2011-12-13 17:26:34

ക്രൈസ്തവര്‍ ലോകത്തില്‍ പ്രകാശത്തിന്‍റെ സാക്ഷികള്‍ - മാര്‍പാപ്പ


12 ഡിസംബര്‍ 2011, വത്തിക്കാന്‍

ക്രൈസ്തവര്‍ ലോകത്തില്‍ പ്രകാശത്തിന്‍റെ സാക്ഷികളായിരിക്കണമെന്ന് മാര്‍പാപ്പയുടെ ആഹ്വാനം.
കാസ്സാല്‍ ബൊക്കോണിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ (Santa Maria delle Grazie) നാമധേയത്തിലുള്ള ഇടവകദേവാലയത്തില്‍ അര്‍പ്പിച്ച ദിവ്യബലിമധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് മാര്‍പാപ്പ ഈയാഹ്വാനം നല്‍കിയത്. ഡിസംബര്‍ പതിനൊന്നാം തിയതി ഞായറാഴ്ചയാണ് റോം രൂപതയില്‍പ്പെട്ട ഈ ദേവാലയത്തിലേക്ക് പാപ്പ അപ്പസ്തോലിക സന്ദര്‍ശനം നടത്തിയത്.

ഏശയ്യാ പ്രവാചകന്‍റെ ഗ്രന്ഥത്തില്‍ നാമിപ്രകാരം വായിക്കുന്നു. “ദൈവമായ കര്‍ത്താവിന്‍റെ ആത്മാവ് എന്‍റെമേലുണ്ട്. പീഡിതരെ സദ്വാര്‍ത്ഥ അറിയിക്കുന്നതിന് അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ഹൃദയം തകര്‍ന്നവരെ ആശ്വസിപ്പിക്കാനും തടവുകാര്‍ക്കു മോചനവും ബന്ധിതര്‍ക്കു സ്വാതന്ത്ര്യവും പ്രഖ്യാപിക്കാനും കര്‍ത്താവിന്‍റെ കൃപാവത്സരവും നമ്മുടെ ദൈവത്തിന്‍റെ പ്രതികാരദിനവും പ്രഘോഷിക്കുവാനും വിലപിക്കുന്നവര്‍ക്കു സമാശ്വാസമേകാനും എന്നെ അയച്ചിരിക്കുന്നു.” (ഏശയ്യാ 61, 1-2) നൂറ്റാണ്ടുകള്‍ക്കു മുന്‍പ് പ്രവാചകന്‍ നടത്തിയ ഈ പ്രഘോഷണം ഇന്നും നമുക്കുവേണ്ടി ആവര്‍ത്തിക്കപ്പെടുകയാണ്. നമ്മെ സംബന്ധിച്ചും അതിപ്രസക്തമാണ് ഈ വചനങ്ങള്‍. പിറവിത്തിരുന്നാളിനായുള്ള ഒരുക്കത്തിന്‍റെ പാതയില്‍ പകുതിയും പിന്നിട്ടു കഴിഞ്ഞിരിക്കുന്ന അവസരത്തില്‍ ഈ വാക്കുകള്‍ നമുക്ക് പ്രത്യാശ പകരുന്നു. കര്‍ത്താവിന്‍റെ രക്ഷ സ്വീകരിച്ചുകൊണ്ട് കൃപയുടേയും സ്വാതന്ത്ര്യത്തിന്‍റേയും കാലം പ്രഘോഷിക്കാന്‍ നമുക്കതു പ്രചോദനമേകുന്നു.

പ്രത്യാശയുടേയും പ്രതീക്ഷയുടേയും കാലമാണ് ആഗമനകാലം. ക്രിസ്തുവിനെ സ്വീകരിക്കാന്‍ ഒരുങ്ങുന്ന ഈ വേളയില്‍ സ്നാപകയോഹന്നാനിലേക്കും അദ്ദേഹത്തിന്‍റെ പ്രഭാഷണങ്ങളിലേക്കും നമുക്ക് നമ്മുടെ ശ്രദ്ധതിരിക്കാം. തന്‍റെ ജീവിത മാതൃകയിലൂടെയും പ്രഭാഷണത്തിലൂട‍െയുമാണ് മാനസാന്തരത്തിലേക്കുള്ള ആഹ്വാനം അദ്ദേഹം ജനങ്ങള്‍ക്കു നല്‍കിയത്. മരുഭൂമിയില്‍ വിളിച്ചു പറയുന്നവന്‍റെ ശബ്ദം ഇന്നും നമുക്കാവശ്യമാണ്. ദൈവസാന്നിദ്ധ്യത്തിന്‍റെ അഭാവത്താല്‍ മരുഭൂവായി മാറിക്കൊണ്ടിരിക്കുന്ന ലോകനഗരങ്ങളില്‍ ദൈവം സമീപസ്ഥനാണെന്നു വിളിച്ചുപറയുന്നവരുടെ ശബ്ദം ഉയരേണ്ടതുണ്ട്. പ്രകാശത്തിനു സാക്ഷൃം നല്‍കുന്ന ആ ശബ്ദം നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കും. അന്ധകാരം വര്‍ദ്ധിച്ചുവരുന്ന ഈ ലോകത്തില്‍ പ്രകാശത്തിനു സാക്ഷൃം നല്‍കാന്‍ വിളിക്കപ്പെട്ടിരിക്കുന്നവരാണ് നാമോരോരുത്തരും. ആഗമനകാലത്തില്‍ നമ്മുടെ ദൗത്യവും അതു തന്നെയാണ്. ഉള്ളില്‍ പ്രകാശം ഉണ്ടെങ്കില്‍ മാത്രമേ അന്യര്‍ക്കതു പകര്‍ന്നു നല്‍കുവാന്‍ നമുക്കു സാധിക്കുകയുള്ളൂ......കത്തോലിക്കാ സഭയില്‍ ദൈവവചനത്തിലൂടെയും, കൂദാശകളുടെ സ്വീകരണത്തിലൂടെയും, നമ്മുടെ കരങ്ങളിലും ഹൃദയങ്ങളിലും കര്‍ത്താവിനെ നാം സ്വീകരിക്കുന്നു. ക്രിസ്തുവിനെ സ്വീകരിക്കുമ്പോള്‍ നാം പ്രകാശത്തെ സ്പര്‍ശിക്കുകയും പ്രകാശത്തിനു സാക്ഷൃം നല്‍കുകയെന്ന ദൗത്യം സ്വീകരിക്കുകയും ചെയ്യുന്നു. നാം ജീവിക്കുന്ന ലോകത്തില്‍ പ്രകാശം നല്‍കാന്‍ നാമോരുത്തരും വിളിക്കപ്പെട്ടിരിക്കുന്നു.








All the contents on this site are copyrighted ©.