2011-12-13 17:27:08

വത്തിക്കാന്‍ നയതന്ത്രപ്രതിനിധി ചിലി സന്ദര്‍ശിച്ചു.


13 ഡിസംബര്‍ 2011, സന്തിയാഗോ ദി ചിലെ
വത്തിക്കാന്‍റെ വിദേശബന്ധകാര്യാലയത്തിന്‍റെ കാര്യദര്‍ശി ആര്‍ച്ചുബിഷപ്പ് ഡൊമെനിക്ക് മംമ്പേര്‍ത്തി തെക്കേ അമേരിക്കന്‍ രാജ്യമായ ചിലിയുടെ പ്രസിഡന്‍റ് സെബാസ്റ്റൃന്‍ പിന്യേറയുമായി കൂടിക്കാഴ്ച്ച നടത്തി. ചിലിയിലെ സര്‍ക്കാരിന്‍റെ ഔദ്യോഗിക ക്ഷണപ്രകാരം അന്നാട്ടിലെത്തിയ ആര്‍ച്ചുബിഷപ്പ് മംമ്പേര്‍ത്തി ഡിസംബര്‍ പന്ത്രണ്ടാം തിയതി തിങ്കളാഴ്ച ചിലിയുടെ വിദേശകാര്യമന്ത്രിയോടും വിദേശകാര്യാലയത്തിലെ ഉദ്യോഗസ്ഥരോടും ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച്ച നടത്തിയത്. പരിശുദ്ധസിംഹാസനവും ചിലിയും തമ്മിലുളള ഉഭയകക്ഷിബന്ധങ്ങളില്‍ ഇരുവരും സംതൃപ്തി രേഖപ്പെടുത്തി. അന്നാട്ടില്‍ കത്തോലിക്കാ സഭ നല്‍കുന്ന സാമൂഹ്യ സേവനങ്ങളിലും പ്രത്യേകിച്ച് വിദ്യാഭ്യാസ രംഗത്തും തദ്ദേശീയരായ ജനതയുടെ സാമൂഹ്യവളര്‍ച്ചയ്ക്കും വേണ്ടി സഭ നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഇരുവരും സന്തുഷ്ടി പ്രകടിപ്പിച്ചു. മനുഷ്യജീവന്‍റെ സംരക്ഷണം, കുടുബങ്ങളുടെ ഭദ്രത, അടിസ്ഥാനമനുഷ്യാവകാശ സ്വാതന്ത്ര്യം, മതസ്വാതന്ത്ര്യം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ ഇരുരാഷ്ട്രങ്ങളുടേയും സഹകരണത്തെക്കുറിച്ചും കൂടിക്കാഴ്ച്ചയില്‍ വിലയിരുത്തപ്പെട്ടു.
2011 മാര്‍ച്ചു മാസം പ്രസിഡന്‍റ് പിന്യേറ വത്തിക്കാനിലെത്തി മാര്‍പാപ്പയെ സന്ദര്‍ശിച്ച കാര്യവും കൂടിക്കാഴ്ച്ചാവേളയില്‍ അനുസ്മരിക്കപ്പെട്ടു.








All the contents on this site are copyrighted ©.