2011-12-08 19:14:39

സഭാ സംവിധാനങ്ങള്‍
കുടിയേറ്റത്തെ
തുണയ്ക്കും


പ്രവാസികള്‍ക്കുവേണ്ടിയുള്ള യുഎന്നിന്‍റെ സംഘടനയില്‍ വത്തിക്കാനു നല്കിയ പ്രാതിനിധ്യം ആഗോള കുടിയേറ്റ പ്രതിഭാസത്തിന്‍റെ മേഖലയില്‍ ലോകരാഷ്ട്രങ്ങള്‍ കാണിക്കുന്ന നവമായ സമര്‍പ്പണത്തിന്‍റേയും സഹകരണത്തിന്‍റേയും പ്രതീകമാണെന്ന് വത്തിക്കാന്‍റെ യുഎന്നിലെ സ്ഥിരം നിരീക്ഷകന്‍, ആര്‍ച്ചുബിഷപ്പ് സില്‍വാനോ തൊമാസി പ്രസ്താവിച്ചു.
ഡിസംബര്‍ 5-ന് ജനീവയില്‍ സമ്മേളിച്ച കുടിയേറ്റക്കാരുടെ ക്ഷേമത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര സംഘടനയുടെ 60-ാം സമ്മേളനത്തിലാണ് അംഗത്വം നല്കി വത്തിക്കാന്‍ ആദരിക്കപ്പെട്ടത്. ആര്‍ച്ചുബിഷപ്പ് തൊമാസി അറിയിച്ചു.

ആഗോള സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ യുദ്ധവും അഭ്യന്തരകലഹങ്ങളും പ്രകൃതി ക്ഷോഭവും കാലാവസ്ഥാകെടുതികളും ദാരിദ്ര്യവുംമൂലം വര്‍ദ്ധിച്ചുവരുന്ന
ആഗോള കുടിയേറ്റ പ്രതിഭാസത്തെ മത-സാംസ്കാരിക-രാഷ്ട്രീയ വിഭിന്നതകള്‍ക്കപ്പുറം മാനവമൈത്രിയുടെ വിശാലമായ കാഴ്ചപ്പാടിലാണ് സഭ ദര്‍ശിക്കുന്നതും, അതിനായി സേവനരംഗത്തിറങ്ങുന്നതെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശത്തിന്‍റയും അന്തസ്സിന്‍റെയും ധാര്‍മ്മിക കാഴ്ചപ്പാടില്‍ ആഗോള കുടിയേറ്റപ്രവാഹത്തെ തുണയ്ക്കാനുള്ള ലോകരാഷ്ട്രങ്ങളുടെ പരിശ്രമത്തില്‍ സഭയുടെ സാമൂഹ്യസേവന മേഖലകളിലുള്ള എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് പങ്കുചേരുകയും
സഹകരിക്കുകയും ചെയ്യുമെന്നും ആര്‍ച്ചുബിഷപ്പ് തൊമാസി പ്രസ്താവിച്ചു.








All the contents on this site are copyrighted ©.