2011-12-12 18:28:39

കുടിയേറ്റവും നവസുവിശേഷവത്ക്കരണവും
Pope's Message on International Immigrants Day 2012


പ്രിയ സഹോദരീ സഹോദരന്മാരേ,

1. വെല്ലുവിളിനിറഞ്ഞ ഇന്നത്തെ സമൂഹ്യചുറ്റുപാട്
ക്രിസ്തു ലോകത്തിന്‍റെ ഏക രക്ഷകനാണെന്ന് പ്രഘോഷിക്കുകയാണ് സഭയുടെ
പ്രഥമമായ ദൗത്യം. ഇന്നത്തെ സമൂഹത്തിന്‍റെ വിസ്തൃതവും ആഴവുമായ മാറ്റങ്ങള്‍
സുവിശേഷ പ്രഘോഷണ ദൗത്യത്തിന്‍റെ ഉത്തരവാദിത്തങ്ങളെ പൂര്‍വ്വോപരി വര്‍ദ്ധിപ്പിക്കുന്നുണ്ട്.
അകല്‍ച്ചയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാക്കിക്കൊണ്ട് വ്യക്തികളെയും ജനതകളെയും ആഗോളവത്ക്കരണം കൂടുതലായി കൂട്ടിയിണക്കുന്ന ഇക്കാലഘട്ടത്തില്‍ സുവിശേഷവത്ക്കരണത്തിന് നവമായ ശൈലിയും ഉത്തേജനവും നല്കേണ്ടത് അടിയന്തരമായ ആവശ്യമാണ്.
ഈ വെല്ലുവിളിക്ക് കാരണമാകുന്ന രണ്ടു ഘടകങ്ങള്‍ ആശയവിനിമയ സൗകര്യങ്ങളും അതുവഴി വ്യക്തികള്‍ക്കും സമൂഹങ്ങള്‍ക്കും എളുപ്പം കരഗതമാകുന്ന അനുദിന ജീവിത ഗതിവേഗവുമാണ്. സുവിശേഷ ചൈതന്യം മൗലികമായി ജീവിച്ച ആദിമ ക്രൈസ്തവരുടെ തീക്ഷ്ണതയും ധൈര്യവും നാം ഇന്നത്തെ പുതിയ ജീവിത ചുറ്റുപാടില്‍ മാതൃകയാക്കുകയും, “ഞാന്‍ സുവിശേഷം പ്രഘോഷിക്കുന്നെങ്കില്‍ അതില്‍ എനിക്ക് അഹംഭാവത്തിനു വകയില്ല, അതെന്‍റെ കടമയാണ്. ഞാന്‍ സുവിശേഷം പ്രസംഗിക്കുന്നില്ലെങ്കില്‍ എനിക്കു ദുരിതം,”
(1 കൊറീന്തിയര്‍ 9, 16) എന്ന പൗലോസ് അപ്പസ്തോലന്‍റെ വാക്കുകള്‍ നമ്മുടെ ഹൃദയങ്ങളില്‍ എപ്പോഴും പ്രതിധ്വനിക്കേണ്ടതുമാണ്.

2. നവസുവിശേഷവത്ക്കരണവും കുടിയേറ്റ പ്രതിഭാസവും
മേലുദ്ധരിച്ച സാമൂഹ്യ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ട് ‘കുടിയേറ്റക്കാരും നവസുവിശേഷവത്ക്കരണവും’ എന്ന വിഷയമാണ് പ്രവാസികളുടെയും അഭയാര്‍ത്ഥികളുടെയും 2012-ാമാണ്ടിലെ ആഗോളദിനത്തിന്‍റെ വിഷയമായി ഞാന്‍ നിങ്ങള്‍ക്കു നല്കുന്നത്. കുടിയേറ്റത്തിന്‍റെ വിസ്തൃതവും സങ്കീര്‍ണ്ണവുമായ ആഗോള പ്രതിഭാസമാണ് ഇന്നത്തെ നവസുവിശേഷവത്ക്കരണ പദ്ധതി ആരംഭിക്കുന്നതിന് സഭയെ പ്രേരിപ്പിക്കുന്നത്.
ഈ സ്ഥിതിവിശേഷംമൂലം സുവിശേഷം നവമായി പ്രഘോഷിക്കപ്പെടുന്നിടങ്ങളിലും സുവിശേഷ വെളിച്ചം ലഭിച്ചിട്ടുള്ള പരമ്പരാഗത ക്രൈസ്തവ രാജ്യങ്ങളിലും സഭയുടെ പ്രേഷിതദൗത്യം ഒരുപോലെ ഊര്‍ജ്ജിതപ്പെടുത്തേണ്ട ആവശ്യം ഇന്നു വന്നിരിക്കുകയാണ്.

