2011-12-16 17:04:25

ക്രിസ്തീയപൈതൃകത്തിന്‍റെ അടയാളങ്ങള്‍ കാത്തുസംരക്ഷിക്കുക – മാര്‍പാപ്പ


16 ഡിസംബര്‍ 2011, വത്തിക്കാന്‍
ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായ ക്രിസ്തുമസ് മരവും പുല്‍ക്കൂടും കത്തോലിക്കാ സമൂഹത്തിന്‍റെ ആത്മീയ പൈതൃകത്തിന്‍റെ ഭാഗമാണെന്നും വിശ്വാസജീവിതത്തിനും കെട്ടുറപ്പുള്ള കുടുബബന്ധങ്ങള്‍ക്കും പ്രസരിപ്പു പകരുന്ന പ്രസ്തുത അടയാളങ്ങള്‍ ആധുനികസമൂഹത്തിലും കാത്തു സംരക്ഷിക്കപ്പെടേണ്ടതാണെന്നും പാപ്പ ഉത്ബോധിപ്പിച്ചു. ഇക്കൊല്ലം വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ഉയര്‍ത്തിയിരിക്കുന്ന ക്രിസ്തുമസ് മരം സമ്മാനിച്ച കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ ഉക്രൈനില്‍ നിന്നുമെത്തിയ ഒരു പ്രതിനിധി സംഘത്തിന് അനുവദിച്ച പ്രത്യേക കൂടിക്കാഴ്ച്ചയിലാണ് മാര്‍പാപ്പ ഇപ്രകാരം പ്രസ്താവിച്ചത്. ക്രൈസ്തവ മഹോത്സവമായ ക്രിസ്തുമസും അതിന്‍റെ അടയാളങ്ങളും യേശുക്രിസ്തുവിന്‍റെ മനുഷ്യാവതാരത്തിന്‍റെ ദിവ്യരഹസ്യങ്ങളാണ് അനുസ്മരിപ്പിക്കുന്നത്. പ്രപഞ്ച സ്രഷ്ടാവായ ദൈവം സ്വയം പൈതലായി അവതരിച്ചുകൊണ്ട് നമ്മുടെ ജീവിതയാത്രയില്‍ പങ്കുകൊണ്ടു. മനുഷ്യഹൃദയത്തില്‍ പ്രവേശിച്ച് തന്‍റെ സ്നേഹത്താല്‍ മനുഷ്യനെ നവീകരിക്കാനാണ് അവിടുന്ന് സ്വയം ചെറുതായത്. ദൈവകുമാരനെ വിശ്വാസത്തോടെ സ്വീകരിക്കുന്നതിനായി ഒരുങ്ങാന്‍ പാപ്പ ഏവരേയും ക്ഷണിച്ചു.

ഉക്രാനിയന്‍ ഭരണാധികാരികള്‍ക്കും ജനതയ്ക്കും പ്രതിനിധിസംഘത്തിനും കൂടിക്കാഴ്ച്ചാവേളയില്‍ പ്രത്യേകം നന്ദിപറഞ്ഞ മാര്‍പാപ്പ ലോകമെങ്ങുമുള്ള ഉക്രൈന്‍ പൗരന്‍മാര്‍ക്കും ആശംസകള്‍ നേര്‍ന്നു. ഉക്രൈനിയന്‍ സംസ്ക്കാരത്തിന്‍റെ ക്രൈസ്തവ തായ് വേരുകളെക്കുറിച്ചു പരാമര്‍ശിച്ച മാര്‍പാപ്പ ഉക്രൈന്‍ ജനതയുടെ ക്രൈസ്തവപൈതൃകം അവരുടെ ദേശീയ ഐക്യത്തിനു ഉറപ്പു പകരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു. ഡിസംബര്‍ പതിനാറാം തിയതി വെള്ളിയാഴ്ച വൈകീട്ട് ക്രിസ്തുമസ് മരത്തിന്‍റെ ദീപാലങ്കാരങ്ങള്‍ തെളിയിക്കുന്ന ചടങ്ങിലും പ്രതിനിധിസംഘം പങ്കെടുത്തു.








All the contents on this site are copyrighted ©.