2011-12-12 18:48:01

വചനം പൂവണിഞ്ഞ ഭൂമി
മദ്ധ്യപൂര്‍വ്വദേശം


പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി മദ്ധ്യപൂര്‍വ്വദേശത്തു തന്നെയാണ് തിരുവെഴുത്തുകള്‍ രൂപംകൊണ്ടത് എന്നത് ചരിത്ര സത്യമാണ്. ഹീബ്രൂ, അറമായാ, ഗ്രീക്ക് എന്നീ കിഴക്കന്‍ ഭാഷകളിലാണ് ബൈബിളിന്‍റെ മൂല രചനകളെന്നതും ഈ സത്യം കൂടുതല്‍ വെളിപ്പെടുത്തുന്നു. അതുപോലെതന്നെ ഈ നാടിന്‍റെ സാഹിത്യ-സാംസ്കാരിക ശൈലികളും വിശുദ്ധ ഗ്രന്ഥരചനയില്‍ തെളിഞ്ഞുനില്കുന്നു. സഭാ സമൂഹങ്ങള്‍ വഴിയാണ് തിരുവെഴുത്തുകള്‍ കാലാകാലങ്ങളില്‍ കൈമാറപ്പെട്ടിട്ടുള്ളത്. ആരാധനക്രമത്തിലാണ് നാം വചനം പ്രഘോഷിക്കകയും ധാനിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഓരോ ദേശത്തും നമ്മുടെ ക്രൈസ്തവ കൂട്ടായ്മയും സാക്ഷൃവും ഒരിക്കലും അവഗണിക്കാവുന്നതല്ല. വചനം ശ്രവിക്കുവാനും പഠിക്കുവാനും
നമ്മുടെ ജനങ്ങളില്‍ തീവ്രമായ ഒരാഗ്രഹം പ്രകടമായി കാണുന്നുണ്ട്. അതു നാം പ്രോത്സാഹിപ്പിക്കുയും അതിന് അവസരങ്ങള്‍ നല്കുകയും ചെയ്യേണ്ടതാണ്. യാമപ്രാര്‍ത്ഥന ചൊല്ലുന്നവര്‍ അതുവിശ്വസ്തതയോടെ ചെയ്തുകൊണ്ട് വചനത്തിന്‍റെ സാക്ഷികളാവുകയും അതു പ്രഘോഷിക്കുകയും വേണം. കിഴക്കിന്‍റെ പൂര്‍വ്വപിതാക്കന്മാരെയും മരുഭൂമിയിലെ പുരാതന സന്യസ്തരേയും അനുകരിച്ച് നാം വചനത്തിന്‍റെ ധ്യാനത്തിനും വചനാധിഷ്ഠിത പ്രാര്‍ത്ഥനയ്ക്കും ഏറെ പ്രാധാന്യം കൊടുക്കണ്ടതാണ്.
മനുഷ്യചരിത്രത്തിലെ എല്ലാസംഭവങ്ങളിലും അന്തര്‍ലീനമായിരിക്കുന്ന അന്യൂനവും ദൈവീകവുമായ പദ്ധതികളാണ് സഭ രക്ഷാകര ചരിത്രമെന്ന് വിശേഷിപ്പിക്കുന്നത്. പുതിയ നിയമത്തിന്‍റെയും പഴയ നിയമത്തിന്‍റെയും ഏടുകളില്‍ നാം കാണുന്നതും, അവ രണ്ടും തമ്മിലുള്ള ആഴമായ ബന്ധം വെളിപ്പെടുത്തുന്നതും രക്ഷാകരചരിത്രം തന്നെയാണ്. അന്തിമമായി ഒരു ക്രിസ്തു-സ്വഭാവം ഇവയില്‍ അന്തര്‍ലീനമായിരിക്കുന്നതും തെളിഞ്ഞു വരുന്നതും കാണാം. പഴയ നിയമം ചുരുളഴിയുന്നത് പുതിയ നിയമത്തിലേയ്ക്കാണ്, ക്രിസ്തുവിലേയ്ക്കാണ്. ഇതു തന്നെയാണ് വിശുദ്ധ അഗസ്റ്റിനും പറഞ്ഞിട്ടുള്ളത്, പുതിയ നിയമത്തില്‍ പഴത് ഒളിഞ്ഞിരിക്കുന്നു. പഴയനിയമം പുതിയതിനെ വെളിപ്പെടുത്തുകയും ചെയ്യുന്നു. Novum in Vetere latet et in Novo Vetus patet. വിശുദ്ധ ഗ്രന്ഥം ക്രൈസ്തവ സമൂഹത്തിന്‍റേതാണ്. സമൂഹത്തിന്‍റെ പശ്ചാത്തലത്തില്‍ മാത്രമേ വചനം ശരിയായി വ്യാഖ്യനിക്കപ്പെടുകയും വളരുകയുമുള്ളൂ. മദ്ധ്യപൂര്‍വ്വദേശങ്ങളിലെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ ഇന്നും കാണുന്ന ആ പതിവ് നാം പാഠമാക്കേണ്ടതും വളര്‍ത്തിയെടുക്കേണ്ടതുമാണ്.

വചനം മനുഷ്യജീവിതത്തിന് അര്‍ത്ഥവും ദിശയും നല്കുന്നു. അത് ജീവിതത്തെ അടിസ്ഥാനപരമായി പരിവര്‍ത്തനം ചെയ്യുന്നു. അത് ജീവിതപാതയില്‍ വെളിച്ചമാകുകയും പ്രത്യാശയില്‍ നമ്മെ നയിക്കുകയും ചെയ്യുന്നു. മനുഷ്യരെ ദൈവത്തിങ്കലേയ്ക്കും, തമ്മില്‍ തമ്മിലും, അപരനിലേയ്ക്കും അടുപ്പിക്കുന്ന ഒരു ത്രിവിധമാനം വചനത്തിനുണ്ട്. തിരുവചനത്തിന്‍റെ വ്യാഖ്യനമാണ് എല്ലാ ധാര്‍മ്മികതയ്ക്കും, ആത്മീയതയ്ക്കും, ദൈവശാസ്ത്രത്തിനും നിദാനമായി നില്ക്കുന്നത്. മനുഷ്യന്‍റെ സ്വാതന്ത്യത്തെ എപ്പോഴും മാനിച്ചുകൊണ്ട് ഈ ഭൂമിയിലെ ജീവിതയാത്രയില്‍ വചനം നന്മയുടെ പാതകാണിക്കുകയും, നിത്യതയുടെ ഭാവിയിലേയ്ക്ക് വിരല്‍ചൂണ്ടുകയും ചെയ്യുന്നു. ആകയാല്‍ തിരുവെഴുത്തുകള്‍ ക്രൈസ്തവര്‍ക്കു മാത്രമുള്ളതല്ല, സന്മനസ്സുള്ള ദൈവത്തെ അന്വേഷിക്കുന്ന എല്ലാവരും അറിയേണ്ട സത്യമാണ് അതില്‍ അടങ്ങിയിരിക്കുന്നത്. Ref. Instrumentum Laboris, 7-12.









All the contents on this site are copyrighted ©.