ആഗോളവത്ക്കരണത്തിന്‍റെയും അതിന്‍റെ ഫലമായുണ്ടാകുന്ന നവമായ സംസ്കാര സങ്കരത്തിന്‍റെയും പശ്ചാത്തലത്തില്‍ വൈവിദ്ധ്യമേറിയതും എന്നാല്‍ വെല്ലുവിളി നിറഞ്ഞതുമായ ഇത്തരം സാഹചര്യങ്ങളില്‍ വചന പ്രഘോഷകരാകണമെങ്കില്‍,
ആദ്യം നാം വചനത്താല്‍ പരിപോഷിതരാകണം എന്നാണ് വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ഉദ്ബോധിപ്പിച്ചിട്ടുള്ളത്. മെച്ചപ്പ‍െട്ടൊരു ജീവിതാവസ്ഥയ്ക്കുവേണ്ടിയോ,
പീഡനം, യുദ്ധം, അക്രമം, ദാരിദ്ര്യം, പ്രകൃതിക്ഷോഭം കാലാവസ്ഥാ വ്യതിയാനം എന്നിവയില്‍നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയോ ആഭ്യന്തരവും അന്തര്‍ദേശീയവുമായ കുടിയേറ്റങ്ങള്‍ നടക്കുന്നതിനാല്‍ മുമ്പൊരിക്കലുമില്ലാത്ത വിധത്തില്‍ വ്യക്തികളും ജനങ്ങളും തമ്മില്‍ ഇടകലരുന്നതിനും, അതുവഴി മാനുഷികതലത്തില്‍ മാത്രമല്ല ധാര്‍മ്മികവും മതാത്മകവും ആത്മീയവുമായ തലങ്ങളിലും നവമായ ഏറെ പ്രതിസന്ധികള്‍ ഇന്ന്
ഉയര്‍ന്നു വരുന്നുണ്ട്.

3. ദൈവികഭാവം നഷ്ടമാകുന്ന സങ്കരസംസ്ക്കാരം
ആനുകാലിക ഭൗതികവാദവും, പുതിയ വിഭാഗീയ ക്രൈസ്തവ പ്രസ്ഥാനങ്ങളും വിശ്വാസ ജീവിതത്തോട് വ്യാപകമായി വളര്‍ന്നുവന്നിട്ടുള്ള ഉദാസീനത, നിസ്സംഗഭാവം എന്നിവ ഏകീകൃതമായ ഒരു സാഹോദര്യത്തിന്‍റെ കുടുംബാന്തരീക്ഷം രൂപീകരിക്കുന്നതിന് പൊതുവെ തടസ്സമായി നലിക്കുന്ന ഘടകങ്ങളാണ്. ന്യായമായ വ്യത്യാസങ്ങള്‍ മാനിച്ചുകൊണ്ടുള്ള പ്രശാന്തവും ഫലപ്രദവുമായൊരു സഹവര്‍ത്തിത്വം ഇന്നത്തെ സമൂഹ്യാന്തരീക്ഷത്തില്‍ യാഥാര്‍ത്ഥ്യമാക്കുന്ന ഇന്നത്തെ ‘കുടുംബം’ എന്നു പറയുന്നത്, കഴിഞ്ഞ വര്‍ഷവും ഞാന്‍ നിങ്ങളോടു സൂചിപ്പിച്ചതുപോലെ, ‘വിവിധ മതസ്ഥരുമായുള്ള സംവാദത്തിലും പരസ്പര ബഹുമാനത്തിലും ജീവിക്കുവാന്‍ നിര്‍ബന്ധിതമാകുന്ന ബഹുവംശീയവും സംസ്കാരാന്തരവുമായ ഒരു സങ്കരമായി തീര്‍ന്നിരിക്കുകയാണ്’.

