2011-12-12 19:12:03

വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ
ഹ്രസ്വചരിത്രം


ലോകവുമായ സംവദിക്കുന്ന പാപ്പായുടെയും സഭയുടെയും സ്വരം – വത്തിക്കാന്‍ റേഡിയോ
മലയാള വിഭാഗത്തിന്‍റെ ഹ്രസ്വചരിത്രം

റേഡിയോ കണ്ടുപിടിച്ചത് മാര്‍ക്കോണിയും അച്ചടി കണ്ടുപിടിച്ചത്
ഗുട്ടന്‍ ബര്‍ഗുമാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ മനുഷ്യസംസ്ക്കാരത്തെ എന്നും സ്വാധീനിച്ച ഈ രണ്ടു കണ്ടുപിടുത്തങ്ങളുടെയും ഉത്ഭവത്തിനു നിദാനം സുവിശേഷ പ്രചരണമായിരുന്നു എന്ന വസ്തുത അധികമാരും ഓര്‍ക്കണമെന്നില്ല. 11-ാം പിയൂസ്‍ മാര്‍പാപ്പയുടെ താല്പര്യത്തിലാണ് സുവിശേഷ പ്രഘോഷണത്തിനായി 1931 ഫെബ്രുവരി
12-ാം തിയതി സഭ ഒരു നവമാധ്യമം –വത്തിക്കാന്‍ റേഡിയോ ആരംഭിച്ചത്. റേഡിയോ തരംഗത്തിന്‍റെ ഉപജ്ഞാതാവായ വില്യം മാര്‍ക്കോണിയാണ് വത്തിക്കാനില്‍ റേഡിയോ നിലയത്തിന്‍റെയും അതിന്‍റെ മറ്റ് സാങ്കേതിക സംവിധാനങ്ങളുടെയും നിര്‍മ്മിതിക്ക് നേതൃത്വം നല്കിയത്.
ഇന്ന് 80 വയസ്സെത്തി നില്ക്കുന്ന വത്തിക്കാന്‍ റേഡിയോ, മലയാളം ഉള്‍പ്പെടെ
45 ഭാഷകളില്‍ ദിനചക്രം മുഴുവന്‍ പ്രക്ഷേപണം നടത്തുന്നു.
..............................................................................
“പ്രകൃതിയുടെ നിഗൂഢരഹസ്യങ്ങള്‍ ദൈവം മനുഷ്യന് വെളിപ്പെടുത്തി തരുന്നു. പരിശുദ്ധ പിതാവിന്‍റെ സാന്ത്വന വചസ്സുകള്‍ ലോകം മുഴുവന്‍ എത്തിക്കുമാറ് എന്‍റെ കണ്ടുപിടുത്തം ഉപയോഗിക്കുന്നതില്‍ ഞാന്‍ സന്തോഷിക്കുന്നു...” എന്നാണ് വത്തിക്കാന്‍ റേഡിയോയുടെ പ്രഥമ പ്രക്ഷേപണത്തിന് ആമുഖമായി റേഡിയോയുടെ ഉപജ്ഞാതാവായ മാര്‍ക്കോണി പറഞ്ഞത്.
തുടര്‍ന്ന് മാര്‍പാപ്പ ഇങ്ങനെ പ്രഘോഷിച്ചു, “അത്യുന്നതങ്ങളില്‍ ദൈവത്തിനു സ്തുതി, ഭൂമിയില്‍ സന്മനസ്സുള്ളവര്‍ക്ക് സമാധാനം,” “ജനതകളേ, ശ്രദ്ധിച്ചു കേള്‍ക്കുവിന്‍. മാനവരാശിക്ക് ഉപകാരപ്രദമായ മാര്‍ക്കോണിയുടെ കണ്ടുപിടുത്തം ഉപയോഗപ്പെടുത്തുന്നതില്‍ ഞാന്‍ അതിയായി സന്തോഷിക്കുന്നു.”
.............................................................................
ഇറ്റാലിയനും ഇതര യൂറോപ്യന്‍ ഭാഷകളുമായി തുടക്കമിട്ട വത്തിക്കാന്‍ റേഡിയോ 1958-ല്‍ ദക്ഷിണ ഏഷ്യയ്ക്കുവേണ്ടി ഇംഗ്ലിഷ് പ്രക്ഷേപണം ആരംഭിച്ചു. ആദ്യകാലങ്ങളില്‍ അനുദിനം 10 മിനിറ്റു മാത്രമായിരുന്നു പ്രക്ഷേപണം. 1965-ലാണ് ഇന്ത്യന്‍ വിഭാഗം രൂപമെടുക്കുന്നത്. അതോടൊപ്പം മലയാളവും പിറവിയെടുത്തു. ഹിന്ദി, തമിഴ്, മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ പ്രതിദിനം 10 മിനിറ്റ് പരിപാടിയുമായിട്ടാണ് ഇന്ത്യന്‍ വിഭാഗം തുടക്കം കുറിച്ചത്. ആഴ്ചയില്‍ രണ്ടു ദിവസങ്ങളില്‍ മാത്രമേ ഓരോ ഭാഷയ്ക്കും പ്രക്ഷേപണം ഉണ്ടായിരുന്നുള്ളൂ. ബുധന്‍, ശനി എന്നീ ദിവസങ്ങളിലാരുന്നു മലയാള പ്രക്ഷേപണം. റോമിനു പുറത്തുള്ള പ്രക്ഷേപണ നിലയത്തില്‍നിന്നും ഹ്രസ്വതരംഗ (short wave) സംവിധാനത്തിലാണ് കേരളത്തിലെ ശ്രോതാക്കള്‍ക്ക് പരിപാടികള്‍ ലഭ്യമാക്കുന്നത്.
1985 മെയ് 12-ാം തിയതി മലയാളത്തിന്‍റെ പ്രതിദിന പ്രക്ഷേപണം ആരംഭിച്ചു. 1990 മാര്‍ച്ച് 25-ാം തിയതി മലയാള പരിപാടികളുടെ സമയം 15 മിനിറ്റായി വര്‍ദ്ധിപ്പിച്ചു. 1993 സെപ്തംബര്‍ 26-ാം തിയതി 20 മിനിറ്റായും അത് ദൈര്‍ഘ്യപ്പെടുത്തി.

മാര്‍പാപ്പയുടെയും സഭയുടെയും പ്രബോധനങ്ങളെ കേന്ദ്രീകരിച്ചുള്ളതാണ് വത്തിക്കാന്‍ റേഡിയോ പരിപാടികള്‍. പാപ്പായുടെ ഞായറാഴ്ചകളിലെ ത്രികാലപ്രാര്‍ത്ഥനാ പ്രഭാഷണം, ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാ സന്ദേശങ്ങള്‍, ബൈബിള്‍ പഠനം, യുവജനങ്ങള്‍ക്കുള്ള പരിപാടികള്‍, സഭാ പ്രബോധനങ്ങള്‍, വ്യക്തികള്‍, സംഭവങ്ങള്‍, അഭിമുഖം, സുവിശേഷ പരിചിന്തനം, ചിന്താമലരുകള്‍, വാര്‍ത്തകള്‍ എന്നിവ വത്തിക്കാന്‍ റേഡിയോ പ്രക്ഷേപണംചെയ്യുന്ന പരിപാടികളില്‍ ഉള്‍പ്പെടുന്നു. പതിവിനങ്ങള്‍ക്കു പുറമേ വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഈസ്റ്ററിനും ക്രിസ്തുമസ്സിനും പാപ്പാ നല്കുന്ന ഊര്‍ബി എത് ഓര്‍ബി (Urbi et Orbi) സന്ദേശവും, പാപ്പായുടെ അപ്പസ്തോലിക യാത്രകളുടെ എല്ലാ വിവിരങ്ങളും മലയാളത്തില്‍ യഥാസമയം വത്തിക്കാന്‍ റേഡിയോ ലഭ്യമാക്കുന്നു. പാപ്പായുടെ ശബ്ദം നേരില്‍ കേള്‍ക്കാമെന്നത് വത്തിക്കാന്‍ റേഡിയോയുടെ മാത്രം സവിശേഷതയാണ്.

പ്രക്ഷേപണം ചെയ്യുന്ന എല്ലാ പരിപാടികളും ഡിജിറ്റല്‍ സാങ്കേതികത ഉപയോഗപ്പെടുത്തിക്കൊണ്ട് ഇന്ന് ആവശ്യാനുസരണം ശ്രവിക്കത്തക്കവിധം വത്തിക്കാന്‍ റേഡിയോ വെബ് സൈറ്റില്‍ - radiovatican.org-ല്‍ ലഭ്യമാക്കിയിട്ടുണ്ട്. സുവിശേഷ സന്ദേശം പങ്കുവയ്ക്കുവാനുള്ള സഭയുടെ നിരന്തരമായ പരിശ്രമത്തിലെ ആനുകാലിക ശ്രേണിയാണ് ഇപ്പോള്‍ വത്തിക്കാന്‍ റേഡിയോ മലയാള വിഭാഗം ഇറക്കുന്ന ഡിജിറ്റല്‍ വാരിക. വത്തിക്കാന്‍ വാര്‍ത്തകളും മാര്‍പാപ്പയുടെ പ്രബോധനങ്ങളും ലോകത്ത് മലയാളികളുടെ സാന്നിദ്ധ്യം ഉള്ളിടത്തെല്ലാം എത്തിക്കുവാനും ശ്രമിക്കുന്നു. പാപ്പായുടെയും സഭയുടെയും പ്രബോധനങ്ങള്‍ പങ്കുവച്ചുകൊണ്ട് എങ്ങും ക്രിസ്തു സ്നേഹത്തിന്‍റെയും ശാന്തിയുടെയും അലകളുയര്‍ത്തുനുള്ള എളിയ പരിശ്രമം വത്തിക്കാന്‍ റേഡിയോ മലയാള വിഭാഗം തുടരുന്നു.









All the contents on this site are copyrighted ©.