2011-12-11 19:31:20

സുവിശേഷപരിചിന്തനം
11 ഡിസംമ്പര്‍ 2011
ആഗമനകാലം 3-ാം ഞായര്‍


വിശുദ്ധ ലൂക്കാ 1, 57-80

കേള്‍ക്കുവാന്‍ പോകുന്ന സംഭവത്തിലെ കഥാനായകന്‍ പോളിയോ പിടിപെട്ട് ഇരുകാലുകളും തളര്‍ന്ന 11 വയസ്സുകാരന്‍ ജോണിയാണ്. രണ്ടു കാലുകളിലും ഊന്നു വടികള്‍ പൂട്ടിനടക്കുന്ന ജോണിയെ കൂട്ടുകാര്‍ പരിഹസിക്കുകയും, ചിലപ്പോള്‍ കുസൃതികള്‍ തള്ളിത്താഴെയിടുകയും ചെയ്യാറുണ്ട്. അവനെ മുടന്തനെന്നു വിളിക്കുന്ന തിരുമാലികളും കൂട്ടത്തിലുണ്ട്. അവനോട് സഹതപിക്കുന്നവരും ഇല്ലാതില്ല.

എന്നാല്‍ ജോണി ഒരിക്കലും പരാതിപ്പെടുയോ പരിഭവിക്കുകയോ ചെയ്യാറില്ല. ഉള്ളില്‍ എരിയുന്ന വേദനയും ചിലപ്പോള്‍ ഊറിവരുന്ന വിദ്വേഷവും ചെറുപുഞ്ചിരിയിലൊതുക്കി തന്‍റെ കാല്‍പ്പൂട്ടുകളുടെ ചെറുശബ്ദത്തിന്‍റെ താളലയത്തില്‍ മെല്ലെ നടന്ന്, ബഹളങ്ങളില്‍നിന്നും ഒഴിഞ്ഞുമാറി നില്ക്കുകയാണ് അവന്‍റെ പതിവ്. തന്‍റെ ഏകാന്തതയില്‍ അവനൊരു ചെറുകൂട്ടുകാരിയെ കിട്ടി – ജെന്നി. ജെന്നി അവന്‍റെ സഹപാഠിയാണ്. ജോണിക്ക് അവളൊരു കൂട്ടുകാരി മാത്രമല്ല, സഹായിയും സന്തത സഹചാരിയുമായിത്തീര്‍ന്നു.

ഒരു ദിവസം ജെന്നിയും ജോണിയും സംസാരിച്ചുകൊണ്ട് സ്കൂള്‍ മിറ്റത്തെ മരച്ചുവട്ടില്‍ ഇരിക്കുകയായിരുന്നു. ഏതാനും കുസൃതികള്‍ ഇവരെ ഒന്നു കളിപ്പിക്കാമെന്നു കരുതിയാകണം അവരുടെ സമീപത്തെത്തി. ബാലിശമായ രീതിയില്‍ അവരിലൊരാള്‍ ജോണിയെ വെല്ലുവിളിച്ചു.
എടാ മുടന്താ, നിനക്കൊന്ന് ഓടാമോ. ഇത് കേട്ട് മറ്റുള്ളവര്‍ കൂട്ടച്ചിരിയായി. നടക്കാന്‍ ക്ലേശിക്കുന്നവനോടാണ് ഓടാന്‍ പറയുന്നത്.... കുട്ടികള്‍ അട്ടഹസിച്ചു പറഞ്ഞു,
എടാ ജോണി, ഒന്നു കാണട്ടെ നിന്‍റെ ഓട്ടം.

കൂടെയുണ്ടായിരുന്ന ജെന്നിക്ക് സങ്കടവും, ഒപ്പം വാശിയുമായി. വെല്ലുവിളി സ്വീകരിച്ചപോലെ അവള്‍ പറഞ്ഞു ജോണീ, നീ ഒന്ന് പരിശ്രമിക്കൂ. ഓടി കാണിച്ചു കൊടുക്കൂ, എന്നായി ജെന്നി.
നിനക്ക് ഓടാന് കഴിയും. ഈ മണ്ടന്മാരെ ഒന്നു കാണിച്ചു കൊടുക്കാം. ഉം, നീ ദയവായൊന്നു ഒന്നു പരിശ്രിമിച്ചു നോക്കൂ. ഞാന്‍ കൂടെയുണ്ടല്ലോ.

ഒരിക്കലും ഓടിയിട്ടില്ലാത്ത ജോണി, ജന്നിയുടെ പ്രോത്സാഹനത്തില്‍ തന്‍റെ പോളിയോ പിടിപെട്ട പാദങ്ങളിലെ ഇരുമ്പു ബന്ധനങ്ങളുമായി അടിവച്ചടിവച്ച്, മെല്ലെ നീങ്ങി തുടങ്ങി.
വീണാല്‍ താങ്ങുവാന്‍ ജെന്നി കൂടെ നീങ്ങുന്നുണ്ടായിരുന്നു. പ്രോത്സാഹിപ്പിച്ചു കൊണ്ട് അവള്‍ ഒപ്പം നടന്നു.
ജോണീ, നീ മെല്ലെ ഓടിക്കോളൂ. നിനക്ക് ഓടാന്‍ കഴിയും. നീ വീഴില്ല, ഓടൂ.

ജോണി ഓടിത്തുടങ്ങി. അവന്‍റെ വേഗത മെല്ലെ വര്‍ദ്ധിച്ചു. അവന്‍ മുന്നോട്ടു തന്നെ കുതിച്ചു. ആ കുതിപ്പില്‍ കാല്‍തണ്ടില്‍ പൂട്ടിയിരുന്ന ഊന്നു വടികളിലൊന്ന് അഴിഞ്ഞു താഴെ വീണു.
അപ്പോഴും ജന്നി പറഞ്ഞു, ജോണീ, ഓടുക. നില്കരുത്. ആ തെമ്മാടികള്‍ കാണട്ടെ. നിനക്ക് ഓടാമെന്ന്. നിനക്കത് കഴിയും

ജോണിയും പിന്മാറിയില്ല. ജെന്നിയുടെ പ്രോത്സാഹനത്തിലും സ്നേഹത്തിലും അവന്‍ ആവുന്നത്ര വേഗതയില്‍ മുന്നോട്ടു കുതിച്ചു. അവന്‍റെ വേഗത വര്‍ദ്ധിച്ചപ്പോള്‍, തളര്‍ന്ന പാദങ്ങള്‍ ബലപ്പെട്ടുത്തുവാന്‍ ചേര്‍ത്തു പൂട്ടിയിരുന്ന രണ്ടാമത്തെ
ഊന്നുകമ്പിയും തെറിച്ചു താഴെവീണു. സാധിക്കുന്നത്ര വേഗത്തില്‍ ജോണി ഓടി. കണ്ടു നിന്നവരുടെ ആശ്ചര്യവും ആനന്ദവും ഒരു വലിയ ആരവാമായി അവരറിയാതെ ഉയര്‍ന്നു. ജോണിയുടെ തളര്‍ന്ന പോളിയോ ബാധിത പാദങ്ങള്‍ പൂര്‍ണ്ണമായും സൗഖ്യപ്പെട്ട സന്തോഷത്തിന്‍റെ ദിവസമായിരുന്നു അത്.

ആറ് ഓസ്ക്കര്‍ പുരസ്ക്കാരങ്ങള്‍ 1995-ല്‍ കരസ്ഥമാക്കിയിട്ടുള്ള റോബര്‍ട്ട് സെമെക്കീസിന്‍റെ forest Gump - എന്ന ചലച്ചിത്രത്തോട് ഈ കഥയ്ക്ക് കടപ്പാടുണ്ട്.

സഹപാഠി നല്കിയ സ്നേഹത്തിന്‍റെയും പ്രോത്സാഹനത്തിന്‍റെയും പിന്‍ബലമാണ് ഇവിടെ അപരന്‍റെ ജീവിതത്തില്‍ വിജയമുണ്ടാക്കിയത്. അവന്‍റെ ബലഹീനതയില്‍നിന്നും പൂര്‍ണ്ണമായി സൗഖ്യംനേടാനും സ്വതന്ത്രനാകാനും സഹായിച്ചത് കൂട്ടുകാരിയുടെ സ്നേഹത്തിന്‍റെ പിന്‍ബലമായിരുന്നു.

നന്മയുടെ സ്വാതന്ത്ര്യത്തിലേയ്ക്ക് നമ്മെ വിളിക്കുകയാണ് ആഗമനകാലം. പാപത്തിന്‍റെ കൂരിരുട്ടില്‍ നിപതിച്ച മനുഷ്യകുലത്തിന് നന്മയുടെ സ്നേഹവും സാന്ത്വനവുമായി ദൈവം നമ്മിലേയ്ക്ക് ഇറങ്ങി വരുന്നതാണ് ക്രിസ്തുമസ്സ്, അതു രക്ഷകനായ ക്രിസ്തുവിന്‍റെ വരവാണ്. സ്വാതന്ത്ര്യത്തിലേയ്ക്കുള്ള നമ്മുടെ അനുദിന ചലനത്തിലും ഓട്ടത്തിലും സ്നേഹത്തിന്‍റെ പിന്‍ബലവും ഉത്തേജനവുമായി ക്രിസ്തുമസ്സ് വരുന്നു, ക്രിസ്തു ആഗനതനാകുന്നു.

ക്രിസ്തുവില്‍ ദൈവാരൂപി നിറഞ്ഞിരിക്കുന്നു. എളിയവരോട് സുവിശേഷം അറിയിക്കുവാന്‍, പാപികള്‍ക്കുമോചനവും ബന്ധിതര്‍ക്ക് സ്വാതന്ത്ര്യവും നല്കുവാനാണ് അവിടുന്ന് വന്നിരിക്കുന്നത്. നമ്മുടെ ഹൈ-ടെക്ക് ലോകത്തും ദാരിദ്ര്യത്തിന്‍റെയും പീഡനങ്ങളുടെയും യുദ്ധത്തിന്‍റെയും സാമൂഹ്യ കലഹങ്ങളുടെയും വിവേചനത്തിന്‍റെയും അനീതിയുടെയും അഴിമതിയുടെയും അധര്‍മ്മത്തിന്‍റെയും ബന്ധനങ്ങള്‍ക്ക് യാതൊരു കുറവുമില്ല.
സ്വാതന്ത്യത്തിലേയ്ക്കുള്ള പ്രയാണം വേദനാജനകമാണ്, എളുപ്പമല്ല.

സമ്പന്നതടെയും സമൃദ്ധിയുടെയും ചെറുദ്വീപുകളില്‍ കഴിയുന്നവര്‍ക്കും
സാമൂഹ്യവും വൈകാരികവും ആത്മീയവും ബൗദ്ധികവുമായ നിരവധി ബന്ധനങ്ങള്‍ ഇന്നുണ്ട്. അവ ഉപഭോഗസംസ്കാരവും ആസ്കിതികളും ദുശ്ശീലങ്ങളും സ്വാര്‍ത്ഥമായ നിര്‍ബന്ധങ്ങളും താല്പര്യങ്ങളും സൃഷ്ടിക്കുന്ന അസ്വാതന്ത്ര്യത്തിന്‍റെ നവമായ ബന്ധനങ്ങളാണ്.
ആത്മീയമായും വൈകാരികമായും സമൂഹ്യമായും നമ്മില്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബലഹീനതകളുടെ മുടന്തും അന്ധതയും എപ്പോഴും നിലനില്ക്കുന്നുണ്ട്.

ഭാരതീയ ദര്‍ശനത്തില്‍ നമുക്ക് എന്നും ജപിക്കാനാവട്ടെ.
അസത്തോമാ സദ്ഗമയാ
തമസ്സോമാ ജ്വോതിര്‍ ഗമയാ
ആത്മീയാന്ധതയുടെ ഇരുട്ട് ഈ ക്രിസ്തുമസ്സ് നാളില്‍ മാറിപ്പോകട്ടെ.

സുവിശേഷം നമ്മുടെ മുന്നില്‍ വയ്ക്കുന്നത് രക്ഷകന്‍റെ വരവിന് വഴിയൊരുക്കുന്ന പ്രവാചക പ്രമുഖനായ യോഹന്നാനെയാണ്. ക്രിസ്തുവാകുന്ന നിത്യപ്രകാശത്തിന്‍റെ സാക്ഷിയായിട്ടാണ് യോഹന്നാന്‍ എത്തുന്നത്. മെസ്സിയാനീക പ്രവാചകനായ ഏശയ്യ ക്രിസ്തുവിന് 700 വര്‍ഷങ്ങള്‍ക്കു മുന്നേ വിളിച്ചോതുന്നുണ്ട്,
ഏശയ്യാ പ്രവാചകന്‍ 40, 2f
ഇതാ ഒരു സ്വരം ഉയരുന്നു. മരുഭൂമിയില്‍ കര്‍ത്താവിനു വഴിയൊരുക്കുവിന്‍. വിജനപ്രദേശത്ത് നമ്മുടെ ദൈവത്തിന് വിശാലവീഥി ഒരുക്കുവിന്‍. താഴ്വാരങ്ങള്‍ നികത്തപ്പെടും, മലകളും കുന്നുകളും താഴ്ത്തപ്പെടും. കുന്നും കുഴിയുമായ സ്ഥലങ്ങള്‍ നിരപ്പാകും,. ദുര്‍ഘടപ്രദേശങ്ങള്‍ സമതലമാകും. കര്‍ത്താവിന്‍റെ മഹത്വം വെളിപ്പെടും. മര്‍ത്യരെല്ലാം അത് ഒരുമിച്ചു ദര്‍ശിക്കും.

അങ്ങനെ, കര്‍ത്താവിന് ഉചിതമായ വഴി ഒരുക്കപ്പെടും എന്നുള്ള ഏശയായുടെ വാക്കുകള്‍ പൂര്‍ത്തികരിക്കപ്പെടുന്നത് യഥാര്‍ത്ഥവും എന്നന്നേയ്ക്കുമായുള്ള മിശിഹായുടെ, ക്രിസ്തുവിന്‍റെ വരവിലാണ്, എന്ന് യോഹന്നാന്‍റെ സാക്ഷൃത്തില്‍നിന്നും മനസ്സിലാക്കാം.

ദിവ്യരക്ഷകന് സാക്ഷൃംനല്കുക അത്ര എളുപ്പമായിരുന്നില്ല. ഒരു വ്യക്തിയില്‍നിന്ന് ഉത്ഭവിക്കുന്നതും വളരുന്നതുമാണ്, സാക്ഷൃമെങ്കിലും അത് അയാളില്‍ത്തന്നെ ഒതുങ്ങിനില്കുന്നില്ല. അത് അപരനിലേയ്ക്ക് തിരിയുന്നതാണ്. തനിക്കു പുറത്തുള്ള സത്യം ചൂണ്ടിക്കാണിക്കുന്നതും വെളിപ്പെടുത്തുന്നതുമാണ് യഥാര്‍ത്ഥമായ സാക്ഷൃം. അങ്ങനെ വ്യക്തിയുടെ സത്തയില്‍നിന്നും പുറപ്പെടുന്ന സാക്ഷൃം വിശ്വാസ്യവും സാര്‍ത്ഥകവുമാണ്.
ക്രിസ്തുവിനായി ജീവിന്‍ സമര്‍പ്പിച്ച യോഹന്നാന്‍റെ വ്യക്തിത്വം നമ്മെ അത് പഠിപ്പിക്കുന്നുണ്ട്.
സഭാ പാരമ്പര്യത്തില്‍ ആഗമനകാലത്തെ മൂന്നാം ഞായര്‍, സന്തോഷത്തിന്‍റെ ഞായര്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇനിയും വളരെ ആസന്നമായിരിക്കുന്ന ക്രിസ്തുവിന്‍റെ തിരുപ്പിറവിയുടെ സന്തോഷത്തില്‍ കൂടുതല്‍ തീക്ഷ്ണതയോടെ ഒരുങ്ങുവാന്‍ നമ്മെ സഹായിക്കുന്ന സന്തോഷത്തിന്‍റെ ഞായറാവട്ടെ, ദിനങ്ങളാവട്ടെ ഇത്.

ക്രിസ്തു പ്രദാനംചെയ്യുന്ന രക്ഷയിലാണ് നാം സന്തോഷിക്കേണ്ടതാണ്.
അവിടുന്നു നല്കുന്ന രക്ഷയില്‍ ദൈവരാജ്യത്തിന്‍റെ സ്നേഹവും സമാധാനവും നീതിയും ഉള്‍ച്ചേര്‍ന്നിരിക്കുന്നു. ക്രിസ്തുവിലുള്ള രക്ഷ നല്കുന്ന ആനന്ദം ശാശ്വതവും സമൃദ്ധവുമാണ്, അത് താല്ക്കാലികമല്ല. കാരണം അവിടുന്ന് വരുന്നത് പരിശുദ്ധാത്മാവിന്‍റെ അഭിഷേചനവുമായിട്ടാണ്.

സന്തോഷം വിവിധ തരത്തിലുണ്ടല്ലോ, തീറ്റയും കുടിയും നമുക്ക് സന്തോഷം തരുന്നു. ഒരു നല്ല കാഴ്ചയും സന്തോഷദായകമാണ്. ഒരു കൂട്ടുകെട്ടും ചിലപ്പോള്‍ സന്തോഷപ്രദമാകാം. എന്നാല്‍ രക്ഷയുടെ സന്തോഷം ഭൗതികമല്ല. ലൗകിക സുഖങ്ങളിലോ നേട്ടങ്ങളിലോ അല്ല അത് അടങ്ങിയിരിക്കുന്നത്. ഈ ലോകത്തിന്‍റെ സുഖങ്ങള്‍ താല്ക്കാലികമായിരിക്കും. പലപ്പോഴും അത് നീതിനിഷ്ഠമോ സമാധാനപൂര്‍ണ്ണമോ, ശരിയോ, സത്യസന്ധമോ ആയിരിക്കണമെന്നുമില്ല. അതുകൊണ്ടു തന്നെയാണ് പൗലോസ് അപ്പസ്തോലന്‍ തെസ്സലോണിയര്‍ക്കെഴുതിയ ഒന്നാം ലേഖനത്തിലൂടെ നമ്മെ ഇപ്രകാരം ഉദ്ബോധിപ്പിക്കുന്നത്.

1 തെസ്സ. 5, 16f
എപ്പോഴും സന്തോഷിക്കുവിന്‍. ഇടവിടാതെ പ്രാര്‍ത്ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദിപ്രകാശിപ്പിക്കുവിന്‍. ഇതാണ് ക്രിസ്തുവില്‍ നിങ്ങള്‍ക്കായുള്ള ദൈവഹിതം. ആത്മാവിനെ നിങ്ങള്‍ നിര്‍വീര്യമാക്കരുത്. പ്രവചനങ്ങളെ നിന്ദിക്കരുത്. എല്ലാം പരിശോധിച്ചു നോക്കുവിന്‍. നല്ലവയെ മുറുകെപ്പിടിക്കുവിന്‍. എല്ലാത്തരം തിന്മയിലുംനിന്ന് അകന്നു ജീവിക്കുവിന്‍..... ഇതാ കര്‍ത്താവ് ആഗതനാകുന്നു.








All the contents on this site are copyrighted ©.