ഒരു ഭാഗത്ത് സാമൂഹ്യവും പ്രതീകാത്മകവുമായ ക്രിസ്തീയ വിശ്വാസത്തിന്‍റെ സാന്നിദ്ധ്യംതന്നെ ഇല്ലാതാക്കുവാന്‍ ചിലര്‍ പരിശ്രമിക്കുമ്പോള്‍ മറുഭാഗത്ത് സമൂഹ്യ ജീവിതത്തിന്‍റെ ചക്രവാളത്തില്‍നിന്നും ദൈവത്തെയും സഭാ പ്രബോധനങ്ങളെയും മറച്ചുവയ്ക്കാനുള്ള ശ്രമത്തിലാണ് മറ്റുചിലര്‍. ഇങ്ങനെയുള്ള സാഹചര്യങ്ങളില്‍ ക്രിസ്തുവിനെ അറിയുകയും സ്വീകരിക്കുകയും ചെയ്തിട്ടുള്ളവര്‍പോലും തങ്ങളുടെ ജീവിതത്തില്‍ ക്രിസ്തുവിന് ഇനിമേല്‍ പ്രസക്തിയില്ലാത്തതായി കരുതുവാന്‍ നിര്‍ബന്ധിതരായിത്തീരുകയും, വിശ്വാസം നിരര്‍ത്ഥകമായി തോന്നുകയും സഭയിലെ അംഗങ്ങളെന്ന വസ്തുത വിസ്മരിച്ചുകൊണ്ട് ക്രിസ്തുവിനും അവിടുത്തെ സുവിശേഷത്തിനും ചേരാത്ത ജീവിതശൈലിയിലേയ്ക്ക് മെല്ലെ വഴുതിവീഴുകയും ചെയ്യുന്നു.

4. മന്ദീഭവിക്കുന്ന പരമ്പരാഗത ക്രൈസ്തവ സമൂഹങ്ങള്‍
ക്രൈസ്തവര്‍ ന്യൂനപക്ഷമായ രാജ്യങ്ങളിലേയ്ക്കോ അല്ലെങ്കില്‍ വിശ്വാസ പാരമ്പര്യത്തിന്‍റെ പഴക്കംകൊണ്ട് ജീവിതത്തില്‍ വ്യക്തിബോധ്യങ്ങളും സാമൂഹ്യമാനങ്ങളും നഷ്ടപ്പെട്ട് വിശ്വാസ ജീവിതത്തെ ഒരു സാംസ്കാരിക ഘടകം മാത്രമായി കാണുകയും ചെയ്യുന്ന സമൂഹങ്ങളിലേയ്ക്കോ ആയിരിക്കാം വിശ്വാസത്തില്‍ വളര്‍ന്നവര്‍ പലപ്പോഴും കുടിയേറുന്നത്. സ്വന്തം നാട്ടില്‍ കിട്ടിയിരുന്ന മതാത്മകവും സാംസ്കാരികവുമായ പിന്‍തുണ കുടിയേറ്റ പ്രദേശങ്ങളില്‍ ലഭിക്കാതെ വരുന്നതുകൊണ്ട്, സജീവമായി ദൈവവചനം ഉള്‍ക്കൊള്ളുന്നതിനും ജീവിക്കുന്നതിനുംവേണ്ടി നവമായ അജപാലന രീതികളും പദ്ധതികളും പൂര്‍വ്വോപരി ആവിഷ്ക്കരിച്ചുകൊണ്ട്, അവരുടെ വിശ്വാസ ജീവിതത്തെ സംരക്ഷിക്കേണ്ട വലിയ വെല്ലുവിളി ഇന്ന് സഭയില്‍ നിക്ഷിപ്തമായിരിക്കുകയാണ്. ദൈവിക രഹസ്യങ്ങളിലും ദൈവസ്നേഹത്തിലും മനുഷ്യകുലത്തിന് പങ്കുചേരുവാന്‍ സാധിച്ചത് ക്രിസ്തുവിലൂടെയാണെന്ന് ഏറ്റുപറയാന്‍ കുടിയേറ്റക്കാര്‍ക്ക് അവരുടെ ജീവിത സാഹചര്യങ്ങളില്‍ സാധിക്കേണ്ടതാണ്.

