും സ്വയം പരിശീലനം നേടിക്കൊണ്ട് സാമൂഹ്യവിഷയങ്ങളില്‍ ക്രിയാത്മകമായി ഇടപെടാന്‍ തയ്യാറാകണം. എല്ലാവര്‍ക്കും നീതി സംലഭ്യമാകുമ്പോഴാണ് ഏവര്‍ക്കും സമാധാനം ഉണ്ടാകുന്നതെന്നും പാപ്പ വിശദീകരിച്ചു.








All the contents on this site are copyrighted ©.