2011-12-06 17:19:46

ലാറ്റിനമേരിക്കന്‍ ജനതയ്ക്കുവേണ്ടി മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കുന്നു


06 ഡിസംബര്‍ 2011, വത്തിക്കാന്‍
ലാറ്റിനമേരിക്കന്‍ ജനതയ്ക്കുവേണ്ടി മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ദിവ്യകാരുണ്യാഘോഷം നടക്കുന്നതിന്‍റെ ആവേശം ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ അലയടിക്കുകയാണെന്ന് ലാറ്റിനമേരിക്കയ്ക്കുവേണ്ടിയുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍. ദിവ്യകാരുണ്യാഘോഷത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ അന്നാടുകളിലെ വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണെന്നും ഡിസംബര്‍ അഞ്ചാം തിയതി കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അറിയിച്ചു. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ ഇരുന്നൂറാം സ്വാതന്ത്ര്യദിനാഘോഷവേളയില്‍ ലാറ്റിനമേരിക്കയുടെ സ്വര്‍ഗ്ഗീയ മധ്യസ്ഥയായ ഗ്വദലൂപ്പെ (Our Lady of Guadalupe) കന്യകാനാഥയുടെ തിരുനാളിനോടനുബന്ധിച്ചാണ് മാര്‍പാപ്പയുടെ മുഖ്യകാര്‍മ്മീകത്വത്തില്‍ ദിവ്യബലിയര്‍പ്പിക്കപ്പെടുന്നത്. ദിവ്യബലി ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ വിവിധ ദൃശ്യശ്രാവ്യ മാധ്യമങ്ങളിലൂടെ തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുമെന്നും വാര്‍ത്താക്കുറിപ്പ് വെളിപ്പെടുത്തി.

വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ തര്‍ച്ചീസ്യോ ബെര്‍ത്തോണെ, മെത്രാന്‍മാര്‍ക്കുവേണ്ടിയുള്ള വത്തിക്കാന്‍ സംഘത്തിന്‍റെയും ലാറ്റിനമേരിക്കയ്ക്കുവേണ്ടുള്ള പൊന്തിഫിക്കല്‍ കമ്മീഷന്‍റെയും തലവന്‍ കര്‍ദ്ദിനാള്‍ മാര്‍ക്ക് വ്വെലെ, മെക്സിക്കോ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ നോബെര്‍ത്തോ റിവേര കറേര, ബ്രസീലിലെ അപ്പാര്‍സെദെ അതിരൂപതാധ്യക്ഷന്‍ കര്‍ദ്ദിനാള്‍ റെയ്മണ്ട് ദമാഷേനോ, എന്നിവര്‍ ദിവ്യബലിയില്‍ സഹകാര്‍മ്മികരായിക്കും. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള സഭാധ്യക്ഷന്‍മാരും രാഷ്ട്രപ്രതിനിധികളും നയതന്ത്രജ്ഞരും ദിവ്യബലിയില്‍ സംബന്ധിക്കും. കൂടാതെ റോമിലും ഇറ്റലിയുടെ ഇതരഭാഗങ്ങളിലുമുള്ള ലാറ്റിനമേരിക്കന്‍ സ്വദേശികളായ വൈദീകരും വൈദീകവിദ്യാര്‍ത്ഥികളും സന്ന്യസ്തരും അല്‍മായരും ദിവ്യബലിയില്‍ സംബന്ധിക്കാനെത്തുമെന്നും വാര്‍ത്താക്കുറിപ്പ് അറിയിച്ചു.








All the contents on this site are copyrighted ©.