അങ്ങനെ ആദരപൂര്‍വ്വകമായ സംവാദത്തിലൂടെയും പ്രകടമായ സൗഹാര്‍ദ്ദത്തിന്‍റെ സാക്ഷൃത്തിലൂടെയും മനുഷ്യകുലത്തിന് പ്രത്യാശയുടെയും സമാധാനത്തിന്‍റെയും പുതിയ മണ്ഡലങ്ങള്‍ തുറക്കുവാന്‍ ഇടയാകുമെന്നതില്‍ സംശയമില്ല. നമ്മെ വിശുദ്ധിയിലേയ്ക്കു വിളിക്കുവാന്‍ കരുത്തുള്ള ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തിന്‍റെ മനോഹാരിത പുനഃരാവിഷ്ക്കരിച്ചുകൊണ്ട്, സ്വദേശത്തോ വിദേശത്തോ, എവിടെ ആയിരുന്നാലും, നവസുവിശേഷപ്രഘോഷണവും സാന്ദ്രമായ ക്രൈസ്തവ ജീവിതവുംകൊണ്ട് അവിടങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ക്രൈസ്തവ മനസ്സാക്ഷിയെ തട്ടിയുണര്‍ത്തേണ്ടതാണ്.

5. നവസുവിശേഷവത്ക്കരണത്തിന്‍റെ വെല്ലുവിളി
ആനുകാലിക ലോകത്ത് സുവിശേഷപ്രഘോഷണം നടത്തുന്നതിന് ദൈവം നല്കിയ നവമായൊരു പ്രതിഭാസമാണ് കുടിയേറ്റമെന്നു പറയാവുന്നതാണ്. ഇന്നുവരെ ക്രിസ്തുവിനെ അറിയാത്തവരും, അവിടുത്തെ ഭാഗികമായി മാത്രം അറിയുന്നവരുമായ സ്ത്രീ പുരുഷന്മാര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നും ഇന്ന് പരമ്പരാഗതമായി ക്രിസ്തീയ വിശ്വാസമുള്ള രാജ്യങ്ങളിലേയ്ക്ക് കുടിയേറുന്നുണ്ട്. ‘സമൃദ്ധമായ ജീവന്‍റെ’ ഉറവിടമായ ക്രിസ്തുവിനെ അറിഞ്ഞ് രക്ഷയുടെ അമൂല്യദാനം എല്ലാവരും അനുഭവിക്കേണ്ടതാണ് (യോഹന്നാന്‍ 10, 10). കുടിയേറ്റക്കാര്‍ക്കും ഇതില്‍ ഒരു പ്രത്യേക പങ്കുവഹിക്കുവാനുണ്ട്. കാരണം, പ്രവാസി നാടുകളില്‍ പിന്നീട് ഇവര്‍തന്നെയാണ് ദൈവവചനത്തിന്‍റെ വാഹകരും ഉത്ഥിതനായ ക്രിസ്തുവന്‍റെ സാക്ഷികളുമാകേണ്ടത് (Verbum Domini, 105).

കുടിയേറ്റത്തിന്‍റെ പശ്ചാത്തലത്തില്‍ ആവിര്‍ഭവിക്കുന്ന നവസുവിശേഷവത്ക്കരണ പദ്ധതിയുടെ വെല്ലുവിളികള്‍നിറഞ്ഞ പ്രയാണത്തില്‍, വൈദികരും സന്ന്യസ്തരും അല്മായരുമായ അജപാലന ശുശ്രൂഷകര്‍ക്ക് വളരെ നിര്‍ണ്ണായകമായ പങ്കുവഹിക്കുവാനുണ്ട്.
ഇന്നത്തെ ബഹുമുഖങ്ങളായ സമൂഹ്യ പശ്ചാത്തലത്തില്‍ പ്രാദേശിക സഭകളോടു ചേര്‍ന്നുനിന്നുകൊണ്ട് സഭയുടെ പ്രബോധനാധികാരത്തിന്‍ കീഴില്‍ അവര്‍ വളരെ വിപുലമായി പ്രവര്‍ത്തിക്കുന്നുണ്ട്. സഹോദര്യത്തിന്‍റെ പങ്കവയ്പ്പിലൂടെയും ആദര‍പൂര്‍വ്വമായ സുവിശേഷ സാക്ഷൃത്തിലൂടെയും നിലവിലുള്ള ദേശീയവാദത്തെയും എതിര്‍പ്പുകളെയും തരണംചെയ്യാന്‍ ഞാന്‍ അവരെ ക്ഷണിക്കുകയാണ്. കുടിയേറ്റത്തിന്‍റെ ഉത്ഭവത്തിലും സംക്രമത്തിലും, അതുപോലെ ഈ ജനപ്രവാഹത്തെ സ്വീകരിക്കുന്നതുമായ തദ്ദേശസഭകളും, കടന്നുപോകുന്നവരും വന്നെത്തുന്നവരും യാത്രികരുമായ ഈ പ്രവാസി സമൂഹത്തിന്‍റെ ക്ഷേമത്തിനും സുസ്ഥിതിക്കുമായി സഹകരണത്തിന്‍റേതായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുമ്പോള്‍, ഈ സഹോദരങ്ങള്‍ അല്ലെങ്കില്‍ അയല്‍ക്കാര്‍ നിങ്ങളില്‍ കരുണാര്‍ദ്രമായ ക്രിസ്തുവിന്‍റെ മുഖകാന്തി ദര്‍ശിക്കുവാന്‍ ഇടയാകുകയാണ്. അജപാലന ശുശ്രൂഷയുടെ ഫലവത്തായ കൂട്ടായ്മ കണ്ടെത്തുന്നതിന് കുടിയേറ്റക്കാര്‍ക്കും പ്രവാസികള്‍ക്കുമായുള്ള ശുശ്രൂഷയുടെ പരമ്പരാഗത ഘടനകള്‍ നവീകരിച്ച് മെച്ചപ്പെടുത്തുകയും പുതിയ സമൂഹ്യ ചുറ്റുപാടുകള്‍ക്കിണങ്ങുന്ന നവമായ പ്രവര്‍ത്തന മാതൃകകള്‍ സ്വീകരിച്ചുകൊണ്ട് വൈവിദ്ധ്യമാര്‍ന്ന സംസ്ക്കാരങ്ങള്‍ക്കും ജനതകള്‍ക്കും പരസ്പരം ഇടപഴകുവാനുള്ള സാദ്ധ്യതകള്‍ സൃഷ്ടിക്കേണ്ടതാണ്.

6. അഭായാര്‍ത്ഥികളോടു കാണിക്കേണ്ട പരിഗണന
തങ്ങളുടെ ജീവിതങ്ങളെ അപായപ്പെടുത്തുന്ന പീഡനം യുദ്ധം അധിക്രമം എന്നിവയില്‍ന്നും രക്ഷപെട്ട് അഭയാര്‍ത്ഥികളായി എത്തുന്നവരുടെ മനുഷ്യാന്തസ്സും അവകാശവും ഉത്തരവാദിത്വങ്ങളും മാനിച്ചുകൊണ്ട് അവരോട് പ്രത്യേക ധാരണയും പരിഗണനയും കാണിക്കേണ്ടതാണ്. എല്ലാവിധത്തിലുള്ള ഭീതിയും മറികടന്ന്, വിവേചനങ്ങള്‍ ഒഴിവാക്കി, ആതിഥ്യത്തിനും പുനരധിവാസത്തിനുമുള്ള ശരിയായ സംവിധാനങ്ങള്‍ ക്രമപ്പെടുത്തിക്കൊണ്ട്, പരസ്പര അംഗീകാരത്തിന്‍റെയും യഥാര്‍ത്ഥമായ സൗഹാര്‍ദ്ദത്തിന്‍റെയും സ്നേഹത്തിന്‍റെയും അന്തരീക്ഷം സൃഷ്ടിക്കുവാനാണ് യാതനകള്‍ അനുഭവിക്കുന്ന ഈ മനുഷ്യസമൂഹം കുടിയേറ്റ രാഷ്ട്രങ്ങളോടും അന്താരാഷ്ട്ര സമൂഹത്തോടും അഭ്യര്‍ത്ഥിക്കുന്നത്. കുടിയേറ്റത്തിന്‍റെ പ്രഭവസ്ഥാനങ്ങളായ കെടുതികള്‍ അനുഭവിക്കുന്ന പ്രദേശങ്ങളും വര്‍ഷങ്ങളായി കുടിയേറ്റ പ്രവാഹങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിക്കുന്ന രാഷ്ട്രങ്ങളും തമ്മില്‍ പരസ്പര ധാരണയുടെ മനോഭാവം വളര്‍ത്തുന്നതോടൊപ്പം, ഉത്തരവാദിത്വങ്ങള്‍ പങ്കുവയ്ക്കുവാനുള്ള സന്നദ്ധതയും പൂര്‍വോപരി പ്രകടമാക്കേണ്ടതാണ്.

സ്വന്തം നാടും വീടും, ഉറ്റവരെയും ഉടയവരെയും വിട്ട് അന്യനാടുകളിലേയ്ക്ക് കുടിയേറുവാന്‍ നിര്‍ബന്ധിതരാവുകയും, പുതിയൊരു ജീവിതം കെട്ടിപ്പടുക്കുവാന്‍ ഇനിയും കിണഞ്ഞു പരിശ്രമിക്കുകയും ചെയ്യുന്നവരെക്കുറിച്ച് വസ്തുനിഷ്ഠമായും സത്യസന്ധമായും കാര്യങ്ങള്‍ അറിയിക്കുവാനുള്ള വലിയ ഉത്തരവാദിത്തം ആധുനിക മാധ്യമങ്ങള്‍ക്കുണ്ട് എന്ന വസ്തുതയും ഇത്തരുണത്തില്‍ പ്രത്യേകമായി ഓര്‍പ്പിക്കുകയാണ്.

7. എന്നും തുണയ്ക്കേണ്ട പ്രേഷിതസ്നേഹം
കുടിയേറ്റക്കാരായ ജോലിക്കാരെയും അവരുടെ കുടുംബങ്ങളെയും ക്രൈസ്തവ സമൂഹങ്ങള്‍ പ്രാര്‍ത്ഥനയിലും സൗഹാര്‍ദ്ദതയിലും സ്നേഹത്തിലും അനുധാവനം ചെയ്യേണ്ടതാണ്. അതുപോലെ പരസ്പരം സമ്പന്നമാക്കുന്ന ഘടകങ്ങളെ മെച്ചപ്പെടുത്തിക്കൊണ്ട്, വ്യക്തികളുടെ അന്തസ്സും അവകാശങ്ങളും മാനിക്കുകയും, കുടുംബങ്ങളെ സംരക്ഷിക്കുകയും, സ്വന്തമായ ഭവനത്തിനും തൊഴിലിനും സമൂഹ്യക്ഷേമത്തിനും സുസ്ഥിതിക്കും സഹായകമാകുന്ന പുതിയ രാഷ്ട്രീയ സാമ്പത്തിക സാമൂഹ്യ ആസുത്രണ പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ അവരെ സഹായിക്കുകയും ചെയ്യേണ്ടതാണ്.
അക്രമങ്ങളില്‍നിന്നും അതുപോലെതന്നെ വിപരീതമായ ജീവിത സാഹചര്യങ്ങളില്‍നിന്നും ഓടിയകന്ന് നവമായ ജീവിതശൈലിയും സാഹചര്യങ്ങളും അന്വേഷിച്ചിറങ്ങാന്‍ നിര്‍ബന്ധിതരായ ഈ സഹോദരങ്ങളെ സഹായിക്കുന്നതിലും പിന്‍തുണയ്ക്കുന്നതിലും വൈദികരും സന്ന്യസ്തരും അല്മായരും, പ്രത്യേകിച്ച് യുവജനങ്ങളും പരിഗണനയും ധാരണയും കാണിക്കേണ്ടതാണ്. ക്രിസ്തുവിലുള്ള രക്ഷയുടെ പ്രഘോഷണം അവരുടെ സമാശ്വാസത്തിനും പ്രത്യാശയ്ക്കും ‘സമ്പൂര്‍ണ്ണ സന്തോഷത്തിനും’ ഹേതുവായിത്തീരും (യോഹന്നാന്‍ 15, 11).

8. പുതിയ ചക്രവാളങ്ങള്‍ തേടുന്ന യുവജനങ്ങള്‍
അവസാനമായി സാംസ്കാരികവും വൈകാരികവുമായ ഉദ്ഗ്രഥനവും അധികാര സമ്മര്‍ദ്ദവും അനുഭവിക്കുകയും, പാര്‍പ്പിടവും തൊഴിലും, തങ്ങള്‍ക്ക് സ്വീകാര്യമാകുന്ന സാമൂഹ്യ ഘടനയും കണ്ടെത്താന്‍ ക്ലേശിക്കുകയും ചെയ്യുന്ന കുടിയേറ്റക്കാരായ അന്തര്‍ദേശീയ വിദ്യാര്‍ത്ഥി സമൂഹങ്ങളെയും ഞാന്‍ പ്രത്യേകം അനുസ്മരിക്കുകയാണ്. ഒരു സാംസ്കാരിക വളര്‍ച്ചയ്ക്കുമപ്പുറം, സത്യത്തിനും ദൈവത്തോടുള്ള ആഴമായ ഐക്യത്തിനുംവേണ്ടി ദാഹിക്കുന്ന ഈ യുവതീ യുവാക്കളെ ക്രൈസ്തവ സമൂഹങ്ങള്‍ അവരുടെ യുവത്വത്തെ മാനിച്ചുകൊണ്ട് പ്രത്യേകമായി പരിഗണിക്കേണ്ടതാണ്. ഈ ചുറ്റുപാടില്‍ ക്രൈസ്തവ സര്‍വ്വകലാശാലകള്‍ സവിശേഷമായ ജീവിതസാക്ഷൃത്തിന്‍റെയും സഭയുടെ നവസുവിശേഷവത്ക്കരണ പദ്ധതിയുടെ പ്രചരണത്തിന്‍റെയും, സാമൂഹ്യ-സാസ്കാരിക- മാനുഷിക പരോഗതിയുടെയും വളരെ ഗൗരവപൂര്‍ണ്ണമായ സമര്‍പ്പണമുള്ള വൈജ്ഞാനിക കേന്ദ്രങ്ങളാകേണ്ടതാണ്. ഒരു സംസ്കാരാന്തര സംവാദത്തിലൂടെ അന്തര്‍ദേശീയ തലത്തില്‍ പുരോഗമനത്തിനുതകുന്ന ശ്രേഷ്ഠമായ സംഭാവനകള്‍ നല്കുവാന്‍ ഈ വിദ്യാര്‍ത്ഥി സമൂഹങ്ങള്‍ക്കും സാധിക്കും. യഥാര്‍ത്ഥമായ സുവിശേഷ സാക്ഷൃവും ക്രൈസ്ത ജീവിത മാതൃകകളും ഇവര്‍ കാണുവാനും അനുഭവിക്കുവാനും ഇടയായാല്‍, ഈ യുവജനങ്ങള്‍ക്ക് നവസുവിശേഷവത്ക്കരണത്തിന്‍റെ സംവാഹകരാകുമെന്നതില്‍ സംശയമില്ല.

ജീവിതവീഥിയില്‍ ഇനിയും അലയുന്ന യാത്രികര്‍ക്കും കുടിയേറ്റക്കാര്‍ക്കും ഉഷ:കാല താരമായ പരിശുദ്ധ കന്യകാനാഥയുടെ മാദ്ധ്യസ്ഥ്യം എപ്പോഴും ഉണ്ടാകട്ടെ! അങ്ങനെ ക്രിസ്തുവിലുള്ള രക്ഷയുടെ സന്തോഷപൂര്‍ണ്ണമായ പ്രഘോഷണം മനുഷ്യഹൃദയങ്ങള്‍ക്ക് പ്രത്യാശ പകരട്ടെ!! ഏവര്‍ക്കും എന്‍റെ പ്രാര്‍ത്ഥന നേരുകയും അപ്പസ്തോലിക ആശിര്‍വ്വാദം
നല്കുകയും ചെയ്യുന്നു.

വത്തിക്കാനില്‍നിന്നും
21 സെപ്റ്റംമ്പര്‍ 2011
+ ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ


Published by The Pontifical Council for Migrants and Refugees Translation : Fr. William Nellikal Radio Vatican Malayalam








All the contents on this site are copyrighted ©.