2011-12-09 17:13:04

മ്യന്‍മാറില്‍ മരിയന്‍ കത്തീഡ്രലിന്‍റെ ശതാബ്ദിയാഘോഷങ്ങള്‍


09 ഡിസംബര്‍ 2011, യാന്‍ഗോന്‍
മ്യന്‍മാറിലെ കത്തോലിക്കര്‍ രാജ്യത്തിന്‍റെ ശക്തിയും പ്രകാശവുമായിരിക്കണമെന്ന് കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനോ. മ്യന്‍‍മാറിന്‍റെ തലസ്ഥാനമായ യാന്‍ഗോണിലെ പരിശുദ്ധ കന്യകാമറിയത്തിന്‍റെ നാമധേയത്തിലുളള കത്തീഡ്രല്‍ ദേവാലയത്തിന്‍റെ ശതാബ്ദിയാഘോഷങ്ങളുടെ സമാപനദിവ്യബലി മധ്യേ നടത്തിയ വചനപ്രഘോഷണത്തിലാണ് കര്‍ദ്ദിനാള്‍ ഈയാഹ്വാനം നടത്തിയത്.
പ്രത്യേക പേപ്പല്‍ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുക്കാന്‍ മ്യാന്‍മാറിലെത്തിയെ നീതി സമാധാനകാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ മുന്നദ്ധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെനാത്തോ മര്‍ത്തീനോ ദേശീയ പ്രതിപക്ഷനേതാവ് ഔംഗ് സാന്‍ സൂ ക്കിയുമായി ഒരു സ്വകാര്യ കൂടിക്കാഴ്ച്ചയും നടത്തി.

കത്തീഡ്രലിന്‍റെ ശതാബ്ദിയാഘോഷങ്ങള്‍ അന്നാട്ടിലെ ക്രൈസ്തവചരിത്രത്തിന്‍റെ നാഴികക്കല്ലുകളിലൊന്നാണെന്ന് അന്നാട്ടിലെ ദേശീയ മെത്രാന്‍സമിതിയുടെ പൊതുകാര്യദര്‍ശിയും യാന്‍ഗൂണ്‍ അതിരൂപതാധ്യക്ഷനുമായ ആര്‍ച്ച് ബിഷപ്പ് ചാള്‍സ് ബോ അഭിപ്രായപ്പെട്ടു. ക്രൈസ്തവര്‍ക്ക് അന്നാട്ടില്‍ സ്വാതന്ത്ര്യത്തോടെ പ്രവര്‍ത്തിക്കാന്‍ തുടര്‍ന്നും സാധിക്കുമെന്നും അദ്ദേഹം പ്രത്യാശപ്രകടിപ്പിച്ചു. നോബല്‍ സമ്മാനജേതാവും ബുദ്ധമതവിശ്വാസിയുമായ ഔംഗ് സാന്‍ സൂക്കി ചടങ്ങില്‍ പങ്കെടുത്ത് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതില്‍ ആര്‍ച്ചുബിഷപ്പ് കൃതജ്ഞത രേഖപ്പെടുത്തി.








All the contents on this site are copyrighted